സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്ന പദ്ധതികളുമായി സിഐഐ

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ദക്ഷിണമേഖലയുടെ ബിയോണ്ട് സൗത്ത് ഇന്ത്യ@75 എന്ന തീമിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കും

Update:2022-11-18 10:13 IST

സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (CII) ദക്ഷിണമേഖല അധ്യക്ഷയും ഭാരത് ബയോടെക്കിന്റെ സഹസ്ഥാപകയുമായ സുചിത്ര എല്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യവസായ വളര്‍ച്ചയും, നിക്ഷേപവും പ്രോത്സാഹിപ്പിക്കുകയാണ് സിഐഐയുടെ ലക്ഷ്യം. നയപരവും, ഭരണപരവുമായ കാര്യങ്ങളിലെ ഗുണമേന്മ, മികവിന്റെ മേഖലകളെ കൂടുതല്‍ മികവുറ്റതാക്കുക, ജീവനും, ജീവിതോപാധികളും സംരക്ഷിക്കുക, സാമൂഹ്യബന്ധങ്ങള്‍, സുസ്ഥിരത, അംഗങ്ങളുമായുള്ള നിരന്തരബന്ധം നിലനിര്‍ത്തക എന്നിവയാണ് സിഐഐ ദക്ഷിണമേഖലയുടെ ബിയോണ്ട് സൗത്ത് ഇന്ത്യ@75 എന്ന തീമിന്റെ ഭാഗമായുള്ള പ്രധാന ലക്ഷ്യങ്ങള്‍.

ദക്ഷിണേന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നുള്ള ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് ഫോറത്തിന്റെ രൂപീകരണം സിഐഐയുടെ ഈ വര്‍ഷത്തെ മുന്‍ഗണന വിഷയമാണ്. കേരളവുമായി സമാനമായ ഒരു ഫോറം ഇതിനകം സിഐഐ രൂപീകരിച്ചിട്ടുണ്ട്. വിനോദ സഞ്ചാര മേഖലക്ക് പൂര്‍ണ്ണമായ അര്‍ത്ഥത്തിലുള്ള വ്യവസായ പദവി നല്‍കാനും എല്ലാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും സംഘടന സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടും. നഗരങ്ങളുടെ ഹരിതവത്കരണം ഉള്‍പ്പടെയുള്ള സുസ്ഥിര വികസ പദ്ധതികള്‍ക്കൊപ്പം കേരളത്തിന്റെ സാംസ്‌ക്കാരിക-കലാ പാരമ്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാവും സിഐഐയുടെ പദ്ധതികള്‍.

മെഡിക്കല്‍ ടൂറിസത്തില്‍ കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ആഗോളനിലവാരത്തിലുള്ള ഒരു ആയുര്‍വേദ യൂണിവേഴ്സിറ്റി സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സുചിത്ര എല്ല വ്യക്തമാക്കി. വികസവ പ്രവര്‍ത്തനങ്ങള്‍ക്കായി കോട്ടയും, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലാവും സിഐഐ ശ്രദ്ധ കേന്ദ്രീകരിക്കുക. ലോക സാമ്പത്തിക ഫോറം, ബ20 തുടങ്ങിയ ആഗോള പരിപാടികളില്‍ ബ്രാന്‍ഡ് കേരളയുടെ പ്രചാരണത്തിനായി സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കും. ഒരോ ജില്ലയിലും ഒരു ഉല്‍പ്പന്നത്തെ പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും സിഐഐയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഐടി, സ്റ്റാര്‍ട്ട്പസ്, എംഎസ്എംഇ, കൃഷി, ഭക്ഷ്യ സംസ്‌ക്കരണം, സുഗന്ധ വ്യജ്ഞനങ്ങള്‍, കുടുബകേന്ദ്രീകൃത ബിസിനസ്സുകള്‍ എന്നിവയാണ് ഈ വര്‍ഷം കേരളത്തില്‍ സിഐഐ ഫോക്കസ്സ് ചെയ്യുന്നതെന്നും സുചിത്ര എല്ല വ്യക്തമാക്കി.

Tags:    

Similar News