ജിയോജിത് ആദ്യ പാദത്തിലെ വരുമാനം 81 കോടി രൂപ

Update: 2018-08-04 05:15 GMT

നിക്ഷേപ സേവന മേഖലയിലെ പ്രമുഖ കമ്പനിയായ ജിയോജിത് ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ 81 കോടി രൂപ മൊത്ത വരുമാനം നേടി.

മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ 84 കോടി രൂപയായിരുന്നു മൊത്ത വരുമാനം. വരുമാനത്തില്‍ 4 ശതമാനം ഇടിവുണ്ടായി. നികുതി കഴിച്ചുള്ള ലാഭം 12 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 16 കോടി രൂപയായിരുന്നു.

2018 ജൂണ്‍ 30ലെ കണക്കു പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 37,600 കോടി രൂപയാണ്.

നിലവില്‍ ജിയോജിത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ സതീഷ് മേനോനെയും, ജിയോജിത് ടെക്‌നോളജീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ എ. ബാലകൃഷ്ണനെയും, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാക്കാന്‍ കൊച്ചിയില്‍ വച്ചു നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.

ജിയോജിത് ടെക്‌നോളജീസിന്റെ മാനേജിങ് ഡയറക്ടറായ എ.ബാലകൃഷ്ണന്‍ ദുബായ് ആസ്ഥാനമായ ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസിന്റെ ഡയറക്ടര്‍ കൂടിയാണ്.

ഇരുപത് വര്‍ഷം മുന്‍പ് ജിയോജിത്തില്‍ ചേര്‍ന്ന സതീഷ് മേനോന്‍ ജിയോജിത്തിന്റെ നിക്ഷേപ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഇപ്പോള്‍ നേതൃത്വം നല്‍കി വരുന്നു.

Similar News