കുടുംബ ബജറ്റില്‍ ആശ്വാസം, ഭക്ഷ്യഎണ്ണ വില കുറയും
ആഭ്യന്തര വിപണിയിലെ ഭക്ഷ്യഎണ്ണ വില അടുത്ത 7-10 ദിവസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞേക്കും
റഷ്യ-യുക്രെയ്ന്‍ (Russia-Ukraine War) സംഘര്‍ഷത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന ആഭ്യന്തര വിപണിയിലെ ഭക്ഷ്യഎണ്ണ വില വീണ്ടും കുറഞ്ഞേക്കും. ആഗോള വിലയിലെ ഇടിവും സമീപകാല ഇറക്കുമതി നികുതി വെട്ടിക്കുറക്കലും കണക്കിലെടുത്ത് ലിറ്ററിന് 10-12 രൂപ കുറയ്ക്കണമെന്ന കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം അദാനി വില്‍മറും രുചി സോയയും ഉള്‍പ്പെടെയുള്ള പ്രമുഖ നിര്‍മാതാക്കള്‍ അംഗീകരിച്ചതോടെയാണ് ഭക്ഷ്യഎണ്ണ വില (Edible Oil) കുറയുന്നതിനുള്ള വഴിയൊരുങ്ങിയത്. ഭക്ഷ്യഎണ്ണ പുതുക്കുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അടുത്ത 7-10 ദിവസങ്ങളില്‍ വിപണിയില്‍ പ്രതിഫലിക്കും.
''കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പാം, സൂര്യകാന്തി എണ്ണകളുടെ ആഗോള വില 18-20 ശതമാനത്തോളമാണ് കുറഞ്ഞത്. ഇത് ചില്ലറ വിപണിയില്‍ പ്രതിഫലിക്കാന്‍ ഏകദേശം 3-4 ആഴ്ചകള്‍ എടുക്കും'' സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി.വി മേത്ത പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഭക്ഷ്യഎണ്ണ വില (Cooking Oil) കുറയ്ക്കണമെന്നാവശ്യപ്പെട്ട് അദാനി വില്‍മര്‍, രുചി സോയ, മദര്‍ ഡയറി, എസ്ഇഎ, സോയാബീന്‍ പ്രോസസേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, വനസ്പതി മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെ പ്രമുഖ ഭക്ഷ്യ എണ്ണ നിര്‍മാതാക്കളുടെയും സംസ്‌കരണ സംഘടനകളുടെയും പ്രതിനിധികളുമായി ഭക്ഷ്യ മന്ത്രാലയം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കണ്‍സ്യൂമര്‍ അഫയേഴ്സ് ഡാറ്റ പ്രകാരം കടുക്, സോയ, സൂര്യകാന്തി, പാം ഓയില്‍ എന്നിവയുടെ റീട്ടെയില്‍ വില ജൂണ്‍ 1 മുതല്‍ ആഭ്യന്തര വിപണിയില്‍ 5-11 ശതമാനം കുറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉല്‍പ്പാദകരായ അദാനി വില്‍മര്‍ കഴിഞ്ഞ മാസം. സോയാബീന്‍, സൂര്യകാന്തി, കടുകെണ്ണ എന്നിവയ്ക്ക് ലിറ്ററിന് 10 രൂപ (ഏകദേശം 5 ശതമാനം) കുറച്ചതായി പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി-എന്‍സിആറിലെ മുന്‍നിര പാല്‍ വിതരണക്കാരായ മദര്‍ ഡയറി കഴിഞ്ഞ മാസം ആഗോള വിപണിയിലെ വിലക്കുറവ് ചൂണ്ടിക്കാട്ടി പാചക എണ്ണകളുടെ വില ലിറ്ററിന് 15 രൂപ വരെ കുറച്ചിരുന്നു.
ഇന്ത്യയുടെ വാര്‍ഷിക ഭക്ഷ്യ എണ്ണ ഉപഭോഗത്തിന്റെ 56 ശതമാനവും ഇറക്കുമതിയാണ് ചെയ്യുന്നത്. ഏകദേശം എട്ട് മില്ല്യണ്‍ പാമോയില്‍ ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. എണ്ണകളായ സോയ, സൂര്യകാന്തി എന്നിവ അര്‍ജന്റീന, ബ്രസീല്‍, ഉക്രെയ്ന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് വരുന്നത്.