ഡ്യൂപ്ലിക്കേറ്റ് എടിഎം കാര്‍ഡുണ്ടാക്കി പണം തട്ടുന്ന സ്‌കിമ്മിംഗ് എന്താണ്? രക്ഷനേടാന്‍ നിങ്ങളെന്തു ചെയ്യണം

Update: 2019-10-01 06:18 GMT

ഉപഭോക്താവിന്റെ എ.ടി.എം കാര്‍ഡിന്റെ വിവരങ്ങള്‍ ചോര്‍ത്തി, ഡ്യുപ്ലിക്കേറ്റ് കാര്‍ഡ് ഉണ്ടാക്കി പണം തട്ടുന്ന രീതിയാണ് സ്‌കിമ്മിംഗ്. ഉത്തരേന്ത്യയ്ക്കു പുറമെ കേരളത്തിലും ഇത്തരത്തിലുള്ള എ.ടി.എം 'സ്‌കിമ്മിംഗ്' തട്ടിപ്പ് വ്യാപകമായിരുന്നു. നാം കാര്‍ഡ് സൈ്വപ് ചെയ്യുമ്പോള്‍ എ.ടി.എം മെഷിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന മാഗ്നെറ്റിക് കാര്‍ഡ് റീഡറാണ് കാര്‍ഡിലെ മാഗ്നെറ്റിക് സ്ട്രിപ്പിലെ വിവരങ്ങള്‍ ഉപയോഗിച്ച് എ.ടി.എം കാര്‍ഡിനെ തിരിച്ചറിയുന്നത്. ഉപഭോക്താവ് പിന്‍ നമ്പര്‍ നല്‍കി കഴിഞ്ഞ് കാര്‍ഡും ഉടമയും വ്യാജമല്ലെന്ന് ഉറപ്പു വരുമ്പോഴാണ് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് എ.ടി.എം മെഷിനില്‍ നമ്മള്‍ കാര്‍ഡ് ഇടുന്ന സ്ലോട്ടില്‍ സമാനമായ മാഗ്നെറ്റിക് കാര്‍ഡ് റീഡര്‍ ഘടിപ്പിച്ചു കാര്‍ഡിന്റെ വിവരങ്ങള്‍ ചോര്‍ത്തുകയാണ് സ്‌കിമ്മിംഗ് ടെക്നിക്. അങ്ങനെ ഘടിപ്പിക്കുന്ന യന്ത്രത്തെ സ്‌കിമ്മര്‍ എന്ന് പറയും.

എ.ടി.എം മെഷിനില്‍ സ്‌കിമ്മറും കൗണ്ടറില്‍ ക്യാമറയും സ്ഥാപിച്ച്, തട്ടിപ്പുകാര്‍ സ്‌കിമ്മറിലൂടെ കാര്‍ഡിന്റെ വിവരങ്ങളും ക്യാമറയിലൂടെ രഹസ്യ പിന്‍നമ്പരും ചോര്‍ത്തിയെടുക്കും. തുടര്‍ന്ന് ഒരു ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ഉണ്ടാക്കി, സുരക്ഷ സംവിധാനങ്ങള്‍ കുറഞ്ഞ എ.ടി.എം കൗണ്ടറില്‍ കയറി പണം പിന്‍വലിക്കും. ബാങ്കുകളുടെ ആദ്യകാല എ.ടി.എമ്മുകള്‍ കേന്ദ്രികരിച്ചാണ് സ്‌കിമിംഗ് തട്ടിപ്പ് മുന്നേറുന്നത്.

ബാങ്കുകളുടെ പുതിയ എ.ടി.എം മെഷിനുകളില്‍ സ്‌കിമ്മിംഗിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുണ്ട്. കാര്‍ഡ് പേയ്മെന്റ് നടത്തുമ്പോഴും കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്നവരുണ്ട്.

സ്‌കിമ്മിംഗില്‍ നിന്നും രക്ഷ നേടാന്‍

  • എ.ടി.എം ഇടപാട് നടത്തും മുന്‍പ് കൗണ്ടറില്‍ ഒളിപ്പിച്ച നിലയിലുള്ള ക്യാമറകള്‍, അപരിചിതമായ ഉപകരണങ്ങള്‍ എന്നിവയുണ്ടോ എന്ന് ശ്രദ്ധിക്കുക. ഉണ്ടെന്നു കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലും ബാങ്കിന്റെ ശാഖയിലും വിവരമറിയിക്കുക.
  • വിശ്വാസയോഗ്യമായ സ്ഥലങ്ങളില്‍ മാത്രം കാര്‍ഡ് പേയ്മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • കാര്‍ഡ് പേയ്മെന്റ് നടത്തുമ്പോള്‍ നിങ്ങളുടെ സാന്നിധ്യത്തില്‍ മാത്രം കാര്‍ഡ് സൈ്വപ് ചെയ്യാന്‍ ആവശ്യപ്പെടുക.
  • ഹോട്ടലുകളിലും പെട്രോള്‍ പമ്പുകളിലും മറ്റും, കാര്‍ഡ് ജീവനക്കാര്‍ക്കു നല്‍കി പിന്‍ നമ്പര്‍ പറഞ്ഞു കൊടുക്കുന്ന ശീലം ഒഴിവാക്കുക.
  • ബാങ്ക് എക്കൗണ്ടിനെ മൊബീല്‍ ഫോണുമായി ബന്ധിപ്പിച്ച്, മൊബീല്‍ അലെര്‍ട് സിസ്റ്റം കാര്യക്ഷമമാക്കുക.
  • പിന്‍ നമ്പര്‍ എഴുതിയ കുറിപ്പും എ.ടി.എം കാര്‍ഡും ഒന്നിച്ചു സൂക്ഷിക്കാതിരിക്കുക.

Similar News