കോവിഡ് പ്രതിസന്ധിയില്‍ തൊഴിലും വരുമാനമാര്‍ഗ്ഗവും നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഈ സാഹചര്യത്തില്‍ അധ്യാപനത്തില്‍ അഭിരുചിയുള്ളവര്‍ക്ക് വീട്ടിലിരുന്നുകൊണ്ട് ഓണ്‍ലൈനിലൂടെ ട്യൂഷന്‍ നല്‍കി മികച്ച വരുമാനം നേടാം.
സാമൂഹിക അകലം പാലിക്കേണ്ടതുള്ളതുകൊണ്ട് ട്യൂഷന്‍ സെന്ററുകളില്‍ പോയി പഠിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. സ്‌കൂളുകള്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിഗതശ്രദ്ധ ലഭിക്കുന്നില്ല. ഇതൊക്കെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ട്യൂഷന്റെ പ്രസക്തി കൂട്ടുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങളിലെയും അധ്യയനവര്‍ഷം തീരുന്ന സമയമായതിനാല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ചെറിയൊരു കുറവുണ്ടായിട്ടുണ്ടെന്ന് ഏഴ് വര്‍ഷമായി ഓണ്‍ലൈന്‍ ട്യൂഷന്‍ എടുക്കുന്ന സൂര്യ നിഷീദ് പറയുന്നു.
കെപിഎംജി & ഗൂഗിള്‍ റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ മേഖല 2021ഓടെ 1.96 ബില്യണ്‍ ഡോളര്‍ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വലിയ അവസരം മുതലാക്കാന്‍ നിങ്ങള്‍ തയാറാണോ?
എന്തുകൊണ്ട് ഓണ്‍ലൈന്‍ ട്യൂട്ടറാകണം?
1.നിങ്ങളുടെ സൗകര്യത്തിന് വീടിന്റെ കംഫര്‍ട്ടിലിരുന്ന് ജോലി ചെയ്യാം.
2.സൗകര്യം അനുസരിച്ച് സമയം തീരുമാനിക്കാം
3.കൂടുതല്‍ വരുമാനം
4.എത്ര കൂടുതല്‍ ജോലി ചെയ്യാന്‍ തയാറാകുന്നുവോ അത്രത്തോളം വരുമാനം നേടാനുള്ള അവസരം.
5.ലാപ്‌ടോപ്പ് വാങ്ങുകയല്ലാതെ മറ്റൊരു മുതല്‍മുടക്കുമില്ല
6.മറ്റൊരാള്‍ക്ക് വിദ്യ പറഞ്ഞുകൊടുക്കുന്നതിന്റെ മാനസികസംതൃപ്തി
എങ്ങനെ ഓണ്‍ലൈന്‍ ട്യൂട്ടറാകാം?
നേരത്തെ സൂചിപ്പിച്ചതുപോലെ കാര്യമായ മൂലധനമൊന്നുമില്ലാതെ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ട്യൂട്ടറാകാം. ഒരു കംപ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പ്, ഗുണമേന്മയുള്ള വെബ്ക്യാം, മൈക്ക്, നല്ല വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവയാണ് ഓണ്‍ലൈന്‍ ട്യൂട്ടറാകാന്‍ ആവശ്യമുള്ള കാര്യങ്ങള്‍.
രണ്ട് രീതികളില്‍ ഓണ്‍ലൈന്‍ ട്യൂട്ടറാകാം. വിദ്യാര്‍ത്ഥികളെയും ഓണ്‍ലൈന്‍ ട്യൂട്ടര്‍മാരെയും തമ്മില്‍ കണക്റ്റ് ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സൈന്‍ അപ്പ് ചെയ്ത് ഈ രംഗത്ത് നിങ്ങള്‍ക്ക് ചുവടുറപ്പിക്കാം. ഇതുപോലെ നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അത്തരം പ്ലാറ്റ്‌ഫോമില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നിരക്കുകള്‍ സെറ്റ് ചെയ്യാം. ഓരോ സെഷന്റെയും 15-20 ശതമാനം കമ്മീഷന്‍ അവര്‍ക്കുള്ളതാണ്. ഓരോ അധ്യാപകര്‍ക്കും ഏതൊക്കെ വിദ്യാര്‍ത്ഥികളെയാണ് നല്‍കുന്നതെന്ന കാര്യത്തിലും മറ്റും അവര്‍ കൈകടത്തില്ല. ട്യൂട്ടര്‍വിസ്റ്റ, ഭാരത് ട്യൂട്ടര്‍, ചെഗ്ഗ് തുടങ്ങിയവ ഈ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
രണ്ടാമത്തെ രീതി വെര്‍ച്വല്‍ കോച്ചിംഗ് സെന്ററായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യുകയാണ്. അവര്‍ ഫുള്‍ടൈം, പാര്‍ട് ടൈം ട്യൂട്ടര്‍മാരെ ജോലിക്കെടുത്ത് അവര്‍ക്ക് ശമ്പളം കൊടുക്കുന്ന രീതിയാണ് പിന്തുടരുന്നത്. പാര്‍ട് ടൈം ട്യൂട്ടര്‍മാര്‍ക്ക് അവര്‍ എത്ര ക്ലാസ് എടുക്കുന്നു എന്നതിനെ അനുസരിച്ചാണ് വേതനം നല്‍കുന്നത്. അത് കമ്പനിയായിരിക്കും നിശ്ചയിക്കുന്നത്.
ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കുട്ടികളെ തരുന്നതും സമയം നിശ്ചയിക്കുന്നതും കമ്പനി ആയിരിക്കും. അവരുടെ ഓഫീസില്‍ പോയി ക്ലാസെടുക്കുന്ന രീതിയുമുണ്ട്.
അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ചില എഴുത്തുപരീക്ഷകള്‍, സ്‌ക്രീനിംഗ്, മോക് സെഷനുകള്‍ തുടങ്ങിയവ നടത്താറുണ്ട്. അതില്‍ വിജയിക്കുന്നവര്‍ക്കാണ് പ്രവേശനം കിട്ടുന്നത്. യോഗ്യതയ്ക്കും എക്‌സ്പീരിയന്‍സിനും അനുസരിച്ചാണ് വേതനം ലഭിക്കുന്നത്. പ്രവേശനം ലഭിച്ചുകഴിഞ്ഞാല്‍ വൈറ്റ് ബോര്‍ഡ് ഉപയോഗം, വീഡിയോ കോണ്‍ഫറന്‍സിംഗ് തുടങ്ങിയ സാങ്കേതികകാര്യങ്ങളില്‍ പരിശീലനം നല്‍കും.
എത്ര വേതനം നേടാനാകും?
മണിക്കൂറിനാണ് വേതനം. അനുഭവസമ്പത്തുള്ളവര്‍ക്ക് 500-600 രൂപ വരെ മണിക്കൂറിന് ലഭിക്കും. എങ്കിലും തുടക്കാര്‍ക്ക് മണിക്കൂറിന് 250 രൂപ മുതല്‍ ലഭിക്കും. മാസം 100-150 മണിക്കൂറുകള്‍ വരെ ട്യൂഷനെടുത്ത് 50,000- 75,000 രൂപ വരെ സമ്പാദിക്കുന്നവര്‍ കേരളത്തില്‍ തന്നെ ഏറെയുണ്ട്.
ഇന്ത്യക്ക് പുറത്തുള്ള കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിലൂടെ 15-20 ശതമാനത്തോളം അധികവരുമാനം നേടാന്‍ കഴിയും. chegg.com, amazetutors.com, eduwizards.com തുടങ്ങിയ സൈറ്റുകള്‍ വഴി ഇന്ത്യന്‍ അധ്യാപകര്‍ക്ക് ഓസ്‌ട്രേലിയ, യു.കെ, യു.എസ്.എ, കാനഡ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ലഭിക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine