ഇന്ത്യയിലെ 'സ്വര്‍ണഖനി'യുടെ പൂട്ട് തുറക്കാം

Update: 2019-03-23 07:00 GMT

ഇന്ത്യയിലെ സ്വര്‍ണശേഖരത്തെപ്പറ്റി നടത്തിയ പഠനത്തിൽ വെളിപ്പെട്ടത് അതിശയിപ്പിക്കുന്ന വസ്തുതകളാണെന്ന് മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി നന്ദകുമാര്‍.

"ഇന്ത്യ ഒരു സ്വര്‍ണ ഉല്‍പ്പാദക രാജ്യമല്ല. പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍, മണപ്പുറം ഒരു പ്രത്യേക ആവശ്യത്തിനായി ഇക്ര മാനേജ്‌മെന്റ് സര്‍വീസ്, ഐമാക്‌സിനെ ഉപയോഗിച്ച് രാജ്യത്തെ സ്വര്‍ണശേഖരത്തെ കുറിച്ചൊരു പഠനം നടത്തി. ആ പഠനത്തിലെ കണ്ടെത്തല്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു," ധനം ബാങ്കിംഗ് സമ്മിറ്റിൽ സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.

"രാജ്യത്ത് 18,000 - 20,000 ടണ്‍ സ്വര്‍ണമുണ്ടെന്നായിരുന്നു കണക്ക്. ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും പിന്നെ ഇന്ത്യന്‍ വീടുകളിലുമായിരുന്നു ഈ സ്വര്‍ണം ഇരിക്കുന്നത്. അര്‍ബന്‍ ഭവനങ്ങളെ അപേക്ഷിച്ച് സെമി അര്‍ബന്‍, റൂറല്‍ വീടുകളിലാണ് കൂടുതലായും സ്വര്‍ണമുള്ളത്. ഗ്രാമീണ മേഖലയിലുള്ളവരുടെ കൈവശം കുറച്ച് പണം വന്നാല്‍ അവരത് സ്വര്‍ണാഭരണമാക്കി മാറ്റി സൂക്ഷിച്ചുവെയ്ക്കും," നന്ദകുമാർ പറഞ്ഞു.

വി.പി നന്ദകുമാര്‍, എംഡി & സിഇഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്

പ്രതിവര്‍ഷം ശരാശരി 800-1000 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ ഇന്ത്യയില്‍ 35,000 ടണ്‍ സ്വര്‍ണമുണ്ടാകാനാണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതില്‍ മൂന്നില്‍ രണ്ടു ഭാഗം ഇന്ത്യന്‍ കുടുംബങ്ങളുടെ കൈകളിലാണ്. രാജ്യാന്തര വിപണിയില്‍ ഇപ്പോഴത്തെ സ്വര്‍ണവില കണക്കിലെടുക്കുമ്പോള്‍ ഇതിന്റെ മൂല്യം ഏകദേശം 1.25 ട്രില്യണ്‍ യുഎസ് ഡോളര്‍ വരും.

ഇന്ത്യന്‍ ഇക്കോണമിയുടെ വലുപ്പം 2.5 ട്രില്യണ്‍ യുഎസ് ഡോളറാണെന്നിരിക്കെ ഏതാണ്ട് അതിന്റെ പകുതിയോളം വരും ഇന്ത്യന്‍ കുടുംബങ്ങളുടെ കൈയിലുള്ള സ്വര്‍ണത്തിന്റെ മൂല്യം!
നിഷ്‌ക്രിയമായിരിക്കുന്ന ഈ സ്വര്‍ണം സമ്പദ് വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് വന്നാല്‍ അത് ജിഡിപിയിലുണ്ടാക്കുന്ന വളര്‍ച്ച എത്രമാത്രമായിരിക്കും.

ഈ സ്വര്‍ണം ഈടാക്കി കുറഞ്ഞ ചെലവില്‍ വായ്പ ലഭ്യമാക്കാനുള്ള സംവിധാനം വ്യാപകമാക്കിയാല്‍ ഒരു പരിധി വരെ ഈ സ്വര്‍ണഖനിയുടെ പൂട്ട് തുറക്കാന്‍ സാധിക്കും. ഈ രംഗത്തെ അപാരമായ സാധ്യതകളും അതാണ്.

ലാസ്റ്റ് മൈല്‍ ക്രെഡിറ്റ് ഡെലിവറി

ഇന്ത്യയില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ലാസ്റ്റ് മൈല്‍ ക്രെഡിറ്റ് ഡെലിവറിയില്‍ നിസ്തുലമായ സേവനമാണ് കാഴ്ച വെയ്ക്കുന്നത്.

ബാങ്കുകള്‍ക്ക് എല്ലാ ധനകാര്യ സേവനങ്ങളും സമൂഹത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെങ്കിലും, ഏറ്റവും അത്യാവശ്യക്കാരിലേക്ക് അവ എത്തുമ്പോഴുള്ള കോസ്റ്റ് പലപ്പോഴും ഉയര്‍ന്നതാകും. അതിന് കാരണങ്ങള്‍ പലതുണ്ട്. എന്നാല്‍ എന്‍ ബി എഫ് സികള്‍ ഇക്കാര്യത്തില്‍ തികച്ചും വേറിട്ട സേവനമാണ് നല്‍കുന്നത്.

മുന്‍ഗണനാവിഭാഗത്തിലേക്ക് താരതമ്യേന കുറഞ്ഞ ചെലവില്‍ ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കണമെങ്കില്‍ ബാങ്കുകള്‍ തന്നെ അവ നേരിട്ട് ലഭ്യമാക്കണമെന്നില്ല. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ട ഫണ്ടുകള്‍ ലഭ്യമാക്കിക്കൊണ്ട് ബാങ്കുകള്‍ക്ക് അത് സാധ്യമാക്കാവുന്നതേയുള്ളൂ.

എന്‍ബിഎഫ്‌സികള്‍ പ്രമുഖ ക്രെഡിറ്റ് ഏജന്‍സികളിലൂടെയാണ് റേറ്റിംഗ് സ്വന്തമാക്കുന്നത്. ഉയര്‍ന്ന റേറ്റിംഗുള്ള എന്‍ബിഎഫ്‌സികള്‍ക്ക് ബാങ്കുകള്‍ പിന്തുണ നല്‍കുമ്പോള്‍ അവയുടെ ആസ്തിയുടെ ഗുണമേന്മ കൂടി സംരക്ഷിക്കപ്പെടുന്നുണ്ട്. വായ്പാ ഉല്‍പ്പന്നങ്ങളുടെ പ്രൈസിംഗും പ്രധാനമാണ്. ഇക്കാര്യത്തിലെല്ലാം മികവുറ്റ സേവനം നല്‍കാന്‍ എന്‍ബിഎഫ്‌സികള്‍ക്ക് സാധിക്കും.

Similar News