കിട്ടാക്കടത്തില്‍ നേരിയ കുറവ്, ലയന നീക്കവും സജീവം

Update: 2018-08-30 06:42 GMT

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ 64106 കോടി രൂപയുടെ കുറവുണ്ടായതായി ആര്‍.ബി.ഐ വെളിപ്പെടുത്തുന്നു. രാജ്യത്ത് 21 പൊതുമേഖലാ ബാങ്കുകളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം 895601 കോടി രൂപയായിരുന്നു. കിട്ടാക്കടം സംബന്ധിച്ചുള്ള ആര്‍.ബി.ഐയുടെ കണക്ക് പ്രകാരം 2016ല്‍ 40903 കോടിയുടെയും 2017ല്‍ 53250 കോടിയുടെയും കുറവുണ്ടായിട്ടുണ്ട്. ഇതെല്ലാം തന്നെ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടുള്ളവരില്‍ നിന്നും റിക്കവറി മുഖേന നേടിയ തുകയാണ്.

അതേസമയം ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ലയിപ്പിക്കാവുന്ന പൊതുമേഖലാ ബാങ്കുകളെ കണ്ടെത്താനും അതിനൊരു സമയപരിധി നിശ്ഛയിക്കാനും ധനമന്ത്രാലയം ഇപ്പോള്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പൊതുമേഖല ബാങ്കുകളുടെ എണ്ണം കുറച്ച് അവയുടെ സാമ്പത്തിക കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ പ്രതിസന്ധി നേരിടുന്ന 11 പൊതുമേഖലാ ബാങ്കുകള്‍ ആര്‍.ബി.ഐയുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വന്‍കിട വായ്പകള്‍ അനുവദിക്കുന്നതിന് കടുത്ത നിയന്ത്രണവും ഇവക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലയനത്തിലൂടെ നിലവിലുള്ള വിപണി വിഹിതം നഷ്ടപ്പെടാതെ സൂക്ഷിക്കാനാകുമെന്നാണ് ബാങ്കിംഗ് രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. പൊതുമേഖലാ ബാങ്കുകളില്‍ നിന്നും നിക്ഷേപം സ്വകാര്യ മേഖലാ ബാങ്കുകളിലേക്ക് ഒഴുകിപ്പോകുന്ന പ്രവണതയും ഇപ്പോള്‍ ശക്തമാണ്. വര്‍ദ്ധിക്കുന്ന കിട്ടാക്കടം കാരണം മൂലധനം നഷ്ടപ്പെടുക മാത്രമല്ല വായ്പകള്‍ നല്‍കാനാകാത്ത സ്ഥിതിവിശേഷവുമാണ് പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

Similar News