കേരളത്തിന്റെ സ്വന്തം ബാങ്കുകള്‍ വായ്പ ഒഴുക്കുന്നത് ഇതര സംസ്ഥാനങ്ങളിലേക്ക് ?

Update: 2020-07-07 11:47 GMT

കേരളത്തില്‍ ജന്മം കൊണ്ട് ഇവിടെ നിന്നുള്ള നിക്ഷേപത്തിലൂടെ വളര്‍ന്നു പന്തലിച്ച ബാങ്കുകള്‍ വായ്പ നല്‍കുന്ന കാര്യത്തില്‍ അധിക പരിഗണന നല്‍കിപ്പോരുന്നത് ഇതര സംസ്ഥാനങ്ങളില്‍. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ ചേര്‍ന്ന്് കേരളത്തില്‍ നിന്നു സമാഹരിക്കുന്ന നിക്ഷേപത്തിന്റെ പകുതിയില്‍ താഴെയേ ഇവിടെ വായ്പയായി വിതരണം നടത്തുന്നുള്ളൂ.

2019 ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം ഈ  ബാങ്കുകള്‍ കേരളത്തില്‍ നിന്ന് മൊത്തം 1,54,732 കോടി രൂപ നിക്ഷേപമായി സമാഹരിച്ചപ്പോള്‍ ആ തുകയിലും 48 ശതമാനത്തില്‍ താഴെ വരുന്ന 75,381 കോടി രൂപയാണ് സംസ്ഥാനത്ത് വായ്പയായി നല്‍കിയതെന്ന് 'ബിസിനസ്‌ബെഞ്ച്മാര്‍ക്ക് ഡോട് ന്യൂസ് ' ചൂണ്ടിക്കാട്ടുന്നു. ഈ നാല് ബാങ്കുകളുടെ ക്രെഡിറ്റ്-ഡെപ്പോസിറ്റ് (സിഡി) അനുപാതത്തില്‍  വ്യത്യാസമുണ്ട്. സിഎസ്ബി ബാങ്ക് ആണ് ഏറ്റവും താഴ്ന്ന നിലയില്‍- 33.91 ശതമാനം.58.72 ശതമാനമുള്ള എസ്ഐബി ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നു. ഫെഡറല്‍ ബാങ്കും ധനലക്ഷ്മിയും യഥാക്രമം 44.82, 53.17 ശതമാനവും.സ്വര്‍ണ്ണ വായ്പകള്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചുകൊണ്ട് കേരളത്തിലെ സ്ഥിതി മാറ്റിയെടുക്കാനുള്ള നീക്കം നാലു ബാങ്കുകളും ആരംഭിച്ചിരുന്നു.

പൊതുമേഖലാ ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ കേരളത്തോട് ചിറ്റമ്മനയമില്ലെന്നും കണക്കുകളിലൂടെ വ്യക്തം. കേരളം ആസ്ഥാനമായുള്ളവയല്ല അതില്‍ ഒന്നുപോലും.2019 ഡിസംബര്‍ അവസാനം വരെ  2,76,749.13 കോടി രൂപ കേരളത്തില്‍ നിന്ന് നിക്ഷേപമായി സ്വരൂപിച്ച പൊതുമേഖലാ ബാങ്കുകള്‍ അതില്‍ 70 ശതമാനം - 1,93,747.56 കോടി -  കേരളത്തില്‍ തന്നെ വായ്പയായി നല്‍കിയിട്ടുണ്ട്. കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യമേഖല ബാങ്കുകള്‍ കേരളത്തില്‍ നിന്ന് 2,24,176 കോടി രൂപയാണ് ആകെ  നിക്ഷേപം സ്വരൂപിച്ചത്. അതില്‍ 62.26 ശതമാനം അഥവാ 1,39,579 കോടി രൂപ സംസ്ഥാനത്ത് വായ്പയായി വിതരണം ചെയ്തു.

