ബോയിംഗ് വിമാനങ്ങളില്‍ ഒരു ബെയറിംഗിന് കുഴപ്പമുണ്ട്; വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എയുടെ കരുതല്‍ നിര്‍ദേശം

റഡ്ഡര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ നിര്‍മിതിയില്‍ അപാകതയുണ്ടെന്ന് കോളിന്‍സ് എയ്‌റോസ്‌പേസ്

Update:2024-10-07 18:39 IST

Image: @Canva

ബോയിംഗ് 737 വിമാനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ വിമാനകമ്പനികള്‍ക്ക് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ കരുതല്‍ നിര്‍ദേശം. ഈ വിമാനങ്ങളിലെ റഡ്ഡര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന് തകരാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിമാന കമ്പനികള്‍ ഇക്കാര്യത്തില്‍ അധിക പരിശോധന നടത്തേണ്ടതുണ്ടെന്നുമാണ് ഡി.ജി.സി.എ നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിമാനത്തിന്റെ വെര്‍ട്ടിക്കല്‍ ആക്‌സിസിനെ നിയന്ത്രിക്കുന്ന യന്ത്ര സംവിധാനമാണ് റഡ്ഡര്‍ കണ്‍ട്രോള്‍ സിസ്റ്റം (rudder control system). ഒരു പ്രത്യേക കാലയളവില്‍ നിര്‍മ്മിച്ച ബോയിംഗ് 737 വിമാനങ്ങളില്‍ ഈ സംവിധാനത്തിന്റെ ബെയറിംഗ് ഘടിപ്പിച്ചത് തെറ്റായിട്ടാണെന്ന് നിര്‍മാതാക്കളായ കോളിന്‍സ് എയ്‌റോസ്‌പേസ് സമ്മതിച്ചിട്ടുണ്ട്. ബോയിംഗിന് വേണ്ടി റഡ്ഡര്‍ കണ്‍ട്രോള്‍ സിസ്റ്റം നിര്‍മിച്ചു നല്‍കുന്നത് കോളിന്‍സ് എയ്‌റോസ്‌പേസ് ആണ്.

പ്രമുഖ കമ്പനികള്‍ ഉപയോഗിക്കുന്ന വിമാനം

ഇന്ത്യയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാന കമ്പനികള്‍ ബോയിംഗ് 737 ഉപയോഗിക്കുന്നുണ്ട്. 2017 മുതല്‍ ബോയിംഗ് നിര്‍മിച്ച ഈ മോഡലുകളിലാണ് സാങ്കേതിക തകരാറുള്ളത്. ഈ സമയത്ത് 350 റഡ്ഡര്‍ കണ്‍ട്രോള്‍ സിസ്റ്റമാണ് കോളിന്‍സ് എയ്‌റോസ്‌പേസ് ബോയിംഗ് കമ്പനിക്ക് നിര്‍മിച്ചു നല്‍കിയത്. ഈ ബാച്ചിലെ വിമാനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനികള്‍ക്കെല്ലാം സാങ്കേതിക പ്രശ്നങ്ങള്‍ നേരിടാനുള്ള സാധ്യതയുണ്ട്. ഇന്ത്യയില്‍ എത്ര വിമാനങ്ങളെ ഇത് ബാധിക്കുമെന്ന് വ്യക്തമല്ല.

മുന്‍ കരുതല്‍ വേണമെന്ന് ഡി.ജി.സി.എ

സാങ്കേതിക തകരാറിനെതിരെ ജാഗ്രത പാലിക്കാനും മുന്‍കരുതല്‍ എടുക്കാനും ഡി.ജി.സി.എയുടെ നിര്‍ദേശമുണ്ട്. ടെക്‌നീഷ്യന്‍മാര്‍ക്കുള്ള സ്ഥിരം പരിശീലനത്തില്‍ റഡ്ഡര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തണം. അപകടസാധ്യത കൂടുതലുള്ള സമയങ്ങളില്‍ ഇത്തരം വിമാനങ്ങളുടെ ലാന്റിംഗ് പരമാവധി ഒഴിവാക്കണം. വെളിച്ചക്കുറവുള്ള റണ്‍വേകളില്‍ ലാന്റിംഗ് സുരക്ഷിതമായിരിക്കില്ലെന്നും മുന്നറിയിപ്പുണ്ട്. ഫെബ്രുവരിയില്‍ അമേരിക്കയില്‍ ബോയിംഗ് 737 വിമാനത്തില്‍ റഡ്ഡര്‍ അനുബന്ധ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് യു.എസ് നാഷണല്‍ ട്രാസ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് കോളിന്‍സ് എയറോസ്‌പേസ് നിര്‍മിച്ച ഉപകരണത്തിലെ അപാകത കണ്ടെത്തിയത്. തുടര്‍ന്ന് സേഫ്റ്റി ബോര്‍ഡ്, ബോയിംഗിന് നോട്ടീസ് നല്‍കിയിരുന്നു.

Tags:    

Similar News