കോടികളുടെ വായ്പയെടുത്ത് മുങ്ങിയ ഇന്ത്യക്കാരെ തേടി യു.എ.ഇ ബാങ്കുകള്‍ എത്തും

Update: 2020-02-10 06:53 GMT

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ യു.എ.ഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് നാട്ടിലേക്ക് കടന്ന ഇന്ത്യക്കാരുടെ എണ്ണം ആയിരത്തിലേറെ വരുമെന്ന് റിപ്പോര്‍ട്ട്. വായ്പയായി കമ്പനികളും വ്യക്തികളും എടുത്ത 50,000 കോടി രൂപയിലേറെയാണ് ഇത്തരത്തില്‍ യു.എ.ഇ. ബാങ്കുകള്‍ക്ക് നഷ്ടമായത്. മുങ്ങിയവരില്‍ ഏറെയും മലയാളികളാണ്.

ഈ തുക തിരിച്ചുപിടിക്കാന്‍ സംഘടിതമായി നിയമ നടപടികളാരംഭിച്ചിരിക്കുകയാണ് യു.എ.ഇ ബാങ്കുകള്‍. യു.എ.ഇ കോടതി വിധികള്‍ ഇന്ത്യയിലും നടപ്പാക്കാനുള്ള ഇന്ത്യയുടെ തീരുമാനം മുന്‍നിര്‍ത്തിയാണ് ബാങ്കുകളുടെ ഈ നീക്കം. വിവിധ സംസ്ഥാനങ്ങളിലെ പൊലിസ് സേനയുമായി സഹകരിച്ചാവും പ്രതികളെ കണ്ടെത്തുക.

പണം തിരിച്ചു പിടിക്കാന്‍ നാട്ടിലെ ചില ഏജന്‍സികളുമായി ഇടക്കാലത്ത് യു.എ.ഇ ബാങ്കുകള്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ജനുവരി പതിനേഴിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനമാണ് ബാങ്കുകളില്‍ പ്രതീക്ഷ പകര്‍ന്നത്.സാമ്പത്തിക ഇടപാടുകളില്‍ യു.എ.ഇ സിവില്‍ കോടതി വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതികള്‍ മുഖേന നടപ്പാക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു വിജ്ഞാപനം.

പുതിയ വിജ്ഞാപനത്തിന്റെ വെളിച്ചത്തില്‍ യു.എ.ഇ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഇന്ത്യയുമായി ആശയവിനിമയം ആരംഭിച്ചു.യു.എ.ഇ.യിലെ വലിയ ബാങ്കുകളായ എമിറേറ്റ്സ് എന്‍.ബി.ഡി., അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് ഉള്‍പ്പെടെ ഒമ്പതു ബാങ്കുകളാണ് നിയമനടപടികളുമായി നീങ്ങുന്നത്. ഖത്തറും ഒമാനും ആസ്ഥാനമായുള്ള ചില ബാങ്കുകള്‍കൂടി ഇവര്‍ക്കൊപ്പം ചേരുമെന്നാണു സൂചന. വന്‍തുക വായ്പയെടുത്ത് ഇന്ത്യയിലേക്കു കടന്ന വലിയ ബിസിനസ് ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ ബാങ്കുകള്‍ വൈകാതെ പരസ്യപ്പെടുത്തുമെന്നും സൂചനയുണ്ട്.

ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പകളേക്കാള്‍ സ്ഥാപനങ്ങളുടെ പേരില്‍ കോടിക്കണക്കിന് ദിര്‍ഹം വായ്പയെടുത്തു രക്ഷപ്പെട്ട ഉടമകളെയാണ് ബാങ്കുകള്‍ ലക്ഷ്യമിടുന്നത്. 2018, 2019 കാലയളവിലാണ് യു.എ.ഇ ബാങ്കുകള്‍ക്ക് വായ്പയിനത്തില്‍ വലിയ തുക നഷ്ടമായത്. ബാങ്കുകള്‍ക്ക് നഷ്ടമായ തുകയില്‍ 70 ശതമാനത്തിലധികവും വന്‍ ബിസിനസ് സ്ഥാപനങ്ങളുടെ വായ്പയാണ്. ക്രെഡിറ്റ് കാര്‍ഡ്, വാഹനവായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ ഇനങ്ങളിലായാണ് ഇരുപത് ശതമാനത്തിലേറെ.

2017-ല്‍ നിഷ്‌ക്രിയ വായ്പകള്‍ 7.5 ശതമാനമായിരുന്നെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്ഥിതി അല്പം മെച്ചപ്പെട്ടു. എങ്കിലും ഒട്ടേറെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ ഉപേക്ഷിച്ച് വന്‍തുക വായ്പയെടുത്ത് മുങ്ങിയവരേറെയുണ്ട്. ബാങ്കുകള്‍ക്ക് നഷ്ടം വരുത്തുക മാത്രമല്ല, ആയിരങ്ങളെ ഇവര്‍ തൊഴില്‍രഹിതരുമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News