'ബാങ്കുകള്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കണം'

Update: 2019-02-26 16:30 GMT

നൂതന ആശയങ്ങളുമായി കടന്നുവരുന്ന പുതുസംരംഭകരെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എംഡിയും സിഇയുമായ രാജ് കിരണ്‍ റായ് ജി.

ധനം ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് സമിറ്റ് & അവാര്‍ഡ് നൈറ്റ് 2019ന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''റിസ്‌ക് എല്ലാ രംഗത്തും എല്ലാ നിമിഷവുമുള്ളതാണ്. കയറ്റിറക്കങ്ങളും അനുദിനമുണ്ട്. ബാങ്കുകള്‍ അവയെ കൃത്യമായി മാനേജ് ചെയ്യുകയാണ് പോംവഴി,'' അദ്ദേഹം ചൂണ്ടിക്കാട്ടി. 

പുതിയ കാലത്തില്‍ മാറ്റമില്ലാത്ത ഒന്ന് ഡിസ്‌റപ്ഷന്‍ മാത്രമാണെന്നും അത് ഒട്ടനവധി അവസരങ്ങള്‍ സമ്മാനിക്കുമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സിന്‍ഡിക്കേറ്റ് ബാങ്ക് എംഡിയും സിഇഒയുമായ മ്യുത്യുഞ്ജയ് മഹാപാത്ര അഭിപ്രായപ്പെട്ടു. കീഴ്‌മേല്‍ മറിക്കുന്ന മാറ്റങ്ങള്‍ക്കായി സ്വയം സജ്ജരായിരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ സാങ്കേതികവിദ്യകളും മാറ്റങ്ങളും ഉള്‍ച്ചേര്‍ക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അത് എത്രമാത്രം ഉപകാരപ്രദമായിരിക്കുമെന്ന് വിലയിരുത്തണം. 'റിട്ടേണ്‍ ഓഫ് ഇന്നൊവേഷന്‍' ആണ് പുതിയ കാലത്തില്‍ കണക്കിലെടുക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ രംഗത്തെ പുതിയ പ്രവണതകള്‍, വെല്ലുവിളികള്‍, വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍, സമീപകാലത്തെ നയംമാറ്റങ്ങള്‍ വിവിധ മേഖലകളില്‍ ചെലുത്തുന്ന സ്വാധീനം, ഡിജിറ്റല്‍ ഡിസ്റപ്ഷനുകളും അവ സൃഷ്ടിക്കുന്ന അവസരങ്ങളും തുടങ്ങി വിവിധ വിഷയങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്തു. 

ധനം ഫിനാന്‍സ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ 2018, സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, ബാങ്ക് ഓഫ് ദി ഇയര്‍, നോണ്‍ ബാങ്കിംഗ് കമ്പനി ഓഫ് ദി ഇയര്‍ എന്നിങ്ങനെ 11 അവാര്‍ഡുകള്‍ സമാപനച്ചടങ്ങില്‍ സമ്മാനിച്ചു.

തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ധനം ഇത്തരമൊരു മെഗാ ഇവന്റ് കേരളത്തില്‍ സംഘടിപ്പിച്ചത്. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് രാജ്യത്തെമ്പാടും നിന്നുള്ള 20 ലേറെ വിദഗ്ധര്‍ സംഗമത്തില്‍ പ്രഭാഷകരായി എത്തി്.

ബാങ്കിംഗ് മേധാവികളുടെ സംഗമം

ഉദ്ഘാടന ചടങ്ങില്‍ സമിറ്റ് പ്രോഗ്രാം കമ്മിറ്റി അധ്യക്ഷനും അവാര്‍ഡ് ജൂറി ചെയര്‍മാനും ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ കെ പി പദ്മകുമാര്‍ കോണ്‍ഫറന്‍സ് വിഷയാവതരണം നിര്‍വഹിച്ചു.

യൂണിമണി ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ അമിത് സക്സേന, പത്മശ്രീ ജേതാവായ മാധ്യമപ്രവര്‍ത്തകയും മണിലൈഫിന്റെ മാനേജിംഗ് ഡയറക്റ്ററുമായ സുചേത ദലാല്‍, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ വി പി നന്ദകുമാര്‍, ലോയ്ഡ്സ് ഇന്ത്യ കണ്‍ട്രി മാനേജറും സിഇഒയുമായ ശങ്കര്‍ ഗാരിഗിപാര്‍ത്ഥി, കാനറ റൊബേക്കോ അസറ്റ് മാനേജ്മെന്റ് ഹെഡ് (ഇന്‍വെസ്റ്റ്മെന്റ്, ഇക്വിറ്റി) നിമേഷ് ചന്ദ്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. 

രണ്ട് പാനല്‍ ചര്‍ച്ചകള്‍ക്കും സമിറ്റ് വേദിയായി. ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് - പുതിയ പ്രവണതകളും വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ച് നടന്ന പാനല്‍ ചര്‍ച്ച കാത്തലിക് സിറിയന്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ ടി എസ് അനന്തരാമന്‍ നയിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്സിക്യുട്ടീവ് ഡയറക്റ്റര്‍ ഏബ്രഹാം തര്യന്‍, ജിയോജിത് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ എ ബാലകൃഷ്ണന്‍, വര്‍മ ആന്‍ഡ് വര്‍മയിലെ സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മധു അലക്സ്ഷ്യസ് എന്നിവര്‍ പാനല്‍ അംഗങ്ങളായിരുന്നു.

Tapping opportunities in Capital market എന്നതിനെ അടിസ്ഥാനമാക്കിയുള്ള പാനല്‍ ചര്‍ച്ച ഡിബിഎഫ്എസ് സാരഥി പ്രിന്‍സ് ജോര്‍ജ് നയിച്ചു. അക്യുമെന്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് വൈസ് ചെയര്‍മാന്‍ അക്ഷയ് അഗര്‍വാള്‍, ഹെഡ്ജ് ഇക്വിറ്റീസ് മാനേജിംഗ് ഡയറക്റ്റര്‍ അലക്സ് ബാബു, മോട്ടിലാല്‍ ഒസ്വാളിന്റെ ഉത്തര രാമകൃഷ്ണന്‍, അഫല്‍വന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ഷൈനി സെബാസ്റ്റ്യന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

അവാര്‍ഡ് നിശയില്‍ യെസ് ബാങ്ക് ഇന്‍ഡിപെന്‍ഡന്റ് ഡയറക്റ്ററും എല്‍ഐസി, ഐആര്‍ഡിഎ എന്നിവയുടെ മുന്‍ മേധാവിയുമായ ടി എസ് വിജയന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡി ആന്‍ഡ് സിഇഒ വി ജി മാത്യു എന്നിവര്‍ പ്രഭാഷണം നടത്തി. ഇക്വിറ്റി ഇന്റലിജന്‍സ് മേധാവിയും രാജ്യത്തെ പ്രമുഖ പോര്‍ട്ട്ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്തും കെ പി പദ്മകുമാറും തമ്മില്‍ ഫയര്‍സൈഡ് ചാറ്റുമുണ്ടായി.

ധനം പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്റ്ററുമായ കുര്യന്‍ ഏബ്രഹാം ചടങ്ങിന് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വിജയ് കുര്യന്‍ ഏബ്രഹാം നന്ദി പ്രകാശിപ്പിച്ചു.

Similar News