തിരഞ്ഞെടുപ്പ് കാരണം ഇന്ധന വില വര്‍ധിപ്പിച്ചില്ല, ബിപിസിഎല്ലിന്റെ ലാഭത്തില്‍ 82 ശതമാനം ഇടിവ്

ബിപിസിഎല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ നാളുകളായി സര്‍ക്കാര്‍ ശ്രമിക്കുകയാണ്

Update:2022-05-26 11:25 IST

Image: Dhanam File

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍-BPCL) അറ്റാദായത്തില്‍ 82 ശതമാനത്തിന്റെ ഇടിവ്. ക്രൂഡ് വില (Crude Oil) ഉയര്‍ന്നിട്ടും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ഭയത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കാതിരുന്നതാണ് തിരിച്ചടിയായത്. ജനുവരി- മാര്‍ച്ച് കാലയളവില്‍ 2130.53 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 11,904.13 കോടി രൂപയായിരുന്നു. അതേ സമയം പ്രവര്‍ത്തന വരുമാനം 25 ശതമാനം ഉയര്‍ന്ന് 1.23 ലക്ഷം കോടിയിലെത്തി. 2021-22 സാമ്പത്തിക വര്‍ഷം 9076.50 കോടിയാണ് ബിപിസിഎല്ലിന്റെ അറ്റാദായം. 2020-21 കാലയളവില്‍ 19,110.06 കോടി രൂപ നേടിയ സ്ഥാനത്താണിത്.

2021 നവംബര്‍ മുതല്‍ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരിഗണിച്ച് തുടര്‍ച്ചയായി  137 ദിവസമാണ് ഇന്ധന വില ഒരേ നിലയില്‍ തുടർന്നത് . പിന്നീട്  ഇന്ധന വില ഉയരാന്‍ തുടങ്ങിയത് മാര്‍ച്ച് 22 മുതലാണ്. ബിപിസിഎല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ നാളുകളായി ശ്രമിക്കുകയാണ് കേന്ദ്രം. 

നടപ്പ് സാമ്പത്തിക വര്‍ഷം ബിപിസിഎല്ലിനെ സ്വകാര്യവത്കരിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. അതേ സമയം ഇന്ധന വില നിയന്ത്രണത്തില്‍ സ്വകാര്യ മേഖലയ്ക്ക് കാര്യമായി സ്വാധീനം ചെലുത്താന്‍ സാധിക്കാത്തതും ഹരിത ഊര്‍ജ്ജ മേഖലയിലേക്കുള്ള സ്വാഭാവിക മാറ്റവും മൂലം നിക്ഷേപകരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ക്രൂഡ് ഓയില്‍ (Crude Oil) വിലയ്ക്ക് അനുസൃതമായി പൊതുമേഖല കമ്പനികള്‍ വില വര്‍ധിപ്പിക്കാത്തതിനെ തുടര്‍ന്ന് മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റിലയന്‍സ് ബിപി മൊബിലിറ്റി ലിമിറ്റഡ് കേന്ദ്രത്തിനെ സമീപിച്ചിരുന്നു. രാജ്യത്തെ ചില്ലറ ഇന്ധന വില്‍പ്പനയില്‍ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് പൊതുമേഖല എണ്ണക്കമ്പനികളാണ്.

Tags:    

Similar News