ചൈനീസ് കമ്പനി വിവോയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി; 4 പേര്‍ അറസ്റ്റില്‍
അറസ്റ്റിലായവരില്‍ ചൈനീസ് പൗരനും
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ ഇന്ത്യാ വിഭാഗത്തിനെതിരെ പണംതിരിമറി തടയല്‍ നിയമപ്രകാരം (PMLA) ന്യൂഡല്‍ഹി പ്രത്യേക കോടതില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടററേറ്റ് (ഇ.ഡി/ED). ഇന്ത്യയില്‍ നികുതി വെട്ടിക്കാനായി ചൈനയിലെ മാതൃകമ്പനിയിലേക്ക് വിവോ ഇന്ത്യ അനധികൃതമായി 62,476 കോടി രൂപ കടത്തിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ വിവോയുടെ ഇന്ത്യയിലെ ഓഫീസുകളിലും കമ്പനിയുമായി ബന്ധപ്പെട്ടവരുടെ ഓഫീസുകളിലും മറ്റും ഇ.ഡി റെയ്ഡും നടത്തിയിരുന്നു.
ചൈനീസ് പൗരനടക്കം അറസ്റ്റില്‍
കേസുമായി ബന്ധപ്പെട്ട് ഒരു ചൈനീസ് പൗരനടക്കം 4 പേരെ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ലാവ ഇന്റര്‍നാഷല്‍ മൊബൈല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഹരി ഓം റായ്, ചൈനീസ് പൗരന്‍ ഗ്വാങ്‌വെന്‍ (ആന്‍ഡ്രൂ ക്വാങ്), ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ നിതിന്‍ ഗാര്‍ഗ്, രാജന്‍ മാലിക് എന്നിവരാണ് അറസ്റ്റിലായത്.
ലാവയും ചൈനീസ് കമ്പനിയായ വിവോയും ചേര്‍ന്ന് സംയുക്ത സംരംഭം ഇന്ത്യയില്‍ ആരംഭിക്കാന്‍ ഒരു ദശാബ്ദം മുമ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും എന്നാല്‍ 2014ന് ശേഷം തനിക്കോ കമ്പനിക്കോ വിവോയുമായി ഇടപാടുകളൊന്നുമില്ലെന്നും ലാവയുടെ സ്ഥാപകന്‍ കൂടിയായ ഹരി ഓം റായ് കോടതിയില്‍ വാദിച്ചിരുന്നു. തനിക്കോ കമ്പനിക്കോ വിവോയുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.