ടാല്‍കം പൗഡര്‍ വഴി കാന്‍സര്‍: ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന് അമേരിക്കന്‍ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി
കാന്‍സര്‍ ബാധിച്ച വനിതകള്‍ക്ക് 212 കോടി ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അണ്ഡാശയ കാന്‍സര്‍ ബാധിച്ച 22 വനിതകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നല്‍കിയ ഹരജി യുഎസ് സുപ്രീം കോടതി തള്ളി. നേരത്തെ, കാന്‍സര്‍ ബാധിച്ച വനിതകള്‍ക്ക് 469 കോടി ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനായിരുന്നു ഉത്തരവ്. തുടര്‍ന്ന് 212 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് കാണിച്ച് കമ്പനി മിസ്സൗറി അപ്പലേറ്റ് കോടതിയില്‍ കഴിഞ്ഞ വര്‍ഷം ഹരജി നല്‍കിയിരുന്നു. ഇത് തള്ളിയതിനെ തുടര്‍ന്നാണ് യുഎസ് സുപ്രീം കോടതിയെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി സമീപിച്ചത്. യുഎസ് സുപ്രീം കോടതിയും ഹരജി തള്ളിയതോടെ കമ്പനി മുഴുവന്‍ തുകയും നഷ്ടപരിഹാരമായി നല്‍കേണ്ടി വരും.
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡറിലും മറ്റ് ടാല്‍കം പൗഡര്‍ ഉല്‍പ്പന്നങ്ങളിലും ഉപയോഗിക്കുന്ന ആസ്ബറ്റോസാണ് സ്ത്രീകളില്‍ അണ്ഡാശയ കാന്‍സറിന് കാരണമായത്. കമ്പനിക്കെതിരേ 19,000 കേസുകളാണ് വിവിധ കോടതികളില്‍ ഫയല്‍ ചെയ്തിട്ടുള്ളത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങളിലെ ആസ്ബറ്റോസ് സാന്നിധ്യം കാന്‍സറിന് കാരണമാകുന്നതായുള്ള വാദം കമ്പനി നേരത്തെ നിഷേധിച്ചിരുന്നു.
നേരത്തെ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ടാല്‍കം ഉല്‍പ്പന്നങ്ങള്‍ക്കെതിരേ ആരോപണം ഉയര്‍ന്നതിന് പിന്നാലെ അമേരിക്കയിലെയും കാനഡയിലെയും ടാല്‍കം പൗഡറുകളുടെ ഉല്‍പ്പാദനം കമ്പനി നിര്‍ത്തിവച്ചിരുന്നു.