ഗൂഗിൾ പേ ഉപയോക്താക്കളുടെ ഡേറ്റ മറ്റ് കമ്പനികളുമായി പങ്ക് വെക്കുന്നു; പരാതിയുമായി പേടിഎം 

Update: 2018-09-21 05:33 GMT

രാജ്യത്തെ ഡിജിറ്റൽ പണമിടപാട് ബിസിനസിൽ മത്സരം കടുക്കുന്നതിനിടെ ഗൂഗിളിന്റെ ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ് ഫോമായ ഗൂഗിൾ പേയ്ക്ക് എതിരെ പരാതിയുമായി പേടിഎം.

ഗൂഗിൾ പേയുടെ പ്രൈവസി പോളിസി ഉപയോക്താക്കളുടെ സ്വകാര്യതയെ ലംഘിക്കുന്നവയാണെന്നും അവരുടെ നിര്‍ണ്ണായക വിവരങ്ങൾ ഒരു തേർഡ് പാർട്ടിക്ക് കൈമാറുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പേടിഎം നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് (NPCI) പരാതി സമർപ്പിക്കുകയായിരുന്നു.

പേയ്മെന്റ് ഡേറ്റ രാജ്യത്തിന് പുറത്താണ് സ്റ്റോർ ചെയ്യുന്നതെന്നും ഇത് രാജ്യ സുരക്ഷക്ക് വരെ ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു.

തങ്ങൾ ഒരു ഡേറ്റയും വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നില്ലെന്നും പണമിടപാടുകൾ പ്രോസസ്സ് ചെയ്യാൻ അംഗീകൃത സേവന ദാതാക്കളുമായി മാത്രമേ വിവരങ്ങൾ പങ്കുവെക്കാറുള്ളൂ എന്നും ഗൂഗിൾ പ്രതികരിച്ചു.

ഗൂഗിളിന്റെ പ്രൈവസി പോളിസിയിലെ വകുപ്പനുസരിച്ച് ഇടപാടുകാരന്റെ വ്യക്തി വിവരങ്ങൾ, ഇടപാടിനെ സംബന്ധിച്ച വിവരങ്ങൾ, ഇടപാടുനടത്തുന്ന സമയത്ത് ഗൂഗിൾ പേയിലൂടെ കൈമാറുന്ന സന്ദേശങ്ങൾ എന്നിവ തേർഡ് പാർട്ടിയ്ക്ക് കമ്പനി കൈമാറും.

Similar News