എയര്‍ ഇന്ത്യ ഓഹരി വില്‍പ്പനാ നടപടി വീണ്ടും ഇഴയുന്നു

Update: 2020-06-29 05:29 GMT

എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്ന പ്രക്രിയയുടെ ഭാഗമായി താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അന്തിമ തീയതി കേന്ദ്ര സര്‍ക്കാര്‍ മൂന്നാം വട്ടവും രണ്ടു മാസത്തേക്ക് കൂടി നീട്ടി. ഓഗസ്റ്റ് 31 ആണ് പുതിയ തീയതി. നടപടികള്‍ക്ക് തുടക്കമിട്ട് ജനുവരിയിലാണ് താത്പര്യം ക്ഷണിച്ചത്.

മാര്‍ച്ച് 17 ആണ് അവസാന തീയതിയായി ആദ്യം പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് ഏപ്രില്‍ 30ലേക്കും പിന്നീട് ജൂണ്‍ 30ലേക്കും നീട്ടുകയായിരുന്നു. കോവിഡും ലോക്ക്ഡൗണും വ്യോമയാന മേഖലയില്‍ സൃഷ്ടിച്ച സമ്പദ് പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് തീയതി വീണ്ടും നീട്ടിയത്. ഒട്ടേറെ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥന മാനിച്ചാണ് തീയതി നീട്ടിയതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പബ്‌ളിക് അസറ്റ് മനേജ്മെന്റ് (ദിപം) വ്യക്തമാക്കി.

എയര്‍ ഇന്ത്യ, ബി.പി.സി.എല്‍ ഉള്‍പ്പെടെ പൊതുമേഖലാ ഓഹരി വില്പനയിലൂടെ നടപ്പുവര്‍ഷം 2.10 ലക്ഷം കോടി രൂപ നേടുകയാണ് കേന്ദ്ര ലക്ഷ്യം.പക്ഷേ, ഇതിനായുള്ള നടപടികള്‍ ഇതുവരെ മുന്നോട്ടുപോകുന്നില്ല. എല്‍.ഐ.സിയുടെ ഓഹരി വില്പനയും (ഐ.പി.ഒ) സര്‍ക്കാരിന്റെ പട്ടികയിലുണ്ട്.

ബി.പി.സി.എല്ലില്‍ കേന്ദ്രത്തിനുള്ള 52.98 ശതമാനം ഓഹരികളും വിറ്റൊഴിയുന്നതിന്റെ ഭാഗമായുള്ള താത്പര്യപത്രം നല്‍കാനുള്ള തീയതിയും നീട്ടിയിട്ടുണ്ട്. മേയ് രണ്ട് ആയിരുന്നു ആദ്യ തീയതി. പിന്നീടിത് ജൂണ്‍ 13ലേക്കും തുടര്‍ന്ന് ജൂലായ് 31ലേക്കുമാണ് നീട്ടിയത്.എയര്‍ ഇന്ത്യയുടെ കട ഭാരത്തില്‍ 23,286.5 കോടി രൂപ, ഓഹരികള്‍ സ്വന്തമാക്കുന്ന നിക്ഷേപകര്‍ വഹിക്കേണ്ടി വരും. ബാക്കി ബാദ്ധ്യത സര്‍ക്കാര്‍ സജ്ജമാക്കിയ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് എന്ന എസ്.പി.വിക്ക് കൈമാറും.

മാര്‍ച്ച് 31 പ്രകാരമുള്ള കണക്കനുസരിച്ച് 60,074 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കട ബാദ്ധ്യത. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്താലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. കൂടുതല്‍ ബാദ്ധ്യത ഒഴിവാക്കാനാണ് 100 ശതമാനം ഓഹരികളും സര്‍ക്കാര്‍ വിറ്റൊഴിയുന്നത്. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ 2018ല്‍ കേന്ദ്രം നടത്തിയ ശ്രമം വാങ്ങാനാളില്ലാത്തതിനാല്‍ പരാജയപ്പെട്ടിരുന്നു. സര്‍ക്കാരിനൊപ്പം എയര്‍ ഇന്ത്യയെ നയിക്കാന്‍ താത്പര്യമില്ലെന്ന് നിക്ഷേപകലോകം വ്യക്തമാക്കിയപ്പോള്‍ 100 ശതമാനം ഓഹരികളും വിറ്റൊഴിയാന്‍ ഈ വര്‍ഷം തീരുമാനിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News