ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് എടിഎം 'പിന്‍' വിലക്കി; ഒടിപി നിര്‍ബന്ധിതം

Update: 2020-03-20 06:28 GMT

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിന് പേമെന്റ് കമ്പനികള്‍ എ.ടി.എം./ക്രെഡിറ്റ് കാര്‍ഡ് 'പിന്‍' ചോദിക്കുന്നത് റിസര്‍വ് ബാങ്ക് വിലക്കി. ഡിജിറ്റല്‍ പേയ്മെന്റുകള്‍ സുരക്ഷിതമാക്കുന്നതിന് പേയ്മെന്റ് അഗ്രഗേറ്റര്‍മാര്‍ക്കും പേയ്മെന്റ് ഗേറ്റ്വേകള്‍ക്കുമായി നല്‍കിയ പുതിയ നിബന്ധനകളില്‍ ആര്‍ബിഐ ഇക്കാര്യം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

പേമെന്റ് ഗേറ്റ്വേകള്‍ വഴിയുള്ള, രണ്ടായിരം രൂപയ്ക്കു മുകളിലുള്ള എല്ലാ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ഒറ്റത്തവണ പാസ്വേഡ്(ഒ.ടി.പി.) നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. ഡിജിറ്റല്‍ ഇടപാടുകളിലെ തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കളുടെ സാമ്പത്തിക ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് നിര്‍ദേശങ്ങള്‍.വ്യാപാരികള്‍ക്ക് പ്രവേശിക്കാവുന്ന ഡാറ്റാ ബേസിലോ സെര്‍വറിലോ മര്‍ച്ചന്റ് വെബ്സൈറ്റുകളിലോ ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

റേസര്‍പേ, സിസി അവന്യൂ മുതലായ പേയ്മെന്റ് അഗ്രഗേറ്റര്‍മാര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ സാധൂകരിക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും ഉപയോക്താക്കള്‍ക്ക് എടിഎം പിന്‍ ഉപയോഗിക്കുന്നതിനുള്ള ഓപ്ഷന്‍ നല്‍കുന്നത് നിര്‍ത്തേണ്ടിവരുമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നു. 2000 രൂപയില്‍ കൂടുതല്‍ പേയ്മെന്റുകള്‍ക്കായി സ്ഥിരീകരണത്തിന് ഒടിപി മാത്രമേ ഉപയോഗിക്കാനാകൂ.പേമെന്റ് ഗേറ്റ്വേ കമ്പനികള്‍ക്കും ഹാക്കര്‍മാര്‍ക്കും വ്യക്തിയുടെ എടിഎം പിന്‍ ഓണ്‍ലൈനില്‍ ലഭ്യമാകാനുള്ള സാധ്യത തടയുകയാണിതിന്റെ ലക്ഷ്യം.

ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം 2,000 രൂപയില്‍ താഴെയുള്ള പേയ്മെന്റുകള്‍ക്ക് ഒടിപി വേണമോയെന്നത് ഉപഭോക്താവിന്റെ താല്‍പ്പര്യത്തിനു വിധേയമായിരിക്കും.ഡിജിറ്റല്‍ ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ഉപകരിക്കുന്നതാണ് പുതിയ നിര്‍ദ്ദേശങ്ങളെന്ന് മണിടാപ്പ് ചീഫ് ബിസിനസ് ഓഫീസറും സഹസ്ഥാപകനുമായ  കുനാല്‍ വര്‍മ്മ പറഞ്ഞു.

ഇടപാടുകള്‍ റദ്ദാക്കുമ്പോള്‍ ഇതര സ്രോതസിലേക്ക് ക്രെഡിറ്റ് നല്‍കാന്‍ ഉപഭോക്താവ് പ്രത്യേകമായി സമ്മതിച്ചിട്ടില്ലെങ്കില്‍ എല്ലാ റീഫണ്ടുകളും യഥാര്‍ത്ഥ പേയ്മെന്റിന്റെ ഉറവിടത്തിലേക്ക് തിരികെ ക്രെഡിറ്റ് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും റിസര്‍വ് ബാങ്ക് അഗ്രിഗേറ്റര്‍മാരോട് ആവശ്യപ്പെട്ടു. നിലവില്‍, പല ഇ-കൊമേഴ്സ് കമ്പനികളും ക്രെഡിറ്റ് ഉപഭോക്താക്കളുടെ ഇ-വാലറ്റുകളിലേക്കാണ് റീഫണ്ട് ചെയ്യുന്നത്. പണമടച്ചയാള്‍ക്ക് തന്റെ ബാങ്ക് അക്കൗണ്ടിലേക്കല്ല പണം തിരികെ ലഭിക്കുന്നത്.ഇതുമൂലം ഇടപാടുകാര്‍ക്ക് ഈ പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News