കിഫ്ബി മസാല ബോണ്ട് :5 വര്‍ഷം കഴിഞ്ഞ് തിരികെ നല്‍കേണ്ടത് 149 %

Update: 2019-11-01 06:12 GMT

കിഫ്ബിക്ക് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മസാല ബോണ്ട് വഴി സമാഹരിച്ച തുകയുടെ 150 ശതമാനത്തോളം തുക അഞ്ചു വര്‍ഷം കഴിയുമ്പോള്‍ മുതലും പലിശയും ചേര്‍ത്ത് തിരിച്ചു നല്‍കേണ്ടിവരും. 2,150 കോടി രൂപയാണ് സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് മന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയെ അറിയിച്ചു.

മാര്‍ച്ച് 29-നാണ് പണം കിഫ്ബിയുടെ അക്കൗണ്ടിലെത്തിയത്. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ തിരിച്ചു നല്‍കേണ്ട തുക 3,195 കോടി രൂപ വരും.മുതലും പലിശയും ചേര്‍ത്ത് 48.60 ശതമാനം അധിക തുക. ബോണ്ടുവഴി സമാഹരിച്ച തുക യൂണിയന്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ആക്സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോട്ടക് മഹീന്ദ്ര, വിജയ ബാങ്ക്, എസ്.ബി.ഐ. എന്നിവിടങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ട്. കുറവ് തുക എസ്.ബി.ഐയിലും കൂടുതല്‍ തുക എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ., യൂണിന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലുമാണ്. മസാല ബോണ്ട് വഴി സമാഹരിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച വിവരങ്ങള്‍ എല്ലാ മാസവും റിസര്‍വ് ബാങ്കിന് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനത്തിനായി ധനസമാഹരണം നടത്തുന്നതിന് സര്‍ക്കാര്‍ രൂപം കൊടുത്ത ധനകാര്യസ്ഥാപനമാണ് കിഫ്ബി. സംസ്ഥാന റവന്യൂ ബജറ്റിന് പുറത്തുനിന്ന് ധനസമാഹരണം നടത്തുകയാണ് കിഫ്ബിയുടെ ലക്ഷ്യം. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്റ്റ് പ്രകാരമാണ് കിഫ്ബിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയാണ് കിഫ്ബി ചെയര്‍മാന്‍. ധനമന്ത്രി വൈസ് ചെയര്‍മാനും.

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ടുകള്‍ ഇറക്കി പണം സമാഹരിക്കുന്നതിനാണ് മസാല ബോണ്ടുകള്‍ക്കു രൂപം നല്‍കിയത്. ഇന്ത്യന്‍ രൂപയില്‍ തന്നെ വിഭവസമാഹരണം നടത്തുന്നതിനാല്‍ വിദേശ വിനിമയ നിരക്കുകള്‍ ഫണ്ടിനെ ബാധിക്കില്ല. രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടവും കിഫ്ബി മസാല ബോണ്ടിനെ ബാധിക്കില്ല. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മസാല ബോണ്ടുകള്‍ വഴി കടമെടുക്കുന്നത്. കേരളത്തിന്റെ കിഫ്ബി മസാല ബോണ്ടുകള്‍ ലണ്ടന്‍, സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയിലൂടെ 61.32 കോടിരൂപ സമാഹരിച്ചതായും മന്ത്രി  നിയമസഭയെ അറിയിച്ചു. ഇതിന് പരസ്യയിനത്തില്‍ 16.28 കോടിരൂപ ചെലവിട്ടു. ചിട്ടിയിലൂടെ ലഭിച്ച തുക കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഒരുവര്‍ഷം പതിനായിരം കോടി രൂപ ചിട്ടി വഴി സമാഹരിക്കാനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതുവരെ 11,278 പേര്‍ ചിട്ടിയില്‍ ചേര്‍ന്നു. യു.എന്‍. ഉപരോധമുള്ള രാജ്യങ്ങളിലൊഴികെ പ്രവാസിച്ചിട്ടി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News