രാജ്യത്ത് മൊത്തം വൈദ്യുതോല്‍പ്പാദനം ഉയര്‍ന്നു; കല്‍ക്കരി മേഖല മുന്നില്‍

കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം വര്‍ധിച്ചപ്പോള്‍ ലിഗ്‌നൈറ്റ് അധിഷ്ഠിത വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞു

Update: 2023-01-09 07:08 GMT

 image: @canva

രാജ്യത്തെ കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം 2022 ഡിസംബറില്‍ 15.03 ശതമാനം വര്‍ധിച്ച് 98,443 ദശലക്ഷം യൂണിറ്റിലേക്ക് ഉയര്‍ന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ വര്‍ഷം ഇതേ മാസം ഇത് 85,579 ദശലക്ഷം യൂണിറ്റായിയുന്നു. രാജ്യത്തെ മൊത്തം വൈദ്യുതോല്‍പ്പാദനം 2022 നവംബറിലെ 1,18,029 ദശലക്ഷം യൂണിറ്റില്‍ നിന്ന് ഡിസംബറില്‍ 1,28,536 ദശലക്ഷം യൂണിറ്റായി. 8.90 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഏറ്റവും വിലകുറഞ്ഞ പ്രകൃതിവിഭവവും ഇന്ത്യയില്‍ സമൃദ്ധമായി ലഭിക്കുന്നതും കൊണ്ട് തന്നെ കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതിയാണ് രാജ്യത്തെ മൊത്തം വൈദ്യുതോല്‍പ്പാദനത്തിന്റെ ഏറിയ പങ്കും വഹിക്കുന്നത്. പുനരുപയോഗ ഊര്‍ജത്തിലേക്ക് മാറാന്‍ രാജ്യം ശ്രമിക്കുന്നുണ്ടെങ്കിലും കല്‍ക്കരി ഇന്ത്യയുടെ പ്രധാന ഊര്‍ജ സ്രോതസ്സായി തുടരും. നിലവില്‍ കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉല്‍പ്പാദനം രാജ്യത്തെ മൊത്തം വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 76.59 ശതമാനം വരും.

ആഭ്യന്തര കല്‍ക്കരി ഉപയോഗം 2021-2022 ലെ 678 ദശലക്ഷം ടണ്ണില്‍ നിന്ന് 2031-32 ആകുമ്പോഴേക്കും 1,018.2 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഇന്ത്യയില്‍ കല്‍ക്കരി ഉപഭോഗം വീണ്ടും വര്‍ധിക്കും. ഗതാഗത ചെലവ് നിര്‍ണയിക്കുന്നതിലും, അതുവഴി അന്തിമ ഉല്‍പ്പന്നത്തിന്റെ വില നിര്‍ണ്ണയിക്കുന്നതിലും വരെ ഇതിന് വലിയ പങ്കുണ്ട്.

അതേസമയം കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം വര്‍ധിച്ചപ്പോള്‍ ഡിസംബറില്‍ ലിഗ്‌നൈറ്റ് അധിഷ്ഠിത വൈദ്യുതി ഉല്‍പ്പാദനം 2,227 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ മാസം ഇത് 2,272 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാല്‍ ജലം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം ഡിസംബറില്‍ 5.94 ശതമാനം വര്‍ധിച്ച് 9,132 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,620 ദശലക്ഷം യൂണിറ്റായിരുന്നു.

Tags:    

Similar News