യെസ് ബാങ്കിന് വൻ തിരിച്ചടി; മൂഡീസ് റേറ്റിംഗ് താഴ്ത്തി

Update: 2018-11-27 11:13 GMT

പ്രതിസന്ധികളിൽ നിന്ന് കരകയറാനുള്ള യെസ് ബാങ്കിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി റേറ്റിംഗ് ഡൗൺഗ്രേഡ്. അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസ് ആണ് ബാങ്കിന്റെ റേറ്റിംഗ് താഴ്ത്തിയത്.

ബാങ്കിന്റെ വിദേശ നാണയ ഇഷ്യൂവർ റേറ്റിംഗ് ബിഎഎ3 യിൽ നിന്ന് ബിഎ1 ലേക്കാണ് താഴ്ത്തിയത്. ബാങ്കിന്റെ വരുംകാല റേറ്റിംഗ് സ്വഭാവത്തെ സൂചിപ്പിക്കുന്ന ഔട്ട്ലുക്ക് 'നെഗറ്റീവ്; ആയി മാറ്റിയിട്ടുമുണ്ട്.

മൂഡീസിന്റെ ഈ നീക്കത്തിന് പിന്നിൽ എന്തെല്ലാം ഘടകങ്ങളുണ്ട്? യെസ് ബാങ്കിന്റെ ഇപ്പോഴത്തെ നിലയെന്താണ്? 10 കാര്യങ്ങൾ

  1. സിഇഒ റാണാ കപൂറിന്റെ കാലാവധി നീട്ടിനൽകേണ്ട എന്ന ആർബിഐ തീരുമാനത്തിന് പിന്നാലെയാണ് ഈ റേറ്റിംഗ് ഡൗൺഗ്രേഡ്.
  2. സാമ്പത്തിക വർഷം 2016 ലും 2017 ലും, ബാങ്കിന്റെ 10,000 കോടി രൂപയോളം കിട്ടാക്കടം കുറച്ചു കാണിച്ചെന്നാണ് കപൂറിനെതിരെയുള്ള ആരോപണം.
  3. ഈയിടെ ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് നിരവധി അംഗങ്ങൾ രാജി വെച്ചിരുന്നു. ഇതും മൂഡീസ് കണക്കിലെടുത്തിട്ടുണ്ട്.
  4. ബോർഡ് ചെയർമാൻ അശോക് ചൗള, ഡയറക്ടർ ആർ. ചന്ദ്രശേഖർ, സർച്ച് കമ്മിറ്റി അംഗം ഒ.പി. ഭട്ട് എന്നിവരാണ് ഈയിടെ രാജി വെച്ചത്.
  5. കൂടുതൽ മൂലധനം സ്വരൂപിക്കാൻ മാനേജ്‌മന്റ് തലത്തിലുള്ള ഈ മാറ്റങ്ങൾ പ്രതിബന്ധം സൃഷ്ടിക്കുമെന്നാണ് മൂഡീസ് ചൂണ്ടിക്കാണിക്കുന്നത്.
  6. റിലയൻസ് മ്യൂച്വൽ ഫണ്ട്, ഫ്രാങ്ക്‌ലിൻ ടെംപിൾടൺ എന്നിവയിൽനിന്ന് സ്വരൂപിച്ച ഫണ്ട് തിരികെ നൽകുന്നതിന്റെ ഭാഗമായി 200 കോടി രൂപ വീതം രണ്ട് മ്യൂച്വൽ ഫണ്ടുകൾക്കും കപൂറിന്റെ കുടുംബം തിരികെ നൽകി എന്ന് വാർത്തകൾ ഉണ്ടായിരുന്നു.
  7. കപൂറിനും കുടുംബത്തിനും യെസ് ബാങ്കിൽ 9.8 ശതമാനം ഓഹരികളാണ് ഉള്ളത്.
  8. സാമ്പത്തിക പ്രതിസന്ധിയിലായ ഐഎൽ & എഫ്എസ്, ഡിഎച്ച്എഫ്എൽ, മറ്റ് ചില എൻബിഎഫ്സികൾ എന്നിവയിൽ യെസ് ബാങ്കിന് എത്രമാത്രം എക്സ്പോഷർ ഉണ്ടെന്ന് ആർബിഐ പരിശോധിച്ചു വരികയാണ്.
  9. രണ്ടാം പാദത്തിലെ സാമ്പത്തിക ഫലം അനുസരിച്ച് ഐഎൽ & എഫ്എസിനോട് 2,600 കോടി രൂപയുടെ എക്സ്പോഷർ ആണ് യെസ് ബാങ്കിനുള്ളത്. മൊത്തം വായ്പയുടെ 3.2 ശതമാനം ഹൗസിംഗ് ഫിനാൻസ് കമ്പനികൾക്കും 2.6 ശതമാനം എൻബിഎഫ്സികൾക്കുമാണ് നൽകിയിരിക്കുന്നത്.
  10. ഡൗൺഗ്രേഡിന് ശേഷം ബാങ്കിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു.

Similar News