കല്‍ക്കരി ക്ഷാമവും എണ്ണവിലയും സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന വിദഗ്ധര്‍

ഉല്‍പ്പാദനം കുറയുകയും പണപ്പെരുപ്പം കൂടുകയും ചെയ്യുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു

Update:2021-10-07 17:22 IST

Representation

കല്‍ക്കരി ക്ഷാമവും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയ്ല്‍ വില കൂടുന്നതും രാജ്യത്തെ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് വിദഗ്ധര്‍. ഇതു വഴിയുണ്ടാകുന്ന ഊര്‍ജ ക്ഷാമം മാനുഫാക്ചറിംഗ് മേഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കുമ്പോള്‍ പണപ്പെരുപ്പം ഒരു ശതമാനം കണ്ട് ഉയരുമെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവെക്കുന്നു.

ഇന്ധന ഇറക്കുമതി തുക വന്‍തോതില്‍ കൂടുന്നത് കറന്റ് എക്കൗണ്ട് കമ്മി 2022 സാമ്പത്തിക വര്‍ഷത്തെ ജിഡിപിയുടെ ഒരു ശതമാനമാകുമെന്നും കണക്കുകൂട്ടുന്നു. കഴിഞ്ഞ വര്‍ഷം ജിഡിപിയുടെ 0.9 ശതമാനം മിച്ചം ഉണ്ടായ സ്ഥാനത്താണിത്.
ഇന്നുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ കല്‍ക്കരി ക്ഷാമമാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്. പവര്‍ സ്റ്റേഷനുകളിലെ ഇന്ധന സംഭരണം താഴ്ന്ന നിലയിലുമാണ്. മണ്‍സൂണ്‍ കാലത്ത് സാധാരണയായി കല്‍ക്കരി ക്ഷാമം നേരിടാറുണ്ടെങ്കിലും ഇത്തവണ അത് കടുത്തതായി. അതേസമയം ക്രൂഡ് ഓയ്‌ലിന്റെ വില ദശാബ്ദത്തിലെ ഉയര്‍ന്ന വിലയായ ബാരലിന് 80 ഡോളറിലെത്തുകയും ചെയ്തു.
കല്‍ക്കരി ക്ഷാമം ഇനിയും തുടരുകയാണെങ്കില്‍ സാമ്പത്തിക വളര്‍ച്ചയെയും ഉല്‍പ്പാദനത്തെയും അത് സാരമായി ബാധിക്കുമെന്ന് ഇന്ത്യ റേറ്റിംഗ്‌സിന്റെ ചീഫ് ഇക്കണോമിസ്റ്റ് ദേവേന്ദ്ര കുമാര്‍ പന്തിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കല്‍ക്കരിയുടെയും ക്രൂഡ് ഓയ്‌ലിന്റെയും വില കൂടുന്നത് സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിനെ ബാധിക്കും.


Tags:    

Similar News