പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കര്‍ശന വായ്പാ പരിധി ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക്

Update: 2019-12-31 07:21 GMT

അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള വായ്പാ നിയന്ത്രണം റിസര്‍വ് ബാങ്ക് കൂടുതല്‍ കര്‍ശനമാക്കുന്നു. ഒരു സ്ഥാപനത്തിനോ ഒരു സംഘം ആളുകള്‍ക്ക് ഒന്നായോ നല്‍കാവുന്ന വായ്പാ തുകയുടെ പരിധിയില്‍ ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണം മാര്‍ച്ച് 31 ന് പ്രാബല്യത്തിലാകുമെന്നാണ് സൂചന.

ബാങ്കുകളുടെ മൂലധനത്തിന്റെ 15 ശതമാനം സ്ഥാപനത്തിനും 40 ശതമാനം ഒരു സംഘം ആളുകള്‍ക്കും നല്‍കാമെന്ന നിലവിലെ നിബന്ധനയാണ് മാറ്റുന്നത്. ഇനിയഥാക്രമം 10 ശതമാനവും 25 ശതമാനവും ആയി മാറും.റിസര്‍വ് ബാങ്കിന്റെ പുതിയ നിബന്ധന പ്രാഥമിക സഹകരണ ബാങ്കുകള്‍ പുതുതായി അനുവദിക്കാന്‍ പോകുന്ന എല്ലാ വായ്പകള്‍ക്കും ബാധകമായിരിക്കും.

ഹൗസിങ് ഡവലപ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് വായ്പയായി നല്‍കിയ 6226.01 കോടി കിട്ടാതെ വന്നതാണ് പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോപ്പറേറ്റീവ്  ബാങ്കിന്റെ തകര്‍ച്ചയിലേക്ക് വഴിവെച്ചത്.  റിസര്‍വ് ബാങ്ക് നടത്തിയ പരിശോധനയില്‍ വന്‍ തട്ടിപ്പ് വെളിപ്പെട്ടിരുന്നു. 6226 കോടി എച്ച് ഡി ഐ എല്ലിന് നല്‍കിയിരുന്നെങ്കിലും റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ച രേഖകളില്‍ 439 കോടി മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ.

പി.എം.സി. ബാങ്ക് വായ്പയുടെ 75 ശതമാനവും എച്ച്.ഡി.ഐ.എല്ലിനാണ് നല്‍കിയത്. തിരിച്ചടവുമുടങ്ങി വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായെങ്കിലും 21,049 വ്യാജ അക്കൗണ്ടുകളുണ്ടാക്കി 2008 മുതല്‍ ഇക്കാര്യം ബാങ്ക് ഓഡിറ്റര്‍മാരുടെയും ആര്‍.ബി.ഐ.യുടെയും മുന്നില്‍നിന്ന് മറച്ചുവെക്കുകയായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News