വായ്പാ മേളയിലൂടെ 81,781 കോടി നല്‍കി

Update: 2019-10-14 11:55 GMT

പൊതുമേഖലാ ബാങ്കുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഒന്‍പത് ദിവസത്തെ വായ്പാ മേളയിലൂടെ 81,781 കോടി രൂപ വിതരണം ചെയ്തതായി ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു.പുതിയ സംരംഭകര്‍ക്ക് 34,342 കോടി രൂപ നല്‍കി.

സമ്പദ്വ്യവസ്ഥയിലെ തളര്‍ച്ച മറികടക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സര്‍ക്കാര്‍ ബാങ്കുകളുടെ തലവന്മാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം  മാധ്യമ സമ്മേളനത്തിലാണ് സെക്രട്ടറി ഇക്കാര്യമറിയിച്ചത്. വായ്പാ വിതരണ കാര്യത്തില്‍ ബാങ്കുകള്‍ വിവേകപൂര്‍ണമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്നു ധനകാര്യ സെക്രട്ടറി പറഞ്ഞു.

സാമ്പത്തിക മാന്ദ്യം നേരിടുന്ന സമ്പദ്വ്യവസ്ഥയില്‍ ധന ലഭ്യത യാഥാര്‍ത്ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 400 ജില്ലകളില്‍ വായ്പാ മേള സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഒക്ടോബര്‍ 21 മുതല്‍ 25 വരെ ദീപാവലിക്ക് മുമ്പായി മറ്റൊരു മേള കൂടി നടക്കും. മേളകളില്‍ വായ്പാ ഡിമാന്‍ഡ് ശക്തമായിരുന്നു. എല്ലാ പൊതുമേഖലാ ബാങ്കുകളും തങ്ങളുടെ നിയന്ത്രണ മൂലധന നിലവാരം പുലര്‍ത്തുന്നുണ്ടെന്നും സെക്രട്ടറി പറഞ്ഞു.

Similar News