ശുദ്ധീകരണ നടപടികള്‍ സിഎസ്ബിയെ തളര്‍ത്തുമോ, വളര്‍ത്തുമോ?

Update: 2019-05-25 09:15 GMT

തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്കി (മുന്‍ കാത്തലിക് സിറിയന്‍ ബാങ്ക്) ല്‍ അതൃപ്തി പുകയുകയാണ്. വിരമിക്കല്‍ പ്രായം 58 ആക്കി നിജപ്പെടുത്തിയതും സര്‍വീസ് കാലയളവില്‍ വരുത്തിയ പിഴവുകള്‍ക്ക് ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതും ജീവനക്കാരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കുകയും ബാങ്കിലെ ഓഫീസേഴ്‌സ് അസോസിയേഷനും ബെഫി ഘടകവും ഇതിന്റെ പേരില്‍ അടുത്തിടെ പണിമുടക്ക് നടത്തുകയും ചെയ്തു.

ടേണ്‍ എറൗണ്ട് സ്ട്രാറ്റജി സ്വീകരിക്കുന്ന മാനേജ്‌മെന്റ്, കടുത്ത നിലപാടുകളിലൂടെയല്ലാതെ ബാങ്കിനെ കരകയറ്റാനാകില്ലെന്ന സൂചനയാണ് നല്‍കുന്നത്. 2013 മുതല്‍ നഷ്ടത്തിലുള്ള ബാങ്കിന്റെ ഉടന്‍ പുറത്തുവരാനിരിക്കുന്ന റിസള്‍ട്ടിലും കനത്ത നഷ്ടമാണുള്ളതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ബാങ്കിന്റെ നടത്തിപ്പില്‍ അടിമുടി മാറ്റം വരുത്താതെ നിലനില്‍പ്പ് സാധ്യമല്ലെന്നത് വസ്തുതയാണെന്നിരിക്കെ ഈ മാറ്റങ്ങള്‍ ബാങ്കിനെ വളര്‍ത്തുമോ തളര്‍ത്തുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

എന്താണ് സിഎസ്ബിയില്‍ നടക്കുന്നത്?

സിഎസ്ബിയില്‍ വിരമിക്കല്‍ പ്രായം 58 ആണെങ്കിലും സേവനകാലാവധിയിലെ പ്രവര്‍ത്തനം വിലയിരുത്തി 60 വയസുവരെ ദീര്‍ഘിപ്പിച്ച് നല്‍കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ 58 എന്നത് നിര്‍ബന്ധിതമാക്കി. മുന്‍കാലങ്ങളില്‍ എടുത്ത തീരുമാനങ്ങളുടെയും മറ്റും പേരില്‍ ശിക്ഷാനടപടികള്‍ ഒന്നിനു പിറകെ ഒന്നായി ബാങ്കിന്റെ ഉയര്‍ന്ന തലത്തിലുള്ള ജീവനക്കാരെ തേടിയെത്തി ക്കൊണ്ടിരിക്കുകയാണ്. ഗുരുതരമായ പിഴവുകള്‍ക്ക് ഡിസ്മിസലോ അല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലോ ആണ് ഇപ്പോള്‍ ബാങ്കിലെ രീതിയെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രേം വാത്സയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ കമ്പനി ഫെയര്‍ ഫാക്‌സ് സിഎസ്ബിയില്‍ നിക്ഷേപം നടത്തിയതോടെയാണ് ബാങ്കിന്റെ പ്രവര്‍ത്തനശൈലിയില്‍ പ്രകടമായ വ്യത്യാസം കണ്ടുതുടങ്ങിയത്. പ്രവര്‍ത്തനക്ഷമത കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന കര്‍ശന നിലപാട് സ്വീകരിച്ച പുതിയ മാനേജ്‌മെന്റിന് ജീവനക്കാരുടെ പ്രകടനവുമായി ബന്ധിപ്പിക്കാത്ത സേവനവേതന വ്യവസ്ഥകളോട് അനുകൂല നിലപാടും ഇല്ലായിരുന്നുവെന്ന് ബാങ്കിനോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

ഇതിനു പുറമെയാണ് കിട്ടാക്കടമായ വായ്പകളുടെ പേരിലും മറ്റും മുതിര്‍ന്ന

ജീവനക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നത്. ബോര്‍ഡില്‍ തീരുമാനമെടുത്ത അപേക്ഷകളുടെ പേരില്‍ പോലും ഇപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ബലിയാടാകുന്നുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

''ഇത്തരം നടപടികളിലൂടെ ഡിസ്മിസ്/നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കുമ്പോള്‍ ബാങ്കിന് പലവിധ നേട്ടങ്ങളുണ്ടാകുന്നുണ്ട്. ഒരു ജീവനക്കാരന്‍ സാധാരണ നിലയില്‍ പിരിഞ്ഞുപോകുമ്പോള്‍ 40-50 ലക്ഷം രൂപ ബാങ്കിന് വിവിധ ഇനത്തില്‍ ചെലവു വരും. എന്നാല്‍ ഡിസ്മിസ് ചെയ്താല്‍ ഇതു വേണ്ട. ഉന്നതതലത്തിലെ പ്രായമേറിയവര്‍ പിരിഞ്ഞുപോകുമ്പോള്‍ പ്രായവും വേതനവും കുറഞ്ഞവരെ നിയമിക്കാം. ഇതുമൂലം പ്രവര്‍ത്തനക്ഷമത കൂടും. ചെലവ് ചുരുങ്ങുകയും ചെയ്യും,'' ബാങ്കിന്റെ പുതിയ നീക്കങ്ങളെ നിരീക്ഷിക്കുന്ന ഒരു മാനേജ്‌മെന്റ് വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നു.

ടേണ്‍ എറൗണ്ട് വേണം, പക്ഷേ...

സിഎസ്ബിയെ സംബന്ധിച്ചിടത്തോളം ചുറുചുറുക്കുള്ള ജീവനക്കാരും ഊര്‍ജ്ജസ്വലതയോടെയുള്ള പ്രവര്‍ത്തനവും ഇപ്പോഴത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. പക്ഷേ അത് നടപ്പാക്കേണ്ടത് ഇങ്ങനെയാണോ എന്നതിലാണ് വിരുദ്ധ അഭിപ്രായങ്ങളുള്ളത്. കര്‍ശന നിലപാടുകളിലൂടെ വെട്ടിനിരത്തി ബാങ്കിനെ പുതിയ മാനേജ്‌മെന്റിന്റെ രീതികളിലേക്ക് കൊണ്ടുവരാം.

അല്ലെങ്കില്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് അവരെ കൂടെ നിര്‍ത്തി മാറ്റങ്ങള്‍ നടപ്പാക്കാം. രണ്ടാമത്തേത് ജനപ്രിയമാകുമെങ്കിലും അതിന് സമയമേറെ എടുക്കുമെന്നതിനാലാകാം ബാങ്ക് ആദ്യ വഴി സ്വീകരിച്ചിരിക്കുന്നതെന്ന് ബാങ്കിംഗ് നിരീക്ഷകര്‍ പറയുന്നു.

കിട്ടാക്കടത്തിന്റെ പേരില്‍ നടപടികള്‍ തീവ്രമായതോടെ വായ്പ അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ തൊടാതെയായി എന്നാണ് ജീവനക്കാര്‍ അടക്കം പറയുന്നത്. ഇതോടെ വായ്പ തേടി വരുന്നവര്‍ മറ്റ് ബാങ്കുകളിലേക്ക് പോകുന്നുണ്ട്.

CASA മെച്ചപ്പെടുത്താനും ലിസ്റ്റിംഗ് നടപടികള്‍ വേഗത്തിലാക്കാനുമാണ് ബാങ്ക് മാനേജ്‌മെന്റ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കേരളത്തിലെ ഏക ബാങ്കാണ് സിഎസ്ബി. നിലവില്‍ ബാങ്കിന് കാല്‍ ലക്ഷത്തോളം ഓഹരിയുടമകളുണ്ട്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ പലതിനുമുള്ളതിനേക്കാള്‍ കൂടുതലാണിത്. അതുകൊണ്ട് പൊതുവിപണിയില്‍ വില്‍ക്കാതെ ലിസ്റ്റിംഗ് നടപടികള്‍ നടത്താനാണ് ശ്രമം നടക്കുന്നത്.

