എസ്ബിഐ കാര്‍ഡ്സ് ഐപിഒ: ഓഹരി വില 750-755 രൂപ

Update: 2020-02-25 10:35 GMT

​എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മന്റ് സര്‍വീസസിന്റെ ഐപിഒ ഓഹരി വില 750-755 രൂപ നിലവാരത്തിലായിരിക്കും. ഐപിഒ മാര്‍ച്ച് രണ്ടിന് ആരംഭിച്ച് മാര്‍ച്ച് അഞ്ചിന് അവസാനിക്കുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

ഐപിഒ വഴി ഏകദേശം 9,000 കോടി രൂപ സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെയുള്ള അഞ്ചാമത്തെ വലിയ ഐപിഒ ആകുമിത്. ഐപിഒയില്‍ 500 കോടി രൂപയുടെ പുതിയ ഇഷ്യു ഉള്‍പ്പെടുന്നു. നിലവിലെ ഓഹരി ഉടമകളായ എസ്ബിഐ 3.73 കോടി ഓഹരികളും കാര്‍ളൈല്‍ ഗ്രൂപ്പ് 9.32 കോടി ഓഹരികളും വില്‍ക്കും.

നിലവില്‍ എസ്ബിഐയ്ക്ക് 76 ശതമാനം ഓഹരി വിഹിതമാണുള്ളത്. ബാക്കിയുള്ളത് കാര്‍ളൈല്‍ ഗ്രൂപ്പിന്റെ കൈവശവുമാണുള്ളത്. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ഇരുവരും യഥാക്രമം 4%, 10% എന്നിവ കുറയ്ക്കും.ചുരുങ്ങിയത് 19 ഓഹരികള്‍ക്കെങ്കിലും അപേക്ഷിക്കണം. മാര്‍ച്ച് 16ന് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1998 ഒക്ടോബറിലാണ് എസ്ബിഐയും ജിഇ ക്യാപിറ്റലും ചേര്‍ന്ന് എസ്ബിഐ കാര്‍ഡ്സ് പുറത്തിറക്കിയത്. 2017 ഡിസംബറില്‍ എസ്ബിഐയും കാര്‍ളൈല്‍ ഗ്രൂപ്പും ജിഇ ക്യാപിറ്റലില്‍ നിന്ന് ഓഹരികള്‍ സ്വന്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായഎസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് യൂണിറ്റായ എസ്ബിഐ കാര്‍ഡ്‌സ് 18 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരാണ്.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ആക്‌സിസ് ക്യാപിറ്റല്‍, ഡിഎസ്പി മെറില്‍ ലിഞ്ച്, നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി, എച്ച്എസ്ബിസി സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവയാണ് പ്രധാന മാനേജര്‍മാര്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News