അഹമ്മദാബാദില്‍ വരുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ലുലുമാള്‍! നിക്ഷേപം 3000 കോടി
2023 ന്റെ തുടക്കത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയേക്കും
അഹമ്മദാബാദില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ സ്ഥാപിക്കുന്നതിനായുള്ള ഒരുക്കത്തിലാണ് ലുലുഗ്രൂപ്പ് (Lulugroup) എന്ന് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ 3,000 കോടി രൂപയുടെ മൂലധന നിക്ഷേപമായിരിക്കും ഇതിനായി വിനിയോഗിക്കുക. ഉത്തരേന്ത്യയിലെ മാത്രമല്ല രാജ്യത്തെയൊട്ടാകെ ഷോപ്പിംഗ് മാളുകളെ വെല്ലുന്ന സൗകര്യത്തോടെ എത്തുന്ന ലുലു ഷോപ്പിംഗ് മാളിന്റെ നിര്‍മ്മാണം 2023 ന്റെ തുടക്കത്തില്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് വിഭാഗം അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫോബ്‌സ് പട്ടിക (Forbes List) പ്രകാരം മലയാളി സമ്പന്നന്മാരില്‍ ഒന്നാമനായ എംഎ യൂസഫ് അലിയുടെ (M A Yusuff Ali) നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ ഷോപ്പിംഗ് മാള്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഇക്കഴിഞ്ഞിടെ ആരംഭിച്ചിരുന്നു. 2000 കോടി മുതല്‍ മുടക്കില്‍ പണികഴിപ്പിച്ചതാണ് ഇത്. കൊച്ചി, തിരുവനന്തപുരം, ബെംഗളുരു, ലക്‌നൗ എന്നിവിടങ്ങളിലായി നാല് ഷോപ്പിംഗ് മാളുകള്‍ (Shopping mall) ആണ് നിലവില്‍ ഗ്രൂപ്പിനുള്ളത്. അഞ്ചാമത്തെ വലിയ മാളും നിലവില്‍ പണിതിട്ടുള്ളവയിലെ തന്നെ ഏറ്റവും വലുതുമായിരിക്കും ഈ മെഗാമാള്‍.
ഗുജറാത്തിലെ അഹമ്മദാബാദില്‍ വരുന്ന പുതിയ പ്രോജക്റ്റിനായി സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. അടുത്തവര്‍ഷം നിര്‍മാണമാരംഭിക്കുന്ന ഷോപ്പിംഗ് മാളില്‍ 300 ലധികം നാഷണല്‍, ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെ ഷോറൂം ഉണ്ടായിരിക്കും.
15 സ്‌ക്രീന്‍ മള്‍ട്ടിപ്ലക്‌സ്, 3000 പെരെ ഉള്‍ക്കൊള്ളുന്ന ഫുഡ് കോർട്ട് & മള്‍ട്ടി ക്യുസിന്‍ റസ്റ്റോറന്റുകള്‍, ചില്‍ഡ്രന്‍സ് അമ്യൂസ്‌മെന്റ് എന്നിവ ഉള്‍പ്പെടുന്നതാകും പുതിയ ലുലുമാൾ. അഹമ്മദാബാദിലെ ഇന്ത്യയിലെ തന്നെ മികച്ച ഷോപ്പിംഗ് ഡെസ്റ്റിനേഷനുകളിലൊന്നാക്കുകയാണ് ലക്ഷ്യം.