3.74 ലക്ഷം കോടി രൂപ വിപണിയിലെത്തും: ശക്തികാന്ത ദാസ്

Update: 2020-03-27 07:01 GMT

റിപ്പോ നിരക്ക് താഴ്ത്തിയതുള്‍പ്പെടെയുള്ള ധനനയ സമിതിയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇന്ത്യന്‍ ബാങ്കുകള്‍ സുരക്ഷിതമാണെന്നും പരിഭ്രാന്തിയോടെയുള്ള  പിന്‍വലിക്കല്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ദ്രവ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളില്‍ ആണ് റിസര്‍വ് ബാങ്ക് പ്രാഥമികമായ ഊന്നല്‍ നല്‍കുന്നത്. മോണിറ്ററി ട്രാന്‍സ്മിഷന്‍ പുനഃ സ്ഥാപിക്കാനുള്ള നടപടികള്‍ എടുത്തുവരുന്നു. വായ്പാ തിരിച്ചടവ് ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. വിപണികളെ സുസ്ഥിരമാക്കാന്‍ സത്വര നടപടികളെടുക്കും.

ആഗോള സമ്പദ്വ്യവസ്ഥയുടെ വലിയൊരു ഭാഗം മാന്ദ്യത്തിലേക്ക് വഴുതിവീഴാനുള്ള സൂചനകളുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.ആഗോളതലത്തില്‍ സാമ്പത്തിക വീക്ഷണം തികഞ്ഞ അനിശ്ചിതത്വത്തിലാണ്.ഈ പ്രതിസന്ധിയില്‍  സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ സെന്‍ട്രല്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.

കൊറോണ വൈറസ് പശ്ചാത്തലത്തില്‍ സാമ്പത്തിക മാന്ദ്യം തടയാന്‍ ആഗോള സെന്‍ട്രല്‍ ബാങ്കുകളുടെ ചുവടുപിടിച്ചാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പ്രധാന റിപ്പോ നിരക്ക് വെട്ടിക്കുറച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വ് വരുത്തിയ വെട്ടിക്കുറവോടെ അമേരിക്കയില്‍ പലിശനിരക്ക് പൂജ്യത്തോട് അടുത്തിരിക്കുകയാണ്.

ഒരു രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് പണം നല്‍കുന്ന നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് 75 ബിപിഎസ് കുറയ്ക്കുന്നതിനെ അനുകൂലിച്ച് ധന നയ സമിതി അംഗങ്ങള്‍ 4-2  ആയി വോട്ട് ചെയ്തുവെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോടു പറഞ്ഞത്.മൂന്നു ദിവസങ്ങളിലായി നടന്ന എംപിസി യോഗം ഇന്നാണു സമാപിച്ചത്.

വിപണിയുടെ സാധാരണ പ്രവര്‍ത്തനം ഉറപ്പാക്കാനുള്ള തങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ് നിരക്കു താഴ്ത്തലും അനുബന്ധ നടപടികളുമെന്ന് ദാസ് പറഞ്ഞു. കൊറോണ വ്യാധിയുടെ ദൈര്‍ഘ്യം, വ്യാപനം, തീവ്രത എന്നിവയെ ആശ്രയിച്ച് സാമ്പത്തിക വളര്‍ച്ചയും പണപ്പെരുപ്പ നിരക്കും വളരെ ഉയര്‍ന്നതായിരിക്കുമെന്ന ആശങ്കയും ഗവര്‍ണര്‍ പ്രകടമാക്കി. ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്റ് ഫെസിലിറ്റി (എല്‍എഫ്) 90 ബിപിഎസ് താഴ്ത്തി 4 ശതമാനമാക്കി. ക്യാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍) 100 ബിപിഎസ് കുറച്ച് 3 ശതമാനവുമാക്കി.

ലോകവ്യാപകമായി മിക്കവാറും എല്ലാ സെന്‍ട്രല്‍ ബാങ്കുകളും കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ശക്തമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ന്യൂസിലാന്റ് (ആര്‍ബിഎ) പലിശനിരക്ക് 75 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചു. ഓസ്ട്രേലിയയുടെ സെന്‍ട്രല്‍ ബാങ്കായ റിസര്‍വ് ബാങ്ക് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലേക്ക് 3.6 ബില്യണ്‍ ഡോളര്‍ ദ്രവ്യത പകര്‍ന്നു. ദക്ഷിണ കൊറിയയിലെ സെന്‍ട്രല്‍ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News