ഇന്ത്യക്കാര്‍ കുടിച്ചു സഹായിച്ചു, ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡായി സ്‌പ്രൈറ്റ്
രാജ്യത്ത് ബില്യണ്‍ ഡോളര്‍ വില്‍പ്പന നേടുന്ന കൊക്കക്കോളയുടെ രണ്ടാമത്തെ ബ്രാന്‍ഡാണ് സ്‌പ്രൈറ്റ്
കൊക്കകോളയ്ക്ക് കീഴിലുള്ള പ്രമുഖ ശീതളപാനീയ ബ്രാന്‍ഡ് സ്‌പ്രൈറ്റിന്റെ വില്‍പ്പന ഒരു ബില്യണ്‍ ഡോളര്‍ കടന്നു. കൊക്കക്കോളയുടെ സിഇഒയും ചെയര്‍മാനുമായ ജെയിംസ് ക്വിന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. തംസ് അപ്പിന് ശേഷം ഇന്ത്യയില്‍ ബില്യണ്‍ ഡോളര്‍ വില്‍പ്പന നേടുന്ന കമ്പനിയുടെ രണ്ടാമത്തെ ബ്രാന്‍ഡാണ് സ്‌പ്രൈറ്റ്.
ഈ വര്‍ഷം മൂന്നാംപാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) ഏഷ്യ-പസഫിക് മേഖലയില്‍ ഒമ്പത് ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലെ വില്‍പ്പന കൊക്കക്കോളയ്ക്ക് നേട്ടമായി. ഇന്ത്യയില്‍ കമ്പനി കൊക്കക്കോള, തംസ് അപ്പ്, ഫാന്റ, സ്‌പ്രൈറ്റ്, ലിംകാ, മിനിട്ട്‌മെയ്ഡ്, മാസ തുടങ്ങി 13 ബ്രാന്‍ഡുകളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.
ഇന്ത്യയില്‍ 2.5 ബില്യണ്‍ ഇടപാടുകള്‍ കമ്പനി നടത്തിയെന്നും സിഇഒ പറഞ്ഞു. ആഗോള തലത്തില്‍ കമ്പനിയുടെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ. മൂന്നാംപാദത്തില്‍ 11.05 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് കൊക്കക്കോള നേടിയത്. കമ്പനിയുടെ അറ്റവരുമാനം (Net Income) 14 ശതമാനം ഉയര്‍ന്ന് 2.8 ബില്യണ്‍ ഡോളറിലെത്തി. നിലവില്‍ 58.95 ഡോളറാണ് കൊക്കക്കോള ഓഹരികളുടെ വില.