പുതിയ ഫോണ്‍ നമ്പര്‍ നല്‍കാത്തവര്‍ പണം പിന്‍വലിക്കാന്‍ പാടുപെടും; നിര്‍ദേശം കര്‍ശനമാക്കി എസ്ബിഐ

Update: 2020-01-06 07:07 GMT

എടിഎം വഴിയുള്ള പണം പിന്‍വലിക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2020 ജനുവരി 1 മുതല്‍ ഒടിപി അധിഷ്ഠിത എടിഎം പിന്‍വലിക്കലുകള്‍ അവതരിപ്പിച്ചു. ഇത് ബാങ്ക് മുന്നറിയിപ്പായി നല്‍കിയിട്ടും 20 ശതമാനം ഇടപാടുകാരും ഇപ്പോഴും ഫോണ്‍ നമ്പറുകള്‍ നല്‍കാത്തവരോ പുതിയ ഫോണ്‍ നമ്പറുകള്‍ ചേര്‍ക്കാത്തവരോ ആണെന്നാണ് ബാങ്ക് വൃത്തങ്ങള്‍ പറയുന്നത്.

ചെറുകിട ബിസിനസുകാരും മറ്റുമാണ് ഇവരില്‍ കൂടുതല്‍. 10,000 രൂപയ്ക്ക് മുകളിലുള്ള പിന്‍വലിക്കലിന് മാത്രമാണ് ഒടിപി ബാധകമെങ്കിലും പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് ഇത് പ്രശ്‌നമാകുന്നുണ്ട്. എല്ലാ എസ്ബിഐ എടിഎമ്മുകളിലും രാത്രി 8 മുതല്‍ രാവിലെ 8 വരെ മാത്രമേ ഒടിപി അധിഷ്ഠിത സേവനം പ്രവര്‍ത്തിക്കുകയുമുള്ളൂ. ബാങ്കിന്റെ സുരക്ഷിത നടപടിയാണ് ഇത്. നിലവില്‍ എസ്ബിഐയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ എത്തി പുതിയ ഫോണ്‍ നമ്പറുകള്‍ (ഇപ്പോള്‍ കൈവശമുള്ള) നല്‍കാമെന്നതാണ് ബാങ്ക് അറിയിക്കുന്നത്.

ഉപഭോക്താക്കള്‍ ഡെബിറ്റ് കാര്‍ഡ് പിന്നിന് ഒപ്പം ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുകളില്‍ ജനറേറ്റു ചെയ്യുന്ന ഒടിപിയും നല്‍കേണ്ടതാണ്. പുതിയ സംവിധാനം എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉടമകളെ സ്‌കിമ്മിംഗ്, കാര്‍ഡ് ക്ലോണിംഗ് തുടങ്ങിയ തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കും. നിലവില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 58,500 ലധികം എടിഎമ്മുകളാണ് എസ്ബിഐയ്ക്കുള്ളത്. എസ്ബിഐ ഇതര എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഒടിപി നല്‍കേണ്ടതില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News