കടത്തില്‍ മുങ്ങി ഫാബ്ഇന്ത്യ; കൈപിടിച്ചു കയറ്റാന്‍ ടാറ്റ

ഫാബ്ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ ടാറ്റ ഗ്രൂപ്പ്

Update:2024-04-18 16:58 IST

Image courtesy: fabindia/tata group/canva

കഴിഞ്ഞ മൂന്ന് വര്‍ഷമായി നഷ്ടത്തിലോടുന്ന ഫാബ്ഇന്ത്യയുടെ ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് വാങ്ങാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ഫാബ്ഇന്ത്യയുടെ പ്രൊമോട്ടര്‍മാരുമായും ഓഹരിപങ്കാളികളുമായും ടാറ്റ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. 21,000 കോടി രൂപയില്‍ താഴെയുള്ള ഇടപാടായിരിക്കും ഇതെന്ന് സൂചന.

എത്നിക് വെയര്‍ മേഖലയിലേക്ക്

നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ റീറ്റെയ്ല്‍ വിഭാഗമായ ട്രെന്റിന് കീഴില്‍ വെസ്റ്റ്‌സൈഡ്, സുഡിയോ, ഉത്സ എന്നീ ബ്രാന്‍ഡുകളില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇവയിലേക്ക് ഫാബ്ഇന്ത്യ എത്തുന്നതോടെ എത്നിക് വെയര്‍ മേഖലയില്‍ ടാറ്റ ഗ്രൂപ്പിന് ചുവടുറപ്പിക്കാനാകും. പ്രധാനമായും പ്രീമിയം എത്നിക് വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഫാബ്ഇന്ത്യ കഴിഞ്ഞ മൂന്ന് വര്‍ഷമായി നഷ്ടത്തിലാണ്.

കടത്തില്‍ മുന്നോട്ട് പോകുന്ന കമ്പനിക്ക് കടം തീര്‍ക്കാനും ശേഷി വര്‍ധിപ്പിക്കാനും പുതിയ വസ്ത്രങ്ങളിറക്കാനും ഇപ്പോള്‍ പണം ആവശ്യമാണ്.വിപണിയിലെ അനിശ്ചിതത്വങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം 4,000 കോടി രൂപയുടെ ഐ.പി.ഒ ഫാബ്ഇന്ത്യ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

ജനുവരിയില്‍ ഫാബ്ഇന്ത്യയുടെ ഉപകമ്പനിയായ ഓര്‍ഗാനിക് ഇന്ത്യയെ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് 1,900 കോടി രൂപ മൂല്യത്തില്‍ വാങ്ങുമെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. ഇതിനെല്ലാം ശേഷമാണ് ടാറ്റ ഗ്രൂപ്പ് ഫാബ്ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാനൊരുങ്ങുന്നു എന്ന വാര്‍ത്തയെത്തുന്നത്. ഫാബ്ഇന്ത്യയ്ക്ക് 300ല്‍ അധികം സ്റ്റോറുകളുണ്ട്. കമ്പനി വസ്ത്രങ്ങള്‍ കൂടാതെ ഫര്‍ണിച്ചറുകള്‍, ലൈഫ്സ്റ്റൈല്‍ ആക്സസറികള്‍ എന്നിവയും വില്‍ക്കുന്നുണ്ട്. 

Tags:    

Similar News