സ്വര്‍ണപ്പണയത്തിന്മേല്‍ 4 % പലിശയിളവോടെ കാര്‍ഷികവായ്പ തുടരും

Update: 2019-09-21 07:07 GMT

സ്വര്‍ണപ്പണയത്തിന്മേല്‍ 4 ശതമാനം പലിശയിളവുള്ള കാര്‍ഷികവായ്പ നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന റിസര്‍വ് ബാങ്ക് സമിതിയുടെ ശുപാര്‍ശ ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കാനിടയില്ലെന്ന് സൂചന. ഒക്ടോബര്‍ മുതല്‍ സ്വര്‍ണപ്പണയ കാര്‍ഷികവായ്പയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നേരത്തേ നീക്കമുണ്ടായിരുന്നു. അതു നടപ്പാക്കണമെങ്കില്‍ ഇതിനകം ബാങ്കുകള്‍ക്ക് അറിയിപ്പ് ലഭിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായിട്ടില്ലെന്ന് ബാങ്കിങ് വൃത്തങ്ങള്‍ പറഞ്ഞു.

സാമ്പത്തികമാന്ദ്യത്തിന് തടയിടാന്‍ വായ്പാലഭ്യത കൂട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഈ സന്ദര്‍ഭത്തില്‍ കാര്‍ഷിക വായ്പ നിയന്ത്രിക്കാനുള്ള തീരുമാനത്തിന് കേന്ദ്രവും അനുകൂലമല്ല. കാര്‍ഷികവായ്പാ വിതരണത്തില്‍ രാജ്യത്തെ വിവിധ മേഖലകള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്നു ചൂണ്ടിക്കാട്ടിയുള്ള ഉന്നത സമിതി റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.ഹ്രസ്വകാല കാര്‍ഷികവായ്പകളെല്ലാം കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ മാത്രമാക്കണമെന്നും ശുപാര്‍ശയുണ്ട്.

സബ്സിഡിയോടെ നാലുശതമാനം മാത്രം പലിശയുള്ള സ്വര്‍ണപ്പണയ വായ്പകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് റിസര്‍വ് ബാങ്ക് സമിതിയുടെ റിപ്പോര്‍ട്ട്. വായ്പനല്‍കുന്നത് കൃഷിക്കുവേണ്ട ചെലവിന്റെ അടിസ്ഥാനത്തിലല്ല, സ്വര്‍ണത്തിന്റെ അളവനുസരിച്ചാണെന്ന അപാകത സമിതി ചൂണ്ടിക്കാട്ടുന്നു. ആവശ്യമുള്ളതിലും കൂടുതല്‍ ആളുകള്‍ വായ്പയെടുക്കുന്നുണ്ട്. സുരക്ഷിതമായതിനാല്‍ ഇത്തരം വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് പ്രത്യേകം താത്പര്യമാണ്. എന്നാല്‍, പണം മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കപ്പെടാന്‍ സാധ്യതയേറെയാണ്. ഇത്തരം വായ്പകള്‍ കര്‍ഷകരുടെ കടബാധ്യത വര്‍ധിപ്പിക്കുന്നതായും സമിതി വിലയിരുത്തി.

കാര്‍ഷിക വായ്പയ്ക്കുള്ള അനുയോജ്യ മാര്‍ഗമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് രാജ്യമാകെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ 71 ശതമാനം വായ്പയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുവര്‍ഷം ആവശ്യമായ കൃഷിച്ചെലവിനെക്കാള്‍ ആറു മടങ്ങ് അധിക വായ്പ വിതരണം ചെയ്യുന്നു കേരളത്തില്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാങ്ക് ശാഖകള്‍ കൂടുതലുള്ളത് വായ്പാവിഹിതം കൂടാന്‍ ഒരു കാരണമാണെന്ന് ബാങ്കിങ് വൃത്തങ്ങള്‍ പറഞ്ഞു.

Similar News