സ്വര്‍ണ വില ഉയരങ്ങളിലേക്ക്; ഗോള്‍ഡ് ലോണ്‍ എടുക്കുന്നവര്‍ക്ക് കുറഞ്ഞ പലിശയും ഉയര്‍ന്ന വായ്പാ തുകയും

Update: 2020-06-15 15:18 GMT

സ്വര്‍ണ വില കുതിച്ചുയരുകയാണെങ്കിലും അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്കായി സ്വര്‍ണപ്പണയ വായ്പയ്ക്ക് സമീപിക്കുന്നവര്‍ക്ക് ഇത് ഏറ്റവും അനുയോജ്യമായ സമയമാണെന്നാണ് നിരക്കുകള്‍ വ്യക്തമാക്കുന്നത്. സ്വര്‍ണ വില കുത്തനെ ഉയര്‍ന്നതോടെ സ്വര്‍ണ പണയ വായ്പകളുടെ പലിശ നിരക്ക് കുത്തനെ കുറച്ചിരിക്കുകയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും. റിസര്‍വ് ബാങ്ക് കഴിഞ്ഞ മാസം 20 വര്‍ഷത്തിനിടെ റിപ്പോ നിരക്ക് (ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന നിരക്ക്) ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറച്ചു. ഇതിനെത്തുടര്‍ന്ന് ബാങ്കുകള്‍ സ്വര്‍ണ്ണ വായ്പയുടെ പലിശ നിരക്ക് 40 ബേസിസ് പോയ്ന്റ് വരെ കുറച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം മാര്‍ച്ച് അവസാനത്തോടെ ഏകദേശം 11.3 ശതമാനമാണ് സ്വര്‍ണ പണയ വായ്പയുടെ മൂല്യം വര്‍ദ്ധിച്ചിരിക്കുന്നത്. മാര്‍ച്ച് 24 ന് ഒരു ഗ്രാമിന് 2875 രൂപയായിരുന്നു മിക്ക ബാങ്കുകളിലും ലഭിച്ചിരുന്നത്. എന്നാല്‍ ജൂണ്‍ 10 ന് ഇത് ഗ്രാമിന് 3197 രൂപയായതായി അസോസിയേഷന്‍ ഓഫ് ഗോള്‍ഡ് ലോണ്‍ കമ്പനീസ് (എജിഎല്‍സി) ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലളിതമായി പറഞ്ഞാല്‍, 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ഒരു പവന് മാര്‍ച്ച് അവസാനത്തില്‍ 23000 രൂപയായിരുന്നു വായ്പയായി ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 25500 രൂപയില്‍ കൂടുതല്‍ വായ്പ നല്‍കുന്നുണ്ട്.

സ്വര്‍ണത്തിന്റെ നിലവിലുള്ള മൂല്യത്തിന്റെ 75 ശതമാനം വരെ ബാങ്കുകളും എന്‍ബിഎഫ്സിയും വായ്പ വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്കും വായ്പയ്ക്ക് അര്‍ഹമായ തുക കണക്കാക്കുന്നതിനുള്ള രീതിയും ഓരോ ബാങ്കുകള്‍ക്കും വ്യത്യസ്തമായിരിക്കും. സ്വകാര്യമേഖലയിലെ ബാങ്കുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണ്ണ വായ്പയ്ക്ക് ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നുണ്ട്. എന്‍ബിഎഫ്സികള്‍ സാധാരണയായി ബാങ്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ്ണ വായ്പ വാഗ്ദാനം ചെയ്യുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News