യെസ് ബാങ്കിന്റെ വീഴ്ച പഴങ്കഥ; 35,000 കോടി ആര്‍.ബി.ഐക്ക് നല്‍കി

Update: 2020-08-19 12:31 GMT

ക്രമക്കേടുകളുടെ കുരുക്കുകള്‍ വഴി സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട യെസ് ബാങ്കിനെ കരകയറ്റാന്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ തുടക്കമിട്ട പദ്ധതി വിജയ പാതയിലേക്ക്. ഇടക്കാല ആശ്വാസത്തിനായി സ്‌പെഷ്യല്‍ ലിക്വിഡിറ്റി സംവിധാന പ്രകാരം (എസ്എല്‍എഫ്) റിസര്‍വ് ബാങ്കില്‍ നിന്നും പിന്‍വലിച്ച 50,000 കോടി രൂപയിലെ 35,000 കോടി രൂപ തിരിച്ചടച്ചാണ് യെസ് ബാങ്ക് ശക്തി തെളിയച്ചത്.

യെസ് ബാങ്കിന്റെ 2019-20 വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചെയര്‍മാന്‍ സുനില്‍ മേത്തയാണ് ഇക്കാര്യം വ്യക്തമാക്കി.'ആര്‍ബിഐ കനിഞ്ഞു നല്‍കിയ 50,000 കോടി രൂപയുടെ എസ്എല്‍എഫിന് പുറമെ ശക്തമായ ഉപഭോക്തൃ പണലഭ്യതയും ബാങ്കിന് ലഭിച്ചു. എസ്എല്‍എഫിലെ 35,000 കോടി രൂപ ബാങ്ക് തിരിച്ചടച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ബാക്കി തുക റിസര്‍വ് ബാങ്ക് നിശ്ചയിച്ച സമയപരിധിയ്ക്കുള്ളില്‍ തിരിച്ചടയ്ക്കും' വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചെയര്‍മാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മാര്‍ച്ചില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുന്നില്‍ നിന്നാണ് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട യെസ് ബാങ്കിനെ രക്ഷപ്പെടുത്തിത്തുടങ്ങിയത്. സ്ഥാപകന്‍ റാണ കപൂറിന്റെ കീഴില്‍ മുന്‍ മാനേജ്‌മെന്റ് നടത്തിയ സാമ്പത്തിക ക്രമക്കേടുകളും അശ്രദ്ധമായ വായ്പാ വിതരണവും കാരണം യെസ് ബാങ്ക് വന്‍ സാമ്പത്തിക തകര്‍ച്ചയില്‍ അകപ്പെട്ടിരുന്നു.പുതിയ മൂലധന വര്‍ധനവിലൂടെയാണ് പ്രധാനമായും ബാങ്ക് ശക്തി തിരിച്ചുപിടിച്ചത്.യെസ് ബാങ്കിന്റെ മൂലധനവല്‍ക്കരണം സ്വകാര്യമേഖലയിലെ സമാന ബാങ്കുകളുമായി ഏകദേശം പൊരുത്തപ്പെടുന്നുണ്ടെന്ന് മേത്ത അറിയിച്ചു. മുന്നോട്ട് പോവുമ്പോള്‍ ഭരണം, റിസ്‌ക് മാനേജ്‌മെന്റ് രീതികള്‍ എന്നിവയ്‌ക്കൊപ്പം മേല്‍നോട്ടം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഡയറക്ടര്‍ ബോര്‍ഡ് തിരിച്ചറിയുന്നു - അദ്ദേഹം പറഞ്ഞു.

ശക്തമായ കോര്‍പ്പറേറ്റ് ഭരണം ഒരു സ്ഥാപനത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടാണ്. ബാങ്കിന്റെ സ്വത്തുക്കള്‍ തിരിച്ചറിഞ്ഞ് അവ മികച്ച ചുമതലകളോടെ കാത്തുസൂക്ഷിക്കേണ്ട സംസ്‌കാരം ഏവരും ചേര്‍ന്ന് വളര്‍ത്തിയെടുക്കണം. ഇതിനായി സുതാര്യത, സമഗ്രത, വിശ്വാസം, ഉത്തരവാദിത്തം, സഹകരണം എന്നിവ ഉറപ്പാക്കണമെന്നും ചെയര്‍മാന്‍ നിരീക്ഷിക്കുന്നു. മുമ്പത്തെ മാനേജ്‌മെന്റിന് കീഴില്‍ ബാങ്ക് റിപ്പോര്‍ട്ട് ചെയ്ത നിഷ്‌ക്രിയ ആസ്തികളുടെ കണക്കുകളില്‍ പ്രധാന വ്യത്യാസം ആര്‍ബിഐ നേരത്തെ കണ്ടെത്തിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News