വന്‍തുക നിക്ഷേപം നേടി കാര്‍സ് 24; മൂല്യം ഇരട്ടിയായി
ഇതോടെ കമ്പനിയുടെ മൂല്യം ഇരട്ടിയായി
യൂസ്ഡ് കാര്‍ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കാര്‍സ് 24 ന് ശ്രദ്ധേയ നേട്ടം. 450 ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ് നേടിയാണ് കമ്പനി കരുത്ത് തെളിയിച്ചത്. സീരിസ് എഫ് ഇക്വിറ്റി റൗണ്ടിലൂടെ 340 ദശലക്ഷം ഡോളറും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 110 ദശലക്ഷം ഡോളര്‍ കടമായും കമ്പനി സമാഹരിച്ചു. ഇതോടെ കാര്‍സ്24 ന്റെ മൂല്യം 1.84 ശതകോടി ഡോളറായി.
ഡിഎസ്ടി ഗ്ലോബല്‍, ഫാല്‍ക്കണ്‍ എഡ്ജ്, സോഫ്റ്റ്ബാങ്ക് എന്നിവയാണ് നിക്ഷേപം നടത്തിയ പ്രമുഖ കമ്പനികള്‍. കൂടാതെ ടെന്‍സന്റ്, നിലവിലെ നിക്ഷേപകരായ മൂര്‍ സ്ട്രാറ്റജിക് വെഞ്ചേഴ്‌സ്, എക്‌സോര്‍ സീഡ്‌സ് എന്നിവയും നിക്ഷേപം നടത്തി.
രാജ്യത്തെ ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യാന്തര തലത്തില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ വിക്രം ചോപ്ര പറയുന്നു. അടുത്തിടെ യുഎഇ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ കാര്‍സ്24 പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം യുഎഇയില്‍ ആയിരത്തിലേറെ കാറുകളാണ് കമ്പനി വിറ്റത്.
യൂസ്ഡ് കാര്‍ ഓണ്‍ലൈന്‍ വില്‍പ്പനയുടെ 90 ശതമാനം വിപണി പങ്കാളിത്തമാണ് കാര്‍സ് 24 ന് ഇന്ത്യയിലുള്ളത്.