ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയയില്‍ റോബോട്ടുകള്‍ക്ക് നിര്‍ണ്ണായക സ്ഥാനം നല്‍കിത്തുടങ്ങി ഫെഡറല്‍ ബാങ്ക്. ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന ആഭ്യന്തര ബാങ്കിംഗ് മേഖലയിലെ ആദ്യത്തെ സ്ഥാപനമെന്ന ക്രെഡിറ്റ് ഇതോടെ സ്വന്തമാകുന്നു ഫെഡറല്‍ ബാങ്കിന്.
പരമ്പരാഗത സമ്പ്രദായങ്ങളെ അടിമുടി പൊളിച്ചെഴുതിയാണ് റിക്രൂട്ട്‌മെന്റ് സംവിധാനമായ ' ഫെഡ് റിക്രൂട്ട് 'സാങ്കേതികവിദ്യ ഉപയോഗിച്ച് ഫെഡറല്‍ ബാങ്ക് മുന്നേറുന്നത്. മള്‍ട്ടിസ്റ്റേജ് നിയമന പ്രക്രിയയുടെ ഒരേയൊരു മാനുഷിക ഇടപെടല്‍ അതിന്റെ അന്തിമ റൗണ്ടില്‍ എച്ച്ആര്‍ എക്സിക്യൂട്ടീവുകള്‍ കൂടിക്കാഴ്ച നടത്തി റിക്രൂട്ട് ചെയ്യുന്നതു മാത്രമായിരിക്കും. ബാക്കിയെല്ലാം കൃത്രിമബുദ്ധിയുടെ വിളയാട്ടം തന്നെ.
റോബോട്ടിക് അഭിമുഖങ്ങള്‍, സൈക്കോമെട്രിക്, ഗെയിം അധിഷ്ഠിത വിലയിരുത്തല്‍ പ്രക്രിയകള്‍ മുതലായവയിലൂടെയാണ് റിക്രൂട്ട്‌മെന്റിന് ആവശ്യമായ ഡാറ്റാ പോയിന്റുകള്‍ ശേഖരിക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് എച്ച്ആര്‍ മേധാവി അജിത് കുമാര്‍ കെ കെ പറഞ്ഞു.റോബോട്ടിക് ഇന്റര്‍വ്യൂ പ്രോസസിലൂടെയാണ്ി സ്ഥാനാര്‍ത്ഥികളുടെ വ്യക്തിത്വ സവിശേഷതകള്‍ സ്‌കാന്‍ ചെയ്യുന്നത്.
തൊഴില്‍ അപേക്ഷാ തലം മുതല്‍ അഭിമുഖവുമായി ബന്ധപ്പെട്ട പ്രോസസുകള്‍, തെരഞ്ഞെടുക്കല്‍, ഓണ്‍ബോര്‍ഡിംഗ് എന്നിവയിലേക്ക് ഒന്നിലധികം ഓണ്‍ലൈന്‍ പ്രക്രിയകള്‍ ഉപയോഗിക്കുന്നു.തെരഞ്ഞെടുപ്പ് അന്തിമമായി നടത്തിയശേഷം അക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിക്കുന്നതു പോലും ഓട്ടോമാറ്റിക്കായി തന്നെ. ഇപ്രകാരം, ഒരിടത്തും തന്നെ മനുഷ്യ ഇടപെടലുകളൊന്നുമില്ലാതെ റിക്രൂട്ട്മെന്റ് നടത്തുകയാണെന്ന് കുമാര്‍ പറയുന്നു.
വെര്‍ച്വല്‍ മുഖാമുഖ അഭിമുഖങ്ങള്‍ക്കായി സംയോജിത വീഡിയോകള്‍ ഉപയോഗിക്കുന്നു. ലൈവ് വീഡിയോകളിലൂടെ തത്സമയ ഇടപെടലും. എഐ പ്രാപ്തമാക്കിയ ചാറ്റ്ബോട്ട് സ്‌ക്രീനുകളില്‍ നിന്ന് ആരംഭിക്കുന്ന ഈ പ്രക്രിയ തത്സമയം അപ്ഡേറ്റുചെയ്യുകയും അന്തിമ നിയമനത്തിന് മുമ്പായി അപേക്ഷകനെ വിവിധ ഘട്ടങ്ങളിലൂടെ കൊണ്ടുപോകുകയും ചെയ്യുന്നു.
തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിയുടെ മാതാപിതാക്കളെ വിവരങ്ങള്‍ എസ്എംഎസ് ഉപയോഗിച്ച് അറിയിക്കുന്നതുവരെ ചാറ്റ്ബോട്ടിനു ജോലിത്തിരക്കു തന്നെ. ഒക്ടോബര്‍ മുതല്‍ ബാങ്ക് ഇതിനകം 350 പ്രൊബേഷണറി ഓഫീസര്‍മാരെ കാമ്പസുകളില്‍ നിന്ന് കണ്ടെത്തി എഐ സാങ്കേതിക പിന്തുണയോടെ നിയമിച്ചു. 350 പേരെ കൂടി ഡിസംബര്‍ അവസാനിക്കുന്നതിനു മുമ്പായി നിയമിക്കുമെന്ന് എച്ച് ആര്‍ വൈസ് പ്രസിഡന്റ് രാജ് ഗോപാല്‍ പറഞ്ഞു.
എച്ച്ഡിഎഫ്സി ബാങ്കിനെപ്പോലുള്ള ചില ബാങ്കുകള്‍ ഇപ്പോള്‍ തന്നെ ധാരാളം സാങ്കേതികവിദ്യകള്‍ റിക്രൂട്ട്‌മെന്റിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അവയെല്ലാം, പ്രാഥമിക സ്‌ക്രീനിംഗ് തലത്തില്‍ മാത്രമാണ്. ഇത്തരത്തില്‍ എഐ സാങ്കേതികവിദ്യയിലേക്ക് പൂര്‍ണ്ണമായും മാറുന്ന ആദ്യത്തെ ബാങ്കാണ് ഫെഡറല്‍ ബാങ്ക്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline