2 വര്‍ഷത്തിനിടെ ആദ്യം, കോര്‍പറേറ്റുകളുടെ ലാഭം ഇടിയുന്നു
അതേ സമയം വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനികളുടെ വരുമാനം രണ്ടക്ക വളര്‍ച്ച നേടി
കോവിഡിന് ശേഷം ബിസിനസ് മേഖലയിലുണ്ടായ കുതിപ്പ് പതുക്കെ അവസാനിക്കുകയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദഫലങ്ങള്‍ നല്‍കുന്ന സൂചനയും ഇതാണ്. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ വലിയൊരു വിഭാഗം കമ്പനികളുടെയും അറ്റാദായത്തില്‍ ഇടിവുണ്ടായി.
2020 ഏപ്രില്‍-ജൂണ്‍ പാദത്തിന് ശേഷം ആദ്യമായാണ് കമ്പനികളുടെ ലാഭം കുറയുന്നത്. ഉല്‍പ്പാദന സാമഗ്രികളുടെ വില ഉയര്‍ന്നത്, ഊര്‍ജ്ജ വില, ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയവയൊക്കെ കമ്പനികളെ ബാധിച്ചു. അതേ സമയം വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനികളുടെ വരുമാനം രണ്ടക്ക വളര്‍ച്ച നേടി. വിവിധ മേഖലകളിലെ 2,725 ലിസ്റ്റഡ് കമ്പനികളുടെ മൊത്തം അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രണ്ടാംപാദത്തില്‍ 6.3 ശതമാനം ഇടിയുകയാണ് ചെയ്തത്.
2.06 ട്രില്യണ്‍ രൂപയാണ് ഈ കമ്പനികളുടെ അറ്റാദായം. മൊത്തം അറ്റാദായത്തില്‍ കുറവ് രേഖപ്പെടുന്നത് 8 ത്രൈമാസങ്ങള്‍ക്കിടയില്‍ ഇത് ആദ്യമാണ്. ഈ കമ്പനികളുടെ വരുമാനം ഉയര്‍ന്നത് 22.3 ശതമാനം ആണ്. ഇക്കാലയളവില്‍ ലിസ്റ്റഡ് കമ്പനികളുടെ അറ്റവില്‍പ്പന 29.9 ശതമാനം വര്‍ധിച്ച് 25.9 ട്രില്യണ്‍ രൂപയിലെത്തി. രണ്ടാം പാദത്തില്‍ രാജ്യത്തെ ബാങ്കുകളുടെ വരുമാനം ഉയര്‍ന്നില്ലായിരുന്നെങ്കില്‍ ആകെ അറ്റാദായം വീണ്ടും താഴേക്ക് പോകുമായിരുന്നു.
രണ്ടാം പാദത്തില്‍ 31 ലിസ്റ്റഡ് ബാങ്കുകളുടെ ആകെ അറ്റാദായം ഉയര്‍ന്നത് 54.8 ശതമാനം ആണ്. 60,600 കോടി രൂപയായിരുന്നു ഇക്കാലയളവില്‍ ഈ ബാങ്കുകളുടെ അറ്റാദായം. ഒന്നാം പാദത്തില്‍ ഇത് 45,600 കോടി രൂപയായിരുന്നു. ഉയര്‍ന്ന പലിശ നിരക്കും വായ്പ ആവശ്യം വര്‍ധിച്ചതും ബാങ്കുകള്‍ക്ക് നേട്ടമായി. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പടെ സാമ്പത്തിക രംഗത്തുള്ളവയെല്ലാം നേട്ടമുണ്ടാക്കി. അതേ സമയം സാമ്പത്തികേതര മേഖലയിലെ കമ്പനികളുടെ അറ്റാദായം 23.6 ശതമാനം ഇടിയുകയാണ് ചെയ്തത്. മുന്‍വര്‍ഷം അറ്റാദായം 41.2 ശതമാനം ഉയര്‍ന്ന സ്ഥാനത്താണിത്. നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ഈ കമ്പനികളുടെ അറ്റാദായം 10.8 ശതമാനം ഉയര്‍ന്നിരുന്നു.