ക്രിപ്‌റ്റോ ടോക്കണുകളെ പ്രത്യേക ക്ലാസ് ആയി കണക്കാക്കണം; സിഐഐ നിര്‍ദേശമിങ്ങനെ
ഒരു സ്റ്റാന്‍ഡിംഗ് അഡൈ്വസറി കൗണ്‍സില്‍ വേണം.
ക്രിപ്‌റ്റോ ടോക്കണുകളെ പ്രത്യേക അസറ്റ് ക്ലാസ്സുകളായി കണക്കാക്കണമെന്ന് സിഐഐയും. ഇക്കഴിഞ്ഞ ദിവസമാണ് ക്രിപ്‌റ്റോകളെ പ്രത്യേക ക്ലാസ് ആയി കൊണ്ടുവരേണ്ട കാര്യം ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി അഭിപ്രായപ്പെട്ടത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍, 2021 അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങവെയാണ് വ്യവസായ സംഘടനയുടെ ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ളവര്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കുന്നത്.
ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്റ്റോകറന്‍സികളും നിരോധിക്കാനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരും പദ്ധതി ഇട്ടിരിക്കുന്ന ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിക്ക് പ്രത്യേക ചട്ടക്കൂട് സൃഷ്ടിക്കാനുമായിരിക്കും പുതിയ ബില്‍ ശ്രമിക്കുക. എന്നാല്‍ ക്രിപ്‌റ്റോകള്‍ക്ക് പ്രത്യേക സംവിധാനം വരണം, എന്നാല്‍ അസറ്റ് ക്ലാസ് ആക്കുന്നതിന് രാജ്യത്തെ സംവിധാനങ്ങളും ഉണ്ടായിരിക്കണമെന്നാണ് സിഐഐ പറയുന്നത്.
പുതിയ അസറ്റ് ക്ലാസുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ച് ഉപദേശിക്കാന്‍ കഴിയുന്ന റെഗുലേറ്റര്‍മാര്‍, പോളിസി മേക്കര്‍മാര്‍, മറ്റ് പങ്കാളികള്‍ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു സ്റ്റാന്‍ഡിംഗ് അഡൈ്വസറി കൗണ്‍സില്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും സിഐഐ അഭിപ്രായപ്പെട്ടു.
ക്രിപ്‌റ്റോകള്‍ സെബിക്ക് കീഴില്‍ കൊണ്ടുവന്നേക്കുമെന്നാണ് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ക്രിപ്‌റ്റോ-അസറ്റ് നിലവിലുള്ള സെക്യൂരിറ്റീസ് നിയന്ത്രണങ്ങളുടെ വ്യവസ്ഥകള്‍ക്ക് വിധേയമാക്കേണ്ടതില്ല, പകരം,'' അവരുടെ അധികാരപരിധിയില്ലാത്തതും വികേന്ദ്രീകൃതവുമായ സ്വഭാവം'' കണക്കിലെടുത്ത് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നത് ഉചിതമായിരിക്കുമെന്നാണ് സിഐഐ നിര്‍ദേശം.
നന്ദന്‍ നിലേകനിയും ഇത്തരം ഒരു അഭിപ്രായവുമായിട്ടാണ് മുന്നോട്ട് വന്നിരുന്നത്.
'ക്രിപ്റ്റോയ്ക്ക് ആസ്തിയെന്ന നിലയില്‍ ഇന്ന് വലിയ പങ്കുണ്ട്, പക്ഷേ അവര്‍ എല്ലാ നിയമങ്ങളും പാലിക്കുകയും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഒരു പിന്‍വാതിലായി മാറുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. ധാരാളം യുവാക്കളെ നിക്ഷേപത്തിലേക്ക് നയിക്കുന്നതിനും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലില്‍ പങ്കാളികളാക്കുന്നതിനും ഇത് ഉപയോഗിക്കേണ്ടതുണ്ട്. ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ നിലേകനി പറഞ്ഞു.
കറന്‍സികളായല്ല, മറിച്ച് ആസ്തികളായി നമുക്ക് ക്രിപ്റ്റോകളെ കാണാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ വളരെ നിയന്ത്രിതവും നിയമാനുസൃതവുമായ ഒരു ക്രിപ്റ്റോ മാര്‍ക്കറ്റ് നമുക്കുണ്ടാകണം. ധാരാളം ചെറുപ്പക്കാര്‍ ക്രിപ്റ്റോ വിനിമയത്തിലേക്ക് കടന്നു വന്നാല്‍ ആഗോള തലത്തില്‍ നമുക്ക് വളരാം, നിലേകനി അഭിപ്രായം പങ്കുവച്ചതിങ്ങനെ.