യെസ് ബാങ്ക് സംഭവപരമ്പര സ്വകാര്യബാങ്കുകള്‍ക്ക് തീരാതലവേദന

Update:2020-03-20 16:07 IST

യെസ് ബാങ്ക് നിക്ഷേപകരില്‍ സൃഷ്ടിച്ച ആശങ്ക പരിഹരിക്കാനാകാതെ തുടരുന്നത് രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. രാജ്യത്തെ ഒരു ബാങ്കും തകരാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാരും നിക്ഷേപകരും സ്വകാര്യ ബാങ്കുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ ധൃതി കൂട്ടരുതെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നേരിട്ട് തന്നെ അഭ്യര്‍ത്ഥിച്ചിട്ടും പലരും ചെവിക്കൊള്ളുന്ന മട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആര്‍ബിഎല്‍ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് ചില സംസ്ഥാന സര്‍ക്കാരുകളുടെ നിക്ഷേപം കൂടിയാണ് പിന്‍വലിക്കപ്പെട്ടിരിക്കുന്നത്. ആര്‍ബിഎല്‍ ബാങ്കിന്റെ മൊത്തം ഡെപ്പോസിറ്റിന്റെ മൂന്നുശതമാനമാണ് പിന്‍വലിക്കപ്പെട്ടിരിക്കുന്നത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ രണ്ടുശതമാനവും.

താരതമ്യേന ചെറിയ ബാങ്കുകളില്‍ നിന്ന് ചെറിയൊരു ശതമാനം നിക്ഷേപങ്ങളാണ്
പിന്‍വലിക്കപ്പെട്ടിരിക്കുന്നതെങ്കിലും ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് നിലനില്‍ക്കുന്ന ചില കാര്യങ്ങളുടെ സൂചനയാണിത്. റിസ്‌ക് പരമാവധി ഒഴിവാക്കി നിര്‍ത്താന്‍ നിക്ഷേപകര്‍ ശ്രമിക്കുന്നതാണ് ഇതിന് പ്രധാന കാരണം. യെസ് ബാങ്കിന്റെ അഡീഷണല്‍ ടിയര്‍ വണ്‍ (AT 1) ബോണ്ടുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും ഇതിന് കാരണമായിട്ടുണ്ട്.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യം

യെസ് ബാങ്കിന്റെ നിലനില്‍പ്പ് അവതാളത്തിലായതോടെ ബാങ്ക് അതിന്റെ AT 1 ബോണ്ടുകള്‍ പൂര്‍ണമായും എഴുതി തള്ളുകയായിരുന്നു. 8500 കോടി രൂപ മൂല്യമുള്ള AT 1 ബോണ്ടുകളാണ് ഈ വിധം മൂല്യമില്ലാതെയായത്. ബാങ്കിനെ വിശ്വസിച്ച് AT 1 ബോണ്ടുകള്‍ വാങ്ങിയ നിക്ഷേപകര്‍ ഇതേ തുടര്‍ന്ന് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇവരിപ്പോള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബാങ്ക് അവരുടെ നിക്ഷേപകര്‍ക്ക് നല്‍കുന്ന ഉറപ്പ് ലംഘിക്കപ്പെടുന്നത്. എന്നാല്‍ ബേസല്‍ 3 സര്‍ക്കുലര്‍ പ്രകാരം , ബാങ്കുകളുടെ നിലനില്‍പ്പ് പ്രശ്‌നത്തിലാകുമ്പോള്‍ ഇത്തരം നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ബാങ്കുകള്‍ക്കുണ്ട്.

''നിക്ഷേപം നടത്തുമ്പോള്‍ അതിന്റെ എല്ലാ സാധ്യതകളും ആരാണ് അതിനിശിതമായി
പരിശോധിക്കുന്നത്. ഇന്ത്യയില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമായതിനാല്‍ ബാങ്കിംഗ് വിദഗ്ധര്‍ വരെ ഇത്തരം നിബന്ധനകള്‍ ഗൗരവമായി എടുത്ത് കാണുമെന്ന് എനിക്ക് തോന്നുന്നില്ല. യെസ് ബാങ്കിന്റെ AT 1 ബോണ്ടുകള്‍ എഴുതി തള്ളിയതാണ് ഏറ്റവും അപകടകരമായത്,'' ഒരു ബാങ്കിംഗ് വിദഗ്ധന്‍ നിരീക്ഷിക്കുന്നു.

മികച്ച നേട്ടം, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറെ പ്രിയം

ബാങ്കുകള്‍ മൂലധന സമാഹരണത്തിനായാണ് AT 1 ബോണ്ടുകള്‍ പുറത്തിറക്കുന്നത്. സാധാരണ സ്ഥിരനിക്ഷേപത്തേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഇതിന് ലഭിക്കുക. അതുകൊണ്ട് തന്നെ പല മുതിര്‍ന്ന പൗരന്മാരും നേട്ടം കിട്ടാന്‍ ബാങ്കുകളുടെ AT 1 ബോണ്ടുകള്‍ വാങ്ങാറുണ്ട്. അതിന് പിന്നില്‍ റിസ്‌കുണ്ടെങ്കിലും അക്കാര്യം വേണ്ടത്ര ശ്രദ്ധിക്കപ്പെടാറുമില്ലായിരുന്നു. യെസ് ബാങ്ക് നിക്ഷേപകര്‍ ഇപ്പോള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് മുറവിളി കൂട്ടുന്നത്. യെസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍മാരൊന്നും ഇക്കാര്യം തങ്ങളെ ധരിപ്പിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു. ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് ഇത്തരമൊരു നീക്കം ഒഴിവാക്കാമായിരുന്നുവെന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News