എടിഎം വഴി പിൻവലിക്കാവുന്ന തുകയുടെ പരിധി എസ്ബിഐ പകുതിയായി വെട്ടിക്കുറച്ചു

Update: 2018-10-01 05:49 GMT

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ തങ്ങളുടെ എടിഎമ്മുകൾ വഴി ഒരു ദിവസം പിൻവലിക്കാവുന്ന തുകയുടെ പരിധി പകുതിയായി വെട്ടിക്കുറച്ചു.

ഇതോടെ ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക 40,000 രൂപയിൽ നിന്നും 20,000 രൂപയായി ചുരുങ്ങി. പുതിയ പരിധി ഒക്‌ടോബർ 31 മുതൽ പ്രാബല്യത്തിൽ വരും.

എസ്ബിഐയുടെ ക്ലാസിക്, മെയ്സ്ട്രോ ഡെബിറ്റ് കാർഡുകൾക്കാണ് പുതിയ ചട്ടം ബാധകമാവുക. എസ്ബിഐ കാർഡുകളുടെ ഒരു വലിയ ഭാഗം ക്ലാസിക് കാർഡുകളാണ്.

എടിഎമ്മുകളെ ചുറ്റിപ്പറ്റിയുള്ള പണത്തട്ടിപ്പ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതാണ് ഈ നീക്കത്തിന് പിന്നിലെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ സ്കിമ്മറുകൾ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രാജ്യത്ത് ഉത്സവ സീസൺ തുടങ്ങുന്നതിന് തൊട്ട് മുൻപെയാണ് ഈ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്നുള്ളതും ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.

Similar News