പരമ്പരാഗതമായി താരതമ്യേന കുറഞ്ഞ ക്രെഡിറ്റ്-ഡെപ്പോസിറ്റ്  അനുപാതം നിലനിര്‍ത്തുന്ന സഹകരണ ബാങ്കുകള്‍ പോലും 2019 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 70 ന് മുകളിലുള്ള സിഡി അനുപാതത്തിലാണ്. 72,315 കോടി രൂപയുടെ നിക്ഷേപ അടിത്തറയില്‍ നിന്ന് 51,517 കോടി രൂപയുടെ വായ്പ നല്‍കി.പഞ്ചാബ് നാഷണല്‍ ബാങ്ക്,സിറ്റി യൂണിയന്‍ ബാങ്ക്,എച്ച്ഡിഎഫ്സി ബാങ്ക്,ഐസിഐസിഐ ബാങ്ക്,ആക്‌സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ്് ബാങ്ക്,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ,ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക് എന്നിവയാകട്ടെ കേരളത്തില്‍ നിന്ന് സമാഹരിച്ച നിക്ഷേപത്തിന്റെ നാലിരട്ടി ഇവിടെ വായ്പ അനുവദിച്ചു.

അതേസമയം, പ്രധാനമായും കാര്‍ഷിക മേഖലയിലെ പാട്ട രജിസ്‌ട്രേഷന്‍ വ്യവസ്ഥ നിയമപ്രകാരം സര്‍ക്കാര്‍ പ്രായോഗികമാക്കുന്ന പക്ഷം കേരളത്തിലെ സ്ഥിതി മെച്ചപ്പെടുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി ചൂണ്ടിക്കാട്ടി. തരിശായി കിടക്കുന്ന വിസ്തൃത ഭൂമികള്‍  പാട്ടക്കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് കൃഷി നടത്താന്‍ നിരവധി പേര്‍  തയ്യാറാണെങ്കിലും ഉയര്‍ന്ന തുക വായ്പയായി കിട്ടില്ലെന്നത് അവരെ ഇതില്‍ നിന്നു തടയുന്നു.ഈ കര്‍ഷകരില്‍ ഭൂരിഭാഗത്തിനും രജിസ്റ്റര്‍ ചെയ്യാത്ത പാട്ട കരാര്‍ മാത്രമേ ഉള്ളൂ. അതിനാല്‍ ചെറിയ തുക മാത്രമേ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്കു കഴിയൂ.തല്‍ഫലമായി, അവര്‍ ഒന്നുകില്‍ കുറച്ച് കൃഷിചെയ്യുന്നു, അല്ലെങ്കില്‍ വലിയ തുകയ്ക്ക് മറ്റ് പണമിടപാടുകാരെ  ആശ്രയിക്കുന്നു. രജിസ്‌ട്രേഷന്‍ ചെലവ് കുറയ്ക്കുന്നതിലൂടെ, പാട്ട കാര്‍ഷിക മേഖലയുമായി ഔപചാരിക ബാങ്കിംഗ് ചാനലുകള്‍ക്ക് കൂടുതല്‍ സഹകരിക്കാന്‍ കഴിയുമെന്ന അഭിപ്രായമാണ് എസ്എല്‍ബിസിക്കുള്ളത്.

കേരള ബാങ്കുകള്‍ കേരളത്തില്‍ വായ്പ നല്‍കുന്നത് കുറയ്ക്കുന്നതല്ല, മറിച്ച് ഇതര സംസ്ഥാനങ്ങളില്‍ ബിസിനസ് കൂടുതല്‍ സജീവമാക്കുകയാണ് ചെയ്തതെന്നാണ് കേരളം ആസ്ഥാനമായുള്ള ബാങ്കുകളുടെ സാരഥികള്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നല്‍കിയിരുന്ന പ്രതികരണം.'കേരളത്തില്‍ നിന്നുള്ള ബിസിനസിന് അനുസരിച്ച് വായ്പാ വിതരണം നടത്തുന്നുണ്ട്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ വായ്പ നല്‍കാനുള്ള സാധ്യതകള്‍ കൂടുതലായതുകൊണ്ട് കൂടുതല്‍ വായ്പ വിതരണം നടക്കുന്നുണ്ട്'- മുന്‍പ് ധനത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ഫെഡറല്‍ ബാങ്ക് എംഡിയും ചീഫ് എക്‌സിക്യുട്ടീവുമായ ശ്യാം ശ്രീനിവാസന്‍ വിശദമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News