സെബി ഇത്തരമൊരു നടപടിക്ക് ഇതുവരെ രാജ്യത്ത് അനുമതി നല്‍കിയിട്ടില്ലെന്നാണ് ബാങ്കിംഗ് രംഗത്തെ നിരീക്ഷകരില്‍ ചിലര്‍ പറയുന്നത്. അതുകൊണ്ട് തന്നെ സിഎസ്ബിയുടെ ഈ നീക്കവും നടപടി ചട്ടങ്ങളുടെയും മറ്റും പേരില്‍ നീണ്ടുപോയേക്കാം.

ഫെയര്‍ഫാക്‌സ് ഓഹരി ഒന്നിന് 160 രൂപ എന്ന നിലയിലാണ് നിക്ഷേപം

നടത്തിയിരിക്കുന്നത്. ഫെയര്‍ഫാക്‌സിനെ സംബന്ധിച്ചിടത്തോളം ബാങ്കിനെ അവര്‍ ഉദ്ദേശിക്കുന്ന തരത്തിലേക്ക് എത്തിക്കാന്‍ 3-5 വര്‍ഷം വേണ്ടി വന്നേക്കാം. അതുവരെയുള്ള സാവകാശത്തിനായി ലിസ്റ്റിംഗ് നടപടികള്‍ ദീര്‍ഘിപ്പിക്കുമോയെന്ന ആശങ്കയും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്.

പോക്ക് എങ്ങോട്ട്?

1992-93 വരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്കാണ് സിഎസ്ബി. ജനങ്ങളുമായി ഏറെ അടുത്തുനില്‍ക്കുന്ന ബാങ്ക് തകരാന്‍ ആര്‍ബിഐയോ പൊതുസമൂഹമോ അനുവദിക്കാന്‍ ഇടയില്ല. പക്ഷേ ലയന സാധ്യത തള്ളിക്കളയാനുമാകില്ല. എച്ച്ഡിഎഫ്‌സി പോലുള്ള വമ്പന്മാര്‍ സിഎസ്ബിയെ ഏറ്റെടുക്കുന്നത് തള്ളാനാകില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.

സേവന രംഗത്തുള്ള പ്രസ്ഥാനം എന്ന നിലയ്ക്ക് ജീവനക്കാരെ അസംതൃപ്തരാക്കിയുള്ള നീക്കങ്ങള്‍ ബാങ്കിന് ദോഷം ചെയ്‌തേക്കാം. എന്നാല്‍ പ്രവര്‍ത്തന മികവുമായി ബന്ധപ്പെടുത്തിയുള്ള സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതിനോട് ബാങ്കിലെ യുവ ഓഫീസര്‍മാര്‍ക്ക് കടുത്ത വിയോജിപ്പൊന്നുമില്ല. തങ്ങള്‍ക്ക് അമിത തൊഴില്‍ ഭാരമോ സമ്മര്‍ദമോ ഇപ്പോഴില്ലെന്ന് പലരും രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.

സ്വന്തം നിലയില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തി ബാങ്ക് എന്ന് മുന്നേറുമെന്നതാണ് ഏറ്റവും വലിയ ചോദ്യം. ഇപ്പോള്‍ പുറത്തുവിടാന്‍ തയാറായിരിക്കുന്ന ബാങ്കിന്റെ റിസള്‍ട്ട് മോശമാണെന്ന് ബാങ്കിന്റെ ഉള്ളറകള്‍ അറിയുന്നവര്‍ സൂചന നല്‍കുന്നുണ്ട്. ഈ റിസള്‍ട്ടോടെ മോശം കാലം അവസാനിക്കുമെന്ന വാദമാണ് ഒരു വിഭാഗത്തിന്റേത്. അങ്ങനെയാണെങ്കില്‍ അടുത്ത റിസള്‍ട്ടു മുതല്‍ ടേണ്‍ എറൗണ്ടിന്റെ ഫലം റിസള്‍ട്ടില്‍ പ്രതിഫലിക്കും. ബാങ്കിന്റെ തുടര്‍യാത്രയ്ക്ക് അത് സഹായകരമാകുകയും ചെയ്യും.

Similar News