ബാങ്കുകൾ കൈകോർക്കുന്നു ; വ്യവസായ മേഖലയ്ക്ക് ഊർജ്ജമാകും

Update: 2019-08-19 05:54 GMT

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കരകയറ്റാന്‍ ഒരു ഉത്തേജക പാക്കേജ് സര്‍ക്കാര്‍ എത്രയും വേഗം കൊണ്ടുവരേണ്ടതുണ്ടെന്ന വ്യവസായ മേഖലാ നേതാക്കളുടെ ആവശ്യത്തോട് ബാങ്ക് മേധാവികളും അനുകൂലിക്കുന്നുവെന്നു വ്യക്തമായി. ഉത്പാദനവും സപ്ലൈയും സംബന്ധിച്ച് പരാതികളില്ലെങ്കിലും ഡിമാന്‍ഡ് ഇടിഞ്ഞതാണ് കാതലായ പ്രശ്‌നമെന്നു തിരിച്ചറിഞ്ഞതോടെ ക്രെഡിറ്റ് സൗകര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കാന്‍ ബാങ്കുകള്‍ നീക്കം തുടങ്ങി.

വ്യവസായ മേഖലയെ രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സമഗ്ര പാക്കേജ് യാഥാര്‍ത്ഥ്യമാക്കാന്‍ ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസുമായും റിസര്‍വ് ബാങ്കുമായും ആശയവിനിമയം തുടര്‍ന്നു വരുന്നുണ്ട്. കൂടുതല്‍ വായ്പ നല്‍കാനും വ്യവസായ മേഖലയെ പിന്തുണയ്ക്കാനും ബാങ്കുകളോട് ആവശ്യപ്പെടുന്നുമുണ്ട്.

സമ്പദ്വ്യവസ്ഥയുടെ ഉത്തേജനത്തിന് ക്രിയാത്മക നടപടികള്‍ അനിവാര്യമാണെന്ന്് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ രജനിഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഉത്പാദന, സപ്ലൈ രംഗങ്ങളില്‍ പ്രശ്‌നങ്ങളില്ലാതിരിക്കേ മികച്ച മൂലധനശേഷിയുള്ള പൊതുമേഖലാ ബാങ്കുകള്‍ ക്രെഡിറ്റ് ഡിമാന്‍ഡിനു നേരെ നിശ്ശബ്ദത പാലിക്കുന്നതു ന്യായീകരിക്കാനാകില്ല. ഉത്സവ സീസണില്‍ കാര്യങ്ങള്‍ ഭേദപ്പെടുമെന്ന പ്രതീക്ഷയില്‍ ക്രെഡിറ്റ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.-അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്രെഡിറ്റ് കാലയളവ് നീട്ടുന്ന കാര്യം ബാങ്ക് പരിഗണിക്കുന്നുണ്ടെന്ന് എസ്.ബി.ഐയുടെ റീട്ടെയില്‍, ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ പി.കെ ഗുപ്ത പറഞ്ഞു.'ഞങ്ങള്‍ ഓട്ടോ ഡീലര്‍മാരുടെ ഫെഡറേഷനുമായി കൂടിക്കാഴ്ചകള്‍ നടത്തി. ഓരോ കേസും അനുസരിച്ച് ഡീലര്‍മാര്‍ക്കായി പരിഹാര നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി നല്‍കും.'

ഈ ആശയത്തിന് അനുസൃതമായി, മിക്ക പൊതുമേഖലാ ബാങ്കുകളും അവരുടെ ബ്രാഞ്ച് മാനേജര്‍മാരുമായി കൂടിയാലോചിച്ച് ഫണ്ടിന്റെ കടുത്ത ക്ഷാമം നേരിടുന്ന മേഖലകള്‍ക്ക് വായ്പ നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ചുതുടങ്ങി. ഭാവി വളര്‍ച്ചയ്ക്കുള്ള റോഡ്മാപ്പ് തയ്യാറാക്കുകയെന്ന ലക്ഷ്യം കൂടി മുന്നില്‍ക്കണ്ട് ബ്രാഞ്ച് തലത്തില്‍ നിന്ന് നിര്‍ദ്ദേശങ്ങളും ആശയങ്ങളും സൃഷ്ടിക്കുന്നതിനായി ശനിയാഴ്ച മുതല്‍ ബാങ്കുകള്‍ ഒരു മാസം നീളുന്ന പ്രചാരണത്തിന് തുടക്കം കുറിച്ചു. 

'അടിത്തട്ടിലുള്ള വെല്ലുവിളികള്‍ കണ്ടറിഞ്ഞു പരിഹരിക്കുന്നതിന് അതത് മേഖലകളെ പ്രാപ്തമാക്കാനുതകുന്ന ഒരു വേദി സൃഷ്ടിക്കാന്‍ ഈ പ്രക്രിയ വഴിതെളിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,' യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ രാജ് കിരണ്‍ റായ് പറഞ്ഞു.

വില്‍പ്പനയില്‍ അഭൂതപൂര്‍വമായ ഇടിവ് നേരിടാനും തൊഴില്‍ നഷ്ടം തടയാനും വാഹനമേഖലയ്ക്ക് ഉത്തേജക പാക്കേജ് ഏര്‍പ്പെടുത്തണമെന്ന് നേരത്തെ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ വാഹന വില്‍പ്പന 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു.

Similar News