സിഎസ്ബി ബാങ്കിന് 12.72 കോടി രൂപ അറ്റാദായം

Update: 2020-06-16 08:27 GMT

തൃശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 12.72 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 197.42 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ നേട്ടം. ബാങ്കിന്റെ നികുതിക്കുമുള്ള ലാഭം 134 കോടി രൂപയാണ്. പുതിയ നികുതി നിരക്കിലേക്ക് മാറിയ സാഹചര്യത്തില്‍ ഒറ്റത്തവണയായി 87 കോടി രൂപ നല്‍കേണ്ടി വന്നതാണ് അറ്റാദായം കുറയാന്‍ കാരണമായത്. എന്നാല്‍ നാലാം പാദം അവസാനിച്ചത് 59.68 കോടി രൂപയുടെ നഷ്ടത്തിലാണ്.

ഇക്കാലയളവില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 13 കോടി രൂപയില്‍ നിന്ന് 281 കോടി രൂപയിലേക്ക് ഉയര്‍ന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തെ 440 കോടി രൂപയില്‍ നിന്ന് 35 ശതമാനം വര്‍ധനയോടെ 592കോടി രൂപയിലെത്തി. നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ 2.5 ശതമാനത്തില്‍ നിന്ന് 3.2 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഡിപ്പോസിറ്റ് ചെലവ് 5.9 ശതമാനമായി തുടര്‍ന്നപ്പോള്‍ വായ്പയില്‍ നിന്നുള്ള വരുമാനം 9.9 ശതമാത്തില്‍ നിന്ന് 10.6 ശതമാനത്തിലേക്ക് ഉയര്‍ന്നു. പലിശയിതര വരുമാനം മുന്‍ വര്‍ഷമിതേ കാലയളവിലെ 136 കോടി രൂപയില്‍ നിന്ന് 65 ശതമാനം വര്‍ധനയോടെ 222 കോടി രൂപയിലെത്തി. പ്രവര്‍ത്തനച്ചെലവ് 563 കോടി രൂപയില്‍ നിന്നും 533 കോടി രൂപയായി കുറഞ്ഞു.

ബാങ്കിന്റെ വാര്‍ഷിക ലാഭം 225 കോടി രൂപയായി ഉയരുമായിരുന്നെങ്കിലും കോവിഡ് 19 പ്രതിസന്ധി അടക്കമുള്ള കാര്യങ്ങള്‍ക്കായി നീക്കിയിരുപ്പ് വയ്‌ക്കേണ്ടി വന്നതാണ് കാരണമെന്ന് ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ സി.വി.ആര്‍ രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
മൊത്തം 411 ശാഖകകളുള്ള ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം 103 പുതിയ ശാഖകള്‍ തുറക്കാനുള്ള പദ്ധതിയിലാണ്. ആദ്യ വര്‍ഷം തന്നെ ഈ ശാഖകളില്‍ 75 ശതമാനവും ബ്രേക്ക് ഈവനിലെത്തുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
സ്വര്‍ണ വായ്പാ വിഭാഗത്തിലേക്കാണ് ബാങ്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുദ്ദേശിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഈ വിഭാഗത്തില്‍ നിന്നുള്ള വിഹിതം നിലവിലെ 31 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യം.

സിഎസ്ബി ബാങ്കിന്റെ ഓഹരി തിങ്കളാഴ്ച എന്‍എസ് ഇയില്‍ 140.20 രൂപയിലാണ് ക്ലോസ് ചെയതത്. ബുക്ക് വാല്യുവിനേക്കാള്‍(104.48) മുകൡ വ്യാപാരം നടത്തുന്ന കേരളം ആസ്ഥാനമായുള്ള ഏക ബാങ്കാണ് സിഎസ്ബി ബാങ്ക്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News