മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് പിന്‍വാങ്ങിയുള്ള സ്വര്‍ണ നിക്ഷേപം വര്‍ദ്ധിക്കുന്നു

Update: 2020-07-29 13:54 GMT

ഇന്ത്യയിലെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള നിക്ഷേപം വന്‍ തോതില്‍ പിന്‍വലിക്കപ്പെടുന്നതിന്റെ ഞെട്ടലില്‍ അസറ്റ് മനേജ്‌മെന്റ് കമ്പനികള്‍. കോവിഡ് സംബന്ധമായ ക്രെഡിറ്റ് പ്രതിസന്ധി നേരിടാന്‍  നിക്ഷേപകര്‍ പണം കണ്ടെത്തുന്നതാണ് ഒരു കാരണമെങ്കില്‍ സ്വര്‍ണത്തിലും വ്യക്തിഗത ഓഹരി നിക്ഷേപത്തിലുമുള്ള ഭ്രമം കൂടിയതാണ് പണം പുറത്തേക്കു പോകുന്നതിനുള്ള മുഖ്യ കാരണമെന്ന നിരീക്ഷണവുമുണ്ട്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള  നാലു വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ അറ്റപ്രവാഹത്തിന് ഈ  മാസം സാക്ഷ്യം വഹിച്ചേക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.

സ്റ്റോക്ക് പ്ലാനുകളില്‍ നിന്നുള്ള അറ്റപ്രവാഹം ജൂലൈയില്‍ 10 ബില്യണ്‍ രൂപ (134 മില്യണ്‍ ഡോളര്‍) ആയിരിക്കുമെന്ന് കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടറും അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ചെയര്‍മാനുമായ നിലേഷ് ഷാ പറഞ്ഞു. 2016 മാര്‍ച്ചിനുശേഷം ഇത്രയേറെ പണം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് പുറത്തേക്കൊഴുകിയിട്ടില്ല.ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള മൊത്തത്തിലുള്ള വരവ് മെച്ചപ്പെട്ട നിലയില്‍ തുടരുമ്പോഴും അറ്റപ്രവാഹം പുറത്തേക്കു തന്നെയാണ്. ലാഭമെടുപ്പിനായി പിന്‍വലിക്കുന്നവരുടെ എണ്ണം കുറവല്ല. ബാങ്ക് വായ്പകള്‍ കിട്ടാത്തതിനാലും എടുക്കാനുള്ള മടി മൂലവും ആവശ്യങ്ങള്‍ നിറവേറ്റാന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വിനിയോഗിക്കുന്നവരുമുണ്ട്.

ഓഹരി വിപണി മുന്നേറുന്നതിനൊപ്പം സ്വര്‍ണ വിലയും കുതിക്കുമ്പോള്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ്, സ്വര്‍ണ നിക്ഷേപം നടത്തുന്നവരാണ് കൂടുതലെന്നാണു സൂചന.അതേസമയം, ഓഹരിവിപണിയിലേക്ക് ഇതില്‍ എത്രത്തോളം തുക എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.ജൂണ്‍ പാദത്തില്‍ ഗോള്‍ഡ് ഇടിഎഫുകളില്‍ 2,040 കോടി രൂപ നിക്ഷേപമായെത്തിയതിന്റെ ഒരു ഭാഗം മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നാകാമെന്ന് വിദഗ്ധര്‍ പറയുന്നു. അതിനു മുമ്പത്തെ പാദത്തില്‍ 1,490 കോടിയായിരുന്നു ഈ വിഭാഗത്തിലെത്തിയത്.

ജൂണില്‍ അവസാനിച്ച പാദത്തില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായെത്തിയത് 1.24 ലക്ഷം കോടി രൂപയാണ്. ഈ കാലയളവില്‍ 94,200 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചതായും അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതോടെ ഫണ്ടുകളുടെ മൊത്തം ആസ്തി 25.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇത് 22.26 ലക്ഷം കോടി രൂപയായിരുന്നു.

ഈ മാസം ഓഹരി വിപണിയിലെ മുന്നേറ്റം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള ഒഴുക്ക് തുടരുമെന്ന് താന്‍ കരുതുന്നതായി ചെന്നൈ ആസ്ഥാനമായുള്ള സുന്ദരം അസറ്റ് മാനേജ്മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സുനില്‍ സുബ്രഹ്മണ്യം പറഞ്ഞു.
'ഈ അനിശ്ചിത കാലഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് പണം ആവശ്യമുണ്ട്. കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള സാധ്യതകളും അവര്‍ അഭിമുഖീകരിക്കുന്നു'-ചെന്നൈയിലെ തന്നെ പ്രൈം ഇന്‍വെസ്റ്റര്‍ ഡോട്ട് ഇന്‍ ഗവേഷണ മേധാവിയും സഹസ്ഥാപകയുമായ വിദ്യാ ബാല ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News