വായ്പാ മോറട്ടോറിയം ആറു മാസമാക്കാന്‍ ബാങ്കുകളുടെ നീക്കം

Update: 2020-04-16 05:36 GMT

കോവിഡ് ബാധയെത്തുടര്‍ന്ന് ലോക്ഡൗണ്‍ വന്നതോടെ വായ്പകള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം ആറു മാസമാക്കണമെന്ന അഭിപ്രായവുമായി ബാങ്കുകള്‍. റിസര്‍വ് ബാങ്കിനോട് ഈ ആവശ്യം ഉന്നയിക്കാന്‍ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ നീക്കമാരംഭിച്ചു.

ലോക്ഡൗണ്‍ നീട്ടിയതിനാല്‍, സമ്പദ്വ്യവസ്ഥയുടെ തളര്‍ച്ച തുടരുമെന്നുറപ്പായതിനാല്‍ മോറട്ടോറിയം ജൂണ്‍-ഓഗസ്റ്റ് കാലയളവിലേക്കും നീട്ടണമെന്നാണ് ബാങ്കുകളുടെ ആവശ്യം. മാര്‍ച്ച് 27നാണ് റിസര്‍വ് ബാങ്ക്, മൂന്നു മാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. മോറട്ടോറിയം തിരഞ്ഞെടുക്കുന്നവര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ വായ്പാത്തവണ അടയ്ക്കുന്നത് നീട്ടി നല്‍കും. ഇതിന് പിഴ ചുമത്തില്ല. ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കില്ല. വായ്പ തിരിച്ചടയ്ക്കാന്‍ മൂന്നു മാസത്തെ അധിക കാലാവധി പിന്നീട് കിട്ടും. അതേസമയം, മോറട്ടോറിയം സ്വീകരിച്ച് തവണ മാറ്റുന്നവരില്‍ നിന്ന് മൂന്നു മാസത്തെയും പലിശ ബാങ്കുകള്‍ പിന്നീട് ഈടാക്കും.

മോറട്ടോറിയം ആറു മാസമാക്കണമെന്ന അഭിപ്രായം ബാങ്കുകളുടെ ഐ.ബി.എ ഈയാഴ്ച ചര്‍ച്ച ചെയ്യുമെന്നും തുടര്‍ന്ന് റിസര്‍വ് ബാങ്കിനെ സമീപിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം എസ്.ബി.ഐ ചെയര്‍മാന്‍ രജ്നീഷ്‌കുമാര്‍ വ്യവസായ മണ്ഡലം പ്രതിനിധികളുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ മോറട്ടോറിയം നീട്ടാത്തപക്ഷം, വായ്പാ തിരിച്ചടവ് മുടങ്ങി നിഷ്‌ക്രിയാസ്തി ക്രമാതീതമായി ഉയരുമെന്ന ആശങ്കയാണ് ബാങ്കുകള്‍ക്കുള്ളത്. അതേസമയം, താല്‍ക്കാലികാശ്വാസമേകുന്ന മോറട്ടോറിയം ഗുണഭോക്താക്കള്‍ക്ക് പിന്നീട് അധിക ബാധ്യതയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News