മൂന്ന് ബാങ്കുകള്‍ കൂടി സ്വകാര്യവത്കരിക്കാന്‍ നിതി അയോഗ് ശുപാര്‍ശ

Update: 2020-08-01 07:46 GMT

രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ കൂടി സ്വകാര്യവത്കരിക്കാന്‍ നിതി അയോഗ് ശുപാര്‍ശ നല്‍കി. പഞ്ചാബ് സിന്ധ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ സ്വകാര്യവത്കരണത്തിനാണ് നിര്‍ദ്ദേശം.ഈ ബാങ്കുകളുടെ ഓഹരി വില്‍പ്പനയിലൂടെ വന്‍ തുക സമാഹരിക്കാനാകുമെന്നാണ് നിരീക്ഷണം. 

എല്ലാ റീജണല്‍ റൂറല്‍ ബാങ്കുകളും തമ്മില്‍ ലയിപ്പിക്കണമെന്നും നിലവിലെ ബാങ്കിങ് വിപണിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉയര്‍ത്തണമെന്നും നിതി അയോഗ് നിര്‍ദ്ദേശിച്ചു.രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം അഞ്ചാക്കി ചുരുക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇന്ത്യ പോസ്റ്റിനെ റീജണല്‍ റൂറല്‍ ബാങ്കുമായി ലയിപ്പിച്ച് കുത്തനെ ഉയരുന്ന നഷ്ടം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു.

ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് സിന്ധ് ബാങ്ക്് എന്നിവയുടെ ഭൂരിഭാഗം ഓഹരികളും വിറ്റഴിക്കുമെന്ന് ഈയിടെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.നിലവില്‍ 9.35 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് ഇന്ത്യന്‍ ബാങ്കുകള്‍ക്കുള്ളത്. മൊത്തം ആസ്തിയുടെ 9.1 ശതമാനം വരും ഇത്. ഇതുമൂലം പൊതുമേഖലാ ബാങ്കുകള്‍ക്ക് 20 ബില്യണ്‍ ഡോളറിനടുത്ത് (ഏതാണ്ട് 1.49 ലക്ഷം കോടി ഇന്ത്യന്‍ രൂപ) സര്‍ക്കാര്‍ നല്‍കേണ്ടി വരുമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.സ്വകാര്യവത്കരണത്തിലൂടെ ഈ ബാധ്യത കുറയ്്ക്കുകയെന്ന ലക്ഷ്യവുമുണ്ട്.

നിലവില്‍ കിട്ടാക്കടം പെരുകിയത് മൂലം രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ബാങ്കുകളുടെ അവസ്ഥ കോവിഡ് 19 ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മൂലം കൂടുതല്‍ മോശമായേക്കുമെന്ന സൂചനകള്‍ക്കിടെയാണ് സ്വകാര്യവത്കരണ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വിപണി സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ ഈ സാമ്പത്തികവര്‍ഷം സ്വകാര്യവത്കരണം ഉണ്ടായേക്കില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചന.

രൂക്ഷമായ സാമ്പത്തികപ്രതിസന്ധി രാജ്യം നേരിടുന്ന സാഹചര്യത്തില്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ വ്യാപകമായി സ്വകാര്യവത്കരിക്കുന്നതിലൂടെ പണം കണ്ടെത്തുക എന്ന നയത്തിന്റെ ഭാഗമായാണ് ബാങ്കുകളും സ്വകാര്യവത്കരിക്കുന്നത്.റിസര്‍വ് ബാങ്കും സര്‍ക്കാര്‍ നിയമിച്ച പല കമ്മിറ്റികളും നല്‍കിയ ശുപാര്‍ശ, അഞ്ചില്‍ കൂടുതല്‍ പൊതുമേഖലാ ബാങ്കുകള്‍ രാജ്യത്ത് ആവശ്യമില്ല എന്നാണ്. നേരത്തെ ബാങ്കുകളുടെ ലയനത്തിലൂടെയും എണ്ണം കുറച്ചിരുന്നു.കഴിഞ്ഞ വര്‍ഷം 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാല് ബാങ്കുകളാക്കി ചുരുക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News