ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി വേണം: യൂണിയനുകള്‍

Update: 2019-10-24 08:31 GMT

ബാങ്ക് ശാഖകള്‍ക്ക് എല്ലാ ശനിയാഴ്ചകളിലും അവധി നല്‍കണമെന്നുള്ള ജീവനക്കാരുടെ യൂണിയന്റെ അഭ്യര്‍ത്ഥന ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ നിരസിച്ചു.12 ശതമാനത്തിലധികം വേതന വര്‍ദ്ധന സാധിക്കില്ലെന്നും ഐബിഎ വ്യക്തമാക്കി.

'പ്രവൃത്തി ദിവസങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഏതൊരു നീക്കവും ഉപഭോക്താക്കളുമായുള്ള ബന്ധം കുറയ്ക്കും. പ്രത്യേകിച്ചും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതികള്‍ വലിയ തോതില്‍ മുന്നേറുന്ന സമയമാണിത് '- ഐബിഎയുടെ ഒരു ഉന്നതന്‍ ചൂണ്ടിക്കാട്ടി.2015 സെപ്റ്റംബര്‍ മുതല്‍ ഒന്നിടവിട്ട ശനിയാഴ്ചകളില്‍ ബാങ്ക് ശാഖകള്‍ക്ക് ഐബിഎ അവധി അനുവദിച്ചിട്ടുണ്ട്.

ഐബിഎയും യുഎഫ്ബിയുവും (യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ) തമ്മില്‍ പല തവണ നടന്ന ചര്‍ച്ചകള്‍ ശമ്പള വര്‍ദ്ധന ്, പ്രവൃത്തി ദിവസങ്ങളുടെ എണ്ണം,  പെന്‍ഷന്‍ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മൂലം വിരാമമാകാതെ തുടരുകയാണ്. 'ഉപയോക്താക്കള്‍ നേരിട്ടു ബാങ്കില്‍ വരാതെ ഡിജിറ്റല്‍ ഉള്‍പ്പെടെയുള്ള അനുബന്ധ മാര്‍ഗ്ഗങ്ങള്‍ കൂടുതലായി സ്വീകരിക്കുന്ന സാഹചര്യത്തില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി വാരമെന്ന ആവശ്യത്തില്‍ അപാകതയില്ല.'-ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് നാഗരാജന്‍ പറഞ്ഞു.

മുമ്പത്തെ ഉഭയകക്ഷി വേതന കരാര്‍ 2017 ഒക്ടോബറില്‍ അവസാനിച്ചതിന് ശേഷം നവംബര്‍ മുതലുള്ള വേതന പരിഷ്‌കരണം മുടങ്ങിക്കിടക്കുകയാണ്. 2012 ലെ  വേതന പരിഷ്‌കരണത്തില്‍ 2012 നവംബര്‍ 1 മുതല്‍ 2017 ഒക്ടോബര്‍ 31 വരെ ബാങ്ക് ജീവനക്കാര്‍ക്ക് 15 ശതമാനം വേതന വര്‍ദ്ധനവ് ലഭിച്ചിരുന്നു. 'ഐബിഎ നിര്‍ദ്ദേശിച്ച 12 ശതമാനം വേതന വര്‍ദ്ധനവ് ഞങ്ങള്‍ നിരസിച്ചു. ഫാമിലി പെന്‍ഷന്‍ ഫോര്‍മുല മെച്ചപ്പെടുത്തല്‍, പ്രത്യേക അലവന്‍സ് അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന മറ്റ് ആവശ്യങ്ങള്‍ ഐ.ബി.എ സമ്മതിച്ചാലേ ഈ തര്‍ക്കം തീരൂ' ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ.ബി.ഇ.എ) ജനറല്‍ സെക്രട്ടറി സി.എച്ച്. വെങ്കടാചലം പറഞ്ഞു.

വേതന ചര്‍ച്ചാ യോഗങ്ങളില്‍ ഐബിഎ തുടക്കത്തില്‍ 2 ശതമാനം വേതന വര്‍ദ്ധനവാണു നിര്‍ദ്ദേശിച്ചിരുന്നത്. പിന്നീട് ഇത് 6 ശതമാനമായും തുടര്‍ന്ന് 10 ശതമാനമായും ഇപ്പോള്‍ 12 ശതമാനമായും ഉയര്‍ത്താന്‍ സമ്മതിച്ചു.12 ശതമാനം വേതനം വര്‍ധിപ്പിക്കുന്നതിലൂടെ പൊതുമേഖലാ ബാങ്കുകള്‍ക്ക് (പിഎസ്ബി) മാത്രം പ്രതിവര്‍ഷം 6,300 കോടിയിലധികം രൂപ ചെലവാകും. പ്രകടനവുമായി ബന്ധപ്പെട്ട ഇന്‍സെന്റീവ് സ്‌കീം പൊതുമേഖലാ ബാങ്കുകളില്‍ നടപ്പിലാക്കാന്‍ ഐബിഎ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് യൂണിയനുകള്‍ ഉടന്‍ തന്നെ ഐ.ബി.എയ്ക്ക് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുമെന്ന് വെങ്കടാചലം പറഞ്ഞു.

Similar News