ബാങ്ക് അടച്ചു പൂട്ടിയാല്‍ നിങ്ങളുടെ നിക്ഷേപത്തിന് എന്തു സംഭവിക്കും?

Update: 2019-10-09 11:40 GMT

നിങ്ങളുടെ എക്കൗണ്ടില്‍ വലിയൊരു നിക്ഷേപം നിലവിലിരിക്കെ ബാങ്ക് അടച്ചു പൂട്ടിയാല്‍ എന്തു ചെയ്യും? നിലവിലെ നിയമ പ്രകാരം രാജ്യത്ത് എക്കൗണ്ടില്‍ എത്ര രൂപയുണ്ടെങ്കിലും തിരികെ ലഭിക്കുക പരമാവധി ഒരു ലക്ഷം രൂപ വരെയാണ്! കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ലോകത്തു തന്നെ ഏറ്റവും കുറഞ്ഞ സംരക്ഷണം ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ഇന്ത്യയ്‌ക്കൊപ്പം വളര്‍ച്ചയുള്ള ബ്രിക്‌സ് രാജ്യങ്ങളില്‍ പോലും ഇന്ത്യയേക്കാള്‍ കൂടിയ സംരക്ഷണം എക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്നു. ബ്രസീലില്‍ ഓരോ എക്കൗണ്ടിനും 42 ലക്ഷം രൂപയും റഷ്യയില്‍ 12 ലക്ഷം രൂപയും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.
ഏഷ്യന്‍ രാജ്യങ്ങളില്‍ തന്നെ മിക്കതും ഇന്ത്യയേക്കാള്‍ ഉയര്‍ന്ന പരിരക്ഷ നല്‍കുന്നവയാണ്. ഫിലിപ്പൈന്‍സില്‍ 6.71 ലക്ഷം രൂപയും തായ്‌ലാന്‍ഡില്‍ 1.13 കോടി രൂപയും, ചൈനയില്‍ 50 ലക്ഷം രൂപയും എക്കൗണ്ട് ഉടമകള്‍ക്ക് പരമാവധി ലഭിക്കും.
രാജ്യത്ത് സാധാരണയായി ഷെഡ്യൂള്‍ഡ്, കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ അടച്ചു പൂട്ടലിന്റെ വക്കിലെത്തുമ്പോള്‍ സര്‍ക്കാരോ ആര്‍ബിഐയോ ഏറ്റെടുക്കാറുണ്ട്.

സഹകരണ ബാങ്കുകളാണ് സാധാരണയായി ഈ ഭീഷണി നേരിടുന്നത്. രാജ്യത്തെ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കാര്യങ്ങള്‍ വഹിക്കുന്ന ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ഗാരന്റി കോര്‍പ്പറേഷന്റെ (ഡിഐസിജിസി) കണക്കു പ്രകാരം ഇതു വരെയായി 350 ലേറെ ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ട്. 4822 കോടി രൂപയാണ് ഇതിലൂടെ നല്‍കേണ്ടി വന്നത്.

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നപ്പോഴാണ് ഇത്തരത്തിലൊരു ചര്‍ച്ച രാജ്യത്ത് ഉയര്‍ന്നു വന്നത്. നിക്ഷേപകന്റെ പണത്തിന് എന്ത് സംരക്ഷണമാണ് നല്‍കുന്നത് എന്ന് ദല്‍ഹി ഹൈക്കോടതിയും അടുത്തിടെ കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരുന്നു. 25 വര്‍ഷം മുമ്പ് നിശ്ചയിച്ച തുകയാണ് ഇപ്പോഴും പിന്തുടരുന്നത്. ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യത്തിന്റെ 66 ശതമാനവും ബാങ്കുകളാണെന്നിരിക്കെ നിക്ഷേപങ്ങള്‍ക്ക് മികച്ച സംരക്ഷണം നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നു വരുന്നുണ്ട്. ഒരു ലക്ഷം രൂപയിലേറെ നിക്ഷേപമുള്ള 16.5 കോടി എക്കൗണ്ടുകള്‍ ഇന്ത്യയിലുണ്ട്.
നഷ്ടപരിഹാര തുക 15 ലക്ഷമാക്കി ഉയര്‍ത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സൂചനയുണ്ട്.

Similar News