മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപകമ്പനിയും ഓഹരി വിപണിയിലേക്ക്; ലക്ഷ്യം ₹1,300 കോടി, അപേക്ഷ സമര്‍പ്പിച്ചു
മുത്തൂറ്റ് ഫിനാന്‍സ് ഓഹരി ഇന്നുള്ളത് നേരിയ നഷ്ടത്തില്‍
കേരളം ആസ്ഥാനമായുള്ള പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനവും (NBFC) ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണപ്പണയ കമ്പനിയുമായ മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപകമ്പനി ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ഓഹരി വിപണിയിലേക്ക്.
പ്രാരംഭ ഓഹരി വില്‍പനയ്ക്കുള്ള (IPO) അപേക്ഷ (DRHP) സെബിക്ക് (SEBI) ബെല്‍സ്റ്റാര്‍ സമര്‍പ്പിച്ചു. മൊത്തം 1,300 കോടി രൂപ ഐ.പി.ഒ വഴി സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ കത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് വ്യക്തമാക്കി.
10 രൂപ മുഖവിലയുള്ള (Face value) പുതിയ ഓഹരികളിറക്കി (fresh issue) 1,000 കോടി രൂപയും നിലവിലെ ഓഹരിയുടമകളുടെ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍-ഫോര്‍-സെയില്‍ (OFS) വഴി 300 കോടി രൂപയുമാണ് സമാഹരിക്കുകയെന്ന് ചെന്നൈ ആസ്ഥാനമായുള്ള ബെല്‍സ്റ്റാര്‍ സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (DRHP) വ്യക്തമാക്കുന്നു.
ലക്ഷ്യം വിപണി വികസനം
ചെറുകിട സംരംഭങ്ങള്‍ക്കുള്ള മൈക്രോ എന്റര്‍പ്രൈസ് വായ്പ, കണ്‍സ്യൂമര്‍ ഗുഡ്‌സ്, വിദ്യാഭ്യാസം, എമര്‍ജന്‍സി ലോണുകള്‍, സ്വയം സഹായസംഘങ്ങള്‍ക്കുള്ള വായ്പകള്‍ എന്നീ വായ്പാപദ്ധതികളിലൂന്നി പ്രവര്‍ത്തിക്കുന്ന എന്‍.ബി.എഫ്.സിയാണ് ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ്.
ഐ.പി.ഒ വഴി ലഭിക്കുന്ന തുകയില്‍ 760 കോടി രൂപ കൂടുതല്‍ വായ്പാവിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന വിപുലീകരണത്തിന് കമ്പനി പ്രയോജനപ്പെടുത്തിയേക്കും.
മുത്തൂറ്റ് ഫിനാന്‍സിന് 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ബെല്‍സ്റ്റാര്‍. ഓഫര്‍-ഫോര്‍-സെയിലില്‍ മറ്റൊരു നിക്ഷേപകരായ ഡെന്മാര്‍ക്ക് കമ്പനി എം.എ.ജെ ഇന്‍വെസ്റ്റ് 175 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കും. ഓറം ഹോള്‍ഡിംഗ്‌സ് 97 കോടി രൂപ, ഓഗസ്റ്റ ഇന്‍വെസ്റ്റ്‌മെന്റ്‌സ് 28 കോടി രൂപ എന്നിങ്ങനെയും ഓഹരികള്‍ വിറ്റഴിക്കും.
ലാഭക്കമ്പനി
2023 ഡിസംബറിലെ കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആദ്യ 9 മാസക്കാലയളവില്‍ (2023-24 ഏപ്രില്‍-ഡിസംബര്‍) 235 കോടി രൂപയുടെ ലാഭം നേടിയ കമ്പനിയാണ് ബെല്‍സ്റ്റാര്‍. 1,283 കോടി രൂപയായിരുന്നു വരുമാനം.
കമ്പനി വിതരണം ചെയ്ത മൊത്തം വായ്പകളുടെ മൂല്യം 8,834.21 കോടി രൂപയാണ്. 20 സംസ്ഥാനങ്ങളിലായി 1,000 ശാഖകള്‍ കമ്പനിക്കുണ്ട്. 26.7 ലക്ഷം ഉപഭോക്താക്കളും 10,000ഓളം ജീവനക്കാരും ബെല്‍സ്റ്റാറിനുണ്ട്.
മാതൃകമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി ഇന്ന് വ്യാപാരം നടക്കുന്നത് നേരിയ നഷ്ടത്തിലാണ്. 0.36 ശതമാനം താഴ്ന്ന് 1,694.85 രൂപയിലാണ് ഓഹരിയുള്ളത്.