ഹ്രസ്വകാല വായ്പാ പലിശ നിരക്ക് കുറച്ച് എസ്.ബി.ഐ

Update: 2020-07-08 08:00 GMT

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഹ്രസ്വ കാല വായ്പകളുടെ പലിശ നിരക്ക് കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനമാക്കിയുള്ള മൂന്നു മാസം വരെയുള്ള പലിശ 5-10 ബേസിസ് പോയിന്റ് ആണ് കുറച്ചത്. ഇതോടെ മൂന്നു മാസ കാലയളവിലുള്ള പലിശ 6.75 ശതമാനത്തില്‍നിന്ന് 6.65 ശതമാനമായി കുറയും.

കോവിഡ് വ്യാപനം രൂക്ഷമായ രാജ്യത്ത് വായ്പ ആവശ്യകത വര്‍ധിപ്പിക്കുന്നതിനാണ് എസ്.ബി.ഐ പലിശ കുറച്ചത്.തുടര്‍ച്ചയായി 14 ാം തവണയാണ് ഇതോടെ എസ്.ബി.ഐയുടെ നിരക്കു താഴ്ത്തല്‍. പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് എല്ലാ കാലയളവിലേക്കുമുള്ള പലിശയില്‍ 20 ബേസിസ് പോയിന്റിന്റെ കുറവ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനത്തില്‍ ഇതോടെ മൂന്നു മാസ കാലയളവിലുള്ള വായ്പ പലിശ 7.20 ശതമാനമായി. ആറു മാസക്കാലത്തക്ക്  7.30 ശതമാനവും ഒരു വര്‍ഷത്തേക്ക് 7.45ശതമാനവുമാണ് പുതുക്കിയ നിരക്ക്.

മാര്‍ച്ചിനുശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 1.15 ശതമാനം(115 ബേസിസ് പോയന്റ്) കുറവുവരുത്തിയിരുന്നു. ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് പലിശ കുറയ്ക്കല്‍. കാനറ ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയും 10 മുതല്‍ 20 ബേസിസ് പോയിന്റു വരെ വായ്പ പലിശയില്‍ കഴിഞ്ഞ ദിവസം കുറവു വരുത്തിയിരുന്നു. മറ്റു ബാങ്കുകളും വായ്പാ പലിശനിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളതായാണ് സൂചന.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News