പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ക്ക് പണം തിരിച്ചുകിട്ടുമോ?

20,000ലേറെ നിക്ഷേപകര്‍ക്ക് 1600 കോടി രൂപ നഷ്ടമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലെ ഇരകള്‍ക്ക് പണം തിരികെ ലഭിക്കുമോ?

Update:2020-11-20 17:18 IST

മകളുടെ വിവാഹാവശ്യത്തിനായി സ്വരൂപിച്ചുവെച്ച പണമായിരുന്നു പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചത്. 12 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തത്. ജനുവരി മുതല്‍ പണം തിരികെ ചോദിക്കുന്നതാണ്. കിട്ടിയില്ല. നിശ്ചയിച്ചുറപ്പിച്ച വിവാഹം എങ്ങനെയെക്കെയോ ഞാന്‍ നടത്തുകയായിരുന്നു, – പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപം നടത്തി പണം നഷ്ടമായ ഒരു പിതാവ് പറയുന്നു.

ഇദ്ദേഹത്തെ പോലെ, ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു കിടന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ 380ഓളം ശാഖകള്‍ വഴി നിക്ഷേപം നടത്തിയ 20,000 ത്തോളം പേര്‍ തങ്ങളുടെ പണം തിരിച്ചുകിട്ടുമോയെന്നറിയാതെ ഇപ്പോള്‍ നീറുകയാണ്. ഏകദേശം 1600 കോടി രൂപയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സ് സാരഥി തോമസ് ഡാനിയല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ ഡോ. റീനു മറിയം, റീബ തോമസ് എന്നിവര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലിലാണ്.

ഇവരുടെ ബന്ധുക്കളായ രണ്ട് പേരെ കൂടി പ്രതി ചേര്‍ത്ത് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തോമസ് ഡാനിയേലിന്റെ മാതാവും ഡയറക്റ്ററുമായ എം. ജെ മേരിക്കുട്ടി, പ്രഭ തോമസിന്റെ സഹോദരന്‍ സാമുവല്‍ പ്രകാശ് എന്നിവരാണവര്‍. ഇതില്‍ മേരിക്കുട്ടി ഓസ്‌ട്രേലിയയിലാണ്.

ഇതുവരെ പോലീസീന് ഈ കേസില്‍ കണ്ടുകെട്ടാനായിരിക്കുന്നത് 125 കോടി മാത്രമാണ്. പോപ്പുലര്‍ ഫിനാന്‍സിന്റെ ആസ്തികള്‍ മരവിപ്പിച്ചിട്ടുണ്ട്. അതിനിടെ തോമസ് ഡാനിയേലില്‍ നിന്ന് ഭൂമി വാങ്ങിയ പ്രവാസികളടക്കമുള്ളവര്‍ ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് അനുസരിച്ച് കേസെടുക്കപ്പെട്ടാല്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളില്‍ നിന്ന് ഭൂമി വാങ്ങിയവരും അവര്‍ക്ക് ഭൂമി വിറ്റവരുമെല്ലാം കേസില്‍ പെടും.

പണം നഷ്ടപ്പെട്ടതിന്റെ മാനസിക വ്യഥ സഹിക്കാനാവാതെ എട്ടോളം പേര്‍ ഇതിനകം മരിച്ചിട്ടുണ്ടെന്ന് നിക്ഷേപക സമൂഹത്തിന്റെ പ്രതിനിധികള്‍ പറയുന്നു.

പണം എപ്പോള്‍, എത്ര കിട്ടും?

ഒരു സഞ്ചിതനിധിയുണ്ടാക്കി, ഇവിടുത്തെ പോപ്പുലറിന്റെ ആസ്തികള്‍ സ്വരൂപിച്ച് നിക്ഷേപകര്‍ക്ക് വീതിച്ചുകൊടുക്കുന്ന വഴി സ്വീകരിക്കപ്പെട്ടാല്‍ നിക്ഷേപകര്‍ക്ക് നഷ്ടമായ പണത്തിന്റെ തീരെ ചെറിയ അംശം പോലും തിരികെ കിട്ടില്ല. പോപ്പുലര്‍ സാരഥികള്‍ വിദേശത്തേക്ക് കടത്തിയിരിക്കുന്ന സ്വത്ത്, ബിനാമി പേരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ള ആസ്തികള്‍ എന്നിവയെല്ലാം പൂര്‍ണമായും കണ്ടുകെട്ടണം. ഇതിന് നിലവിലുള്ള പോലീസ് കേസുകള്‍ മതിയാകില്ല. ''ഇന്ത്യ മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന, പതിനായിക്കണക്കിനാളുകള്‍ വഞ്ചിതരായ കേസാണിത്. അതുകൊണ്ടാണ് ഇത് സി ബി ഐയ്ക്ക് വിടണമെന്ന് പറയുന്നത്. വിദേശത്തുനിന്ന് പ്രതികളെയും സ്വത്തും കണ്ടുകിട്ടാനുള്ളതിനാല്‍ ഇന്റര്‍പോളും ഇടപെടണം,'' പണം നഷ്ടമായവരുടെ പ്രതിനിധി പറയുന്നു.

എന്നാല്‍ ഈ രണ്ടു ആവശ്യങ്ങളും ഇപ്പോള്‍ നിറവേറ്റപ്പെട്ടിട്ടില്ല. രാഷ്ട്രീയ നേതൃത്വവും ബന്ധപ്പെട്ട അധികൃതരും ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണെന്ന് നിക്ഷേപകര്‍ പറയുന്നു.

അതിനിടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസുകള്‍ കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമപ്രകാരം - ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട് (ആഡഉട) പ്രകാരം വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവായിട്ടുണ്ട്. എന്നാല്‍ ബഡ്സ് കോടതികളില്‍ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. നിലവില്‍ ജില്ലാ കളക്റ്റര്‍മാര്‍ പോപ്പുലര്‍ ഫിനാന്‍സിന്റെ അതത് ജില്ലകളിലെ

ആസ്തികള്‍ കണ്ടുകെട്ടിയിട്ടുണ്ട്. ബഡ്സ് കോടതിയില്‍ സമയബന്ധിതമായി കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കപ്പെടുമെന്നതാണ് ഒരു സവിശേഷത. ഇപ്പോള്‍ നടക്കുന്ന കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുപോകുകയും ഇരകള്‍ക്ക് സാമാന്യനീതി നിഷേധിക്കപ്പെടുകയും ചെയ്തേക്കാം.

പരാതികളുടെ പ്രളയം, മൊഴിപോലും എടുക്കാനാവാതെ പൊലീസ്

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനെതിരെ പരാതികളുടെ പ്രളയമുണ്ടായിട്ടും മൊഴി പോലും രേഖപ്പെടുത്താന്‍ പലയിടത്തും സാധിച്ചിട്ടില്ല. കോവിഡും മറ്റ് ജോലിതിരക്കുകളും മൂലം പോലീസുകാര്‍ക്ക് അതിന് സാധിച്ചിട്ടില്ലെന്നാണ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട തട്ടിപ്പിനിരയായവരുടെ പ്രതിനിധികള്‍ക്ക്, ലഭിക്കുന്ന മറുപടി.

അതിനിടെ തട്ടിപ്പ് കേസുകള്‍ എല്ലാം ഒറ്റ കേസായി പരിഗണിക്കാനും നീക്കം നടന്നുവെന്ന് നിക്ഷേപകരുടെ പ്രതിനിധികള്‍ പറയുന്നു. ''പോപ്പുലര്‍ ഫിനാന്‍സ് കേസുകള്‍ വെവ്വേറെ രജിസ്റ്റര്‍ ചെയ്താല്‍ സംസ്ഥാനത്തെ ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകും. ദേശീയതലത്തില്‍ തന്നെ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ഉള്ള സംസ്ഥാനമായി കേരളം മാറുന്നത് പ്രതിച്ഛായ മോശമാക്കുന്നതുകൊണ്ടാകാം ഇങ്ങനെ ഒരു നീക്കം നടത്തിയത്,'' തട്ടിപ്പിനിരയായ ഒരു നിക്ഷേപകന്‍ പറയുന്നു.

പ്രതികള്‍ സാരഥികള്‍ മാത്രമാകരുത്

തോമസ് ഡാനിയേലും കുടുംബാംഗങ്ങളും മാത്രം അഴികള്‍ക്കുള്ളില്‍ പോയാല്‍ തട്ടിപ്പിനിരയായവര്‍ക്ക് പണം മുഴുവന്‍ തിരികെ കിട്ടണമെന്നില്ല. മറിച്ച് ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവിത സമ്പാദ്യം തട്ടിയെടുക്കാന്‍ കൂടെ നിന്ന പോപ്പുലറിന്റെ ഉന്നത തലത്തിലുണ്ടായിരുന്ന ജീവനക്കാരും തട്ടിപ്പ് നടത്താന്‍ വേണ്ട സംവിധാനം ഒരുക്കികൊടുത്ത ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാരും കമ്പനി സെക്രട്ടറിമാരും കേസില്‍ പ്രതിയാക്കപ്പെടുകയും അവരുടെ ആസ്തികള്‍ കൂടി കണ്ടുകെട്ടുകയും വേണമെന്ന് നിക്ഷേപകര്‍ പറയുന്നു. ''12 മുതല്‍ 15 ശതമാനം വരെ പലിശ വാഗ്്ദാനം ചെയ്താണ് എന്നില്‍ നിന്ന് നിക്ഷേപം വാങ്ങിയത്. രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ബ്രാഞ്ച് മാനേജരായൊക്കെ വിരമിച്ചവരും വിദേശത്ത് പ്രൊഫഷണലായി സേവനമനുഷ്ഠിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയവരുമൊക്കെയായിരുന്നു പോപ്പുലറിന്റെ റീജണല്‍, സോണല്‍ മേധാവികള്‍. ഇവര്‍ക്ക് നിക്ഷേപം ക്യാന്‍വാസ് ചെയ്താല്‍ രണ്ടു മുതല്‍ അഞ്ചു ശതമാനം വരെയായിരുന്നു കമ്മിഷന്‍. തെറ്റിന് കൂട്ടുനിന്ന അവരും കൂട്ടുപ്രതികളാകണം. അവരുടെ ആസ്തികളും കണ്ടുകെട്ടണം. ബഡ്സ് ആക്ട് പ്രകാരം അതുകൂടി നടന്നാലേ നിക്ഷേപകര്‍ക്ക് നീതി കിട്ടു,'' പോപ്പുലറില്‍ നിക്ഷേപം നടത്തിയ ഒരു വ്യക്തി പറയുന്നു.

16 ഓളം എല്‍എല്‍പികള്‍ രൂപീകരിച്ചാണ് പോപ്പുലര്‍ പണം തട്ടിയെടുത്തിരിക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സിലാണ് നിക്ഷേപം നടത്തിയതെന്ന് വിശ്വസിച്ചിരുന്നവര്‍ ഇപ്പോഴാണ് അറിയുന്നത് അവര്‍ എല്‍എല്‍പി പാര്‍ട്ണര്‍ ആണെന്ന്. എല്‍എല്‍പി പാര്‍ട്ണറായി പണം നിക്ഷേപിച്ചാല്‍ കമ്പനി പൊളിഞ്ഞാല്‍ പാര്‍ട്ണര്‍ക്ക് പണം ലഭിക്കില്ലല്ലോ? മാത്രമല്ല കേസില്‍ പ്രതിയാകുകയും ചെയ്യും. കുറച്ച് ഫോമില്‍ ഒപ്പിട്ടുകൊടുത്താല്‍ മാത്രം എല്‍എല്‍പി പാര്‍ട്ണറാകില്ല. ഇപ്പോള്‍ മിക്കവാറും ഇ ഫയലിംഗ് ആയതിനാല്‍ പാര്‍ട്ണര്‍മാര്‍ എല്ലാവരും ഡിജിറ്റല്‍ ഒപ്പ് ഉണ്ടാക്കണം. എല്‍എല്‍പി നിലവില്‍ വരാന്‍ നിശ്ചിതമായ നടപടിക്രമങ്ങളുണ്ട്. അതിന്റെ ബിസിനസ് തുടങ്ങാനും കൃത്യമായ ചട്ടങ്ങളുണ്ട്. നിക്ഷേപകരില്‍ നിന്ന് മതിയായ രേഖകള്‍ വാങ്ങാതെ, അവരുടെ ഡിജിറ്റല്‍ ഒപ്പില്ലാതെ ആണ് എല്‍എല്‍പി പാര്‍ട്ണര്‍ ആക്കിയതെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കാം.

തട്ടിപ്പിനിരയാവരെ വീണ്ടും തട്ടിക്കാന്‍ തട്ടിപ്പ് സംഘങ്ങള്‍!

അതിനിടെ തട്ടിപ്പിന് ഇരയായവരെ തട്ടിക്കാന്‍ സംഘടിത നീക്കങ്ങളുണ്ടെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു. പോപ്പുലറിന്റെ കണ്ടുകെട്ടുന്ന ആസ്തികളില്‍ നിന്ന് നിക്ഷേപം വീണ്ടെടുക്കാന്‍ സിവില്‍ കേസ് കൊടുക്കണമെന്നും കോടതി ഫീസ് വേണമെന്നുമൊക്കെ ചൂണ്ടിക്കാട്ടി ചില അഭിഭാഷകരും അവരുടെ കമ്മിഷന്‍ ഏജന്റുമാരും വന്‍തോതില്‍ പണം പിരിക്കുന്നുണ്ടത്രേ. ഫീസായി 10,000 രൂപയും ഒപ്പം നിക്ഷേപത്തുകയുടെ 10 ശതമാനവും ഇവര്‍ നിക്ഷേപകരില്‍ നിന്ന് ഈടാക്കുന്നുണ്ടത്രേ.

''ബഡ്സ് കോടതിയില്‍ വിചാരണ നടത്തി വിധി വന്നാല്‍ മാത്രമേ നിക്ഷേപകര്‍ക്ക് ഇനി പണം ലഭിക്കൂ. നിക്ഷേപം നടത്തിയ തുകയുടെ ഉറവിടം വെളിവാക്കുന്ന രേഖകളുമൊക്കെയായി നിക്ഷേപകര്‍ എത്തേണ്ട തീയതികളൊക്കെ നിക്ഷേപകരെ അറിയിക്കും. ആശങ്കാകുലരായ നിക്ഷേപകര്‍ വീണ്ടും പണം നഷ്ടപ്പെടുത്തേണ്ടതില്ല,'' നിക്ഷേപകരുടെ സംഘത്തിന്റെ പ്രതിനിധികളും അഭിഭാഷകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും പറയുന്നു.

പോപ്പുലറിന്റെ ഏതെങ്കിലും കുറച്ച് ആസ്തി വിറ്റോ ലേലം ചെയ്തോ കുറച്ച് നിക്ഷേപകര്‍ക്ക് പണം കൊടുക്കുന്ന വിധത്തിലുള്ള നീതി നടപ്പാക്കലൊന്നും ഉണ്ടാവില്ല. അത്തരം അബദ്ധ ധാരണകള്‍ തട്ടിപ്പിനിരയായവര്‍ വെച്ചുപുലര്‍ത്തുകയും വേണ്ട. സിബിഐ, ഇന്റര്‍പോള്‍ എന്നിവയുടെ ഇടപെടലും ബഡ്സ് കോടതി വിചാരണയും പോലീസ് കേസുകളും സാധാരണക്കാരുടെ പണം നഷ്ടപ്പെടരുതെന്ന സാമൂഹ്യജാഗ്രതയും ഉണ്ടായാല്‍ മാത്രമേ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനിരിയായവര്‍ക്ക് അവരുടെ പണം തിരികെ ലഭിക്കൂ.

Tags:    

Similar News