ദുബായില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു; മലയാളികള്‍ക്ക് തിരിച്ചടിയാകും

Update:2020-02-13 12:27 IST

ഏറ്റവുമധികം പ്രവാസി മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലൊന്നായ ദുബായില്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ കുറയുന്നതായും വിദേശികളുടെ തൊഴില്‍ സാധ്യതകള്‍ കഴിഞ്ഞ ദശകത്തിലെ ഏറ്റവും താഴത്തെ നിലയിലെന്നും റിപ്പോര്‍ട്ട്. ദുബായിലെ ബിസിനസ്സ് വളര്‍ച്ച സ്തംഭിച്ചതാണ് ജോലികളുടെ എണ്ണം കുറയാന്‍ കാരണം. ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 10 വര്‍ഷത്തില്‍ ദുബായിലെ എണ്ണ ഇതര സ്വകാര്യ മേഖലയിലെ പ്രവര്‍ത്തന സ്ഥിതി ജനുവരിയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും മോശമായി. മൊത്തക്കച്ചവടവും ചില്ലറ വില്‍പ്പനയും നിര്‍മ്മാണ മേഖലയും മാറ്റമില്ലാത്ത ഇടിവ് രേഖപ്പെടുത്തിയതായി ഐഎച്ച്എസ് മാര്‍ക്കിറ്റ് റിപ്പോര്‍ട്ട്.

തൊഴിലവസരങ്ങളില്‍ വേഗത്തിലുള്ള ഇടിവ് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ദുബായിലെ തൊഴിലിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കി. എന്നാല്‍ സമീപഭാവിയില്‍ നേട്ടമുണ്ടാകുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുര്‍ബലമായ ഡിമാന്‍ഡിനെത്തുടര്‍ന്ന് കമ്പനികള്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി ആയിരക്കണക്കിന് ജീവനക്കാരെയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. യുഎഇയിലുടനീളം ഇത്തരത്തിലുള്ള പ്രതിസന്ധി വ്യാപകമാണ്. എന്നിരുന്നാലും ദുബായിലെ യാത്രാ, ടൂറിസം വ്യവസായം ജനുവരിയില്‍ 'മിതമായ പുരോഗതി' കാണിച്ചതായും ഐഎച്ച്എസ് മാര്‍ക്കിറ്റ് പